അന്‍വറിന്റെ 'ചേലക്കര മോഹം' നടക്കില്ല; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വറിന് കീഴടങ്ങി അഭിമാനക്ഷതമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇല്ല; എങ്കിലും നിലമ്പൂര്‍ എംഎല്‍എയുടെ പിന്തുണ ഉറപ്പിക്കാന്‍ തന്നെ ഉറച്ച് യുഡിഎഫ്; ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പിന്തുണ പ്രധാന ഓഫര്‍; അന്‍വറുമായി പെട്ടെന്ന് അടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചതിന് പിന്നിലെന്ത് ?

ഉപതിരഞ്ഞെടുപ്പ് സഹകരണം സംബന്ധിച്ച് പി.വി അൻവറുമായുള്ള ചർച്ചകൾ തുടരാൻ യു.ഡി.എഫ്  നേതൃത്വത്തിൽ ധാരണ. തുടർനീക്കങ്ങൾക്ക്  നേതൃത്വം വഹിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി

New Update
pv anvar-3

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സഹകരണം സംബന്ധിച്ച് പി.വി അൻവറുമായുള്ള ചർച്ചകൾ തുടരാൻ യു.ഡി.എഫ്  നേതൃത്വത്തിൽ ധാരണ. തുടർനീക്കങ്ങൾക്ക്  നേതൃത്വം വഹിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി.  

Advertisment

ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് സഹകരിക്കുന്നത് സംബന്ധിച്ച് പി.വി. അൻവറുമായി ആദ്യം സംസാരിച്ചതും പ്രതിപക്ഷ നേതാവായിരുന്നു. ടെലിഫോണിലൂടെ നടന്ന ആദ്യഘട്ട ചർച്ചക്ക് ശേഷം  അടുത്ത ഘട്ടത്തിൽ നേരിട്ടാകും ചർച്ചകൾ.


യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച പാലക്കാട് എത്തുന്നുണ്ട്. പി.വി. അൻവറും മണ്ഡലത്തിൽ ഉണ്ടാകും. ഇവിടെവെച്ച് തന്നെ തുടർ ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന.


പ്രതിപക്ഷ നേതാവിന് ഒപ്പം ഘടകകക്ഷി നേതാക്കളും അൻവറുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവുമായി ഫോണിൽ നടത്തിയ  ചർച്ചയിൽ അൻവർ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച് കൊടുക്കാൻ യു.ഡി.എഫിന് പ്രയാസമാകും.

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നതാണ് അൻവറിന്റെ മുഖ്യ ആവശ്യം. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചരണവും തുടങ്ങിയ സാഹചര്യത്തിൽ അൻവർ ഉന്നയിച്ച ആവശ്യം സാധിച്ച് നൽകിയാൽ അത് കോൺഗ്രസിൽ വൻ പൊട്ടിത്തെറി ഉണ്ടാക്കും.


കേവലം ഒരു മാസം മാത്രം പ്രായമുള്ള അൻവറിൻ്റെ പാർട്ടിക്ക് മുന്നിൽ കീഴടങ്ങി സ്വന്തം സ്ഥാനാർഥിയെ പിൻവലിക്കുന്നത് കോൺഗ്രസിന് വലിയ അഭിമാനക്ഷതം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ചേലക്കരയിലെ സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിന്‍വലിക്കണം എന്ന ആവശ്യം യു.ഡി.എഫ് അംഗീകരിക്കില്ല.


പകരം അൻവറിൻ്റെ ഭാവി രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്തുണ നൽകാം എന്നതായിരിക്കും യു.ഡി.എഫിൻ്റെ ഓഫർ. 2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സഹകരിക്കാം എന്നതായിരിക്കും യു.ഡി.എഫ് അൻവറിന് മുന്നിൽ വെയ്ക്കുന്ന സൂത്രവാക്യം.

ഈ ഫോർമുല പി.വി അൻവർ അംഗീകരിച്ചാൽ ഭാവിയിലെ സഹകരണം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് നേതാക്കൾ അൻവറിനെ അറിയിക്കും. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ
 ബിജെപിയെയും സിപിഐഎമ്മിനെയും  ഒരുപോലെ എതിർക്കുന്ന സമീപനമായിരിക്കും രാഷ്ട്രീയ നിലപാട് എന്നും അൻവറിന് ഉറപ്പ് നൽകും.


ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണമെന്ന് പി.വി  അൻവറിനോട് പ്രതിപക്ഷ നേതാവ് ആദ്യ വട്ട ചർച്ചയിൽ തന്നെ അറിയിച്ചിട്ടുമുണ്ട്. മുസ്ലിം ലീഗിൻ്റെ മധ്യസ്ഥതയിലാണ് കോൺഗ്രസ്  അൻവറുമായി ചർച്ച തുടങ്ങിയത്.


മലപ്പുറത്ത് സി.പി.എമ്മിന് കനത്ത വെല്ലുവിളി ഉയർത്തി മുന്നോട്ടു വന്ന അൻവറിനോട് നേരിട്ട് കൈകോർക്കുന്നതിൽ മുസ്ലിം ലീഗിന് തടസമുണ്ട്. ലീഗ് പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് ലീഗിന് മുന്നിൽ പ്രതിബന്ധം തീർക്കുന്നത്. എല്ലാം മറന്ന് നേതൃത്വം അൻവറുമായി ചേർന്നാലും അണികൾക്ക് അത് അത്ര എളുപ്പമാവില്ല.

പാർട്ടിയുടെ താഴെ തട്ടിൽ നിന്ന് വൻതോതിൽ എതിർപ്പ് ഉണ്ടാകും എന്ന തിരിച്ചറിവിലാണ് ലീഗ് അൻവറുമായി നേരിട്ട് ബന്ധപ്പെടാൻ തുടങ്ങിയത്. എന്നാൽ ഒരു പാർട്ടിയായി അൻവർ യു.ഡി.എഫിലേക്ക് വരുന്നതിനോട് എതിർപ്പില്ല. അക്കാര്യം മുന്നണിയുടെ ആകെ കാര്യമാണെന്നും ലീഗിന് അതിൽ ഇടപെടുന്നതിൽ പരിമിതി ഉണ്ടെന്നുമാണ് നേതാക്കളുടെ വാദം.


പാർട്ടി രൂപീകരിച്ച് സ്വതന്ത്രമായി മുന്നോട്ട് പോകുന്നതിനിടെ ലീഗ് നീട്ടിയ സഹായ ഹസ്തം പി.വി. അൻവർ തള്ളിക്കളയുന്നില്ല. മുന്നണികളുടെ മേധാവിത്വം നിലനിൽക്കുന്ന കേരള രാഷ്ട്രീയത്തിൽ ഏതെങ്കിലും ഒരു മുന്നണിയുടെ സഹായം അനിവാര്യമാണെന്ന് അൻവറും തിരിച്ചറിയുന്നുണ്ട്.


യു.ഡി.എഫുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത് മുസ്ലിം ലീഗ് ആണോ എന്ന് ചോദ്യത്തിന് മറുപടി പറയാൻ അൻവർ തയാറായില്ല. മറുപടി ചിരിയിൽ ഒതുക്കി ഒഴിഞ്ഞു മാറുകയാണ്  അൻവർ ചെയ്തത്. എന്നാൽ  ഡി.എം.കെ സ്ഥാനാർഥികളെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർത്ഥിച്ച  വിവരം പി.വി അൻവർ സ്ഥിരീകരിച്ചു.

ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥാനാർത്ഥികളെ പിൻവലിക്കൽ തത്കാലം ആലോചനയിൽ ഇല്ലെന്നും അൻവർ വ്യക്തമാക്കി. വലതു മുന്നണിയുമായുളള ചർച്ചകൾ തുടരുകയാണെന്നും അൻവർ അറിയിച്ചു.


ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പി.വി. അൻവറിൻ്റെ പാർട്ടിയുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയത് പല സംശയങ്ങൾക്കും വഴി വെച്ചിട്ടുണ്ട്. പ്രധാന പാർട്ടികളിലെ നേതാക്കൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് ആരോപിച്ച അൻവറുമായി പെട്ടെന്ന് അടുക്കാൻ യു.ഡി എഫിനെ പ്രേരിപ്പിച്ചത് എന്താണ് എന്നതാണ്  സംശയം ഉയർത്തുന്നത്.


മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ ആരോപണം ഉന്നയിച്ച് സി.പി.എം കൂടാരം വിട്ട പി.വി അൻവറിൻ്റെ നീക്കൾക്ക് പിന്നിൽ യു.ഡി.എഫിൻ്റെ പിന്തുണ ഉണ്ടോയെന്ന് അന്നേ സംശയം ഉയർന്നിരുന്നതാണ്

സി.പി.എം നേതൃത്വം അത് ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച എം.എൽ.എയാണ് അൻവർ. അതേ അൻവറുമായി ചർച്ച നടത്താൻ സതീശൻ തന്നെ മുൻകൈ എടുത്തതും രാഷ്ട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisment