/sathyam/media/media_files/2024/10/23/VrxfyxbDfDiYmn7IOrRs.jpg)
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ച പി വി അൻവർ എംഎൽഎയുടെ തീരുമാനത്തെ പരിഹസിച്ച് സി.പി.എം. അൻവറിന്റെ പ്രസ്താവനകളെ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നും അൻവർ പറയുന്നതും ചെയ്യുന്നതും മറുപടി അർഹിക്കുന്ന കാര്യമല്ലെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്നതോടെ അൻവർ തരംതാണതായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പ്രതികരിച്ചു. റോഡ് ഷോയ്ക്ക് ശേഷം സ്ഥാനാർഥിയെ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിയതിനെയും സി.പി.എം പരിഹസിച്ചു.
റോഡ് ഷോ നടത്തുന്നത് സ്ഥാനാർഥിയെ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്താനാണ്. എന്നാൽ അൻവർ റോഡ് ഷോ നടത്തിയത് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് പ്രഖ്യാപിക്കാനാണ്. ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ് ഇതെന്നും സിപിഎം ജില്ലാ സെക്രട്ടറി പരിഹസിച്ചു.
പച്ചയായ വിലപേശൽ രാഷ്ട്രീയമാണ് പി വി അൻവർ പയറ്റുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. എവിടെ നിന്നും എന്തെങ്കിലും ഒക്കെ കിട്ടുമോയെന്ന് നോക്കുകയാണ് അൻവർ ചെയ്യുന്നത്. ഗതികിട്ടാതെ തെരുവിൽ അലഞ്ഞു കൊണ്ടിരിക്കുന്ന അൻവർ
ഏതെങ്കിലും മുന്നണിയിൽ ഇടം കിട്ടുമോയെന്നു പരിശ്രമിക്കുകയാണ്.
ഇടതുപക്ഷം വിട്ടതോടെ തെക്ക് വടക്ക് നടക്കേണ്ടുന്ന ഗതികേടിലേക്ക് അൻവർ മാറി. സിനിമ ചിത്രീകരണത്തിന് ജൂനിയർ ആർട്ടിസ്റ്റുകളായി പോകുന്ന പാവങ്ങളെ കൊണ്ടു വന്നാണ് റോഡ് ഷോ നടത്തിയത്. ഈ പൊറാട്ട് നാടകം നടത്തി സ്ഥലം വിടുകയാണ് അൻവർ ചെയ്തതെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു വിമർശിച്ചു.
പി വി അൻവറോ, അദ്ദേഹത്തിൻറെ നിലപാടോ ചർച്ച ചെയ്യപ്പെടേണ്ട കാര്യമേയല്ല. അൻവർ സ്ഥാനാർഥിയെ പിൻവലിച്ചത് കൊണ്ടു കോൺഗ്രസിന് ഒരു നേട്ടവും ഉണ്ടാകില്ല. റോഡ് ഷോയിൽ പങ്കെടുത്ത ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒന്നും പാലക്കാട് മണ്ഡലത്തിൽ വോട്ടില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പരിഹസിച്ചു.
അൻവറിന്റെ റോഡ് ഷോയിൽ വാടകയ്ക്ക് എടുത്ത ആളുകളാണ് പങ്കെടുത്തതെന്ന വിമർശനം സംസ്ഥാന നേതൃത്വവും ഏറ്റെടുത്തിട്ടുണ്ട്. പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.
മാനേജർ വിളിച്ചിട്ട് വന്നതാണ് എന്നാണ് റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകൾ പറഞ്ഞതെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ചാനലുകളിൽ വന്ന പ്രതികരണങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു ഗോവിന്ദന്റെ പരിഹാസം. കോൺഗ്രസിൽ നിന്ന് കാലുമാറി വന്ന ഡോ പി സരിനെ സ്ഥാനാർത്ഥി ആക്കിയതിനെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു.
കോൺഗ്രസ് പാളയത്തിൽ നിന്ന് ചേക്കേറിയ സരിനെ സ്ഥാനാർഥിയാക്കിയത് അടവ് നയം ആണെന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ ന്യായീകരണം.
"കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചവരെ പാർട്ടി കൂടെ കൂട്ടിയിട്ടുണ്ട്. അങ്ങനെയാണ് കെ .കരുണാകരനെയും എ.കെ ആന്റണിയേയും കൂടെ നിർത്തിയത്. സരിനെ സ്വീകരിച്ചത് പരീക്ഷണo ഒന്നുമല്ല. സരിനെ സ്ഥാനാർത്ഥിയാക്കിയത് രാഷ്ട്രീയ അടവ് നയമാണ്.
ജനകീയ അടിത്തറ വിപുലപ്പെടുത്താൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമാണ് ഇത്തരം ഇടപെടലുകളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഉപാധികൾ ഇല്ലാതെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള അന്‍വറിന്റെ തീരുമാനം ഇടത് കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. സർക്കാരിനെതിരെ പ്രചാരണം അഴിച്ചുവിടുന്ന അൻവറിന് ജനങ്ങൾക്കിടയിൽ ചെറിയതോതിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സി.പി.എം കരുതുന്നു.
ഇത്തരക്കാരുടെയും പിന്തുണ അൻവർ വഴി യുഡിഎഫിന്റെ വോട്ട് ഓഹരിയിലേക്ക് പോകും എന്നാണ് ആശങ്ക. ഇത് പരിഹരിക്കുന്നതിന് എന്ത് മാർഗം അവലംബിക്കണം എന്നത് വൈകാതെ ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ചില സംഘടനകൾ അൻവറിനെ ആയുധമാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായും സിപിഎമ്മിന് സംശയമുണ്ട്.