മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പരാതിയില്‍ ലൈംഗിക പീഡന ആരോപണത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ.
പരാതിയിലെ ചില കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. പാര്‍ട്ടിക്ക് വളരെ സ്വകാര്യമായി നല്‍കിയ പരാതിയാണിതെന്നും താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
പരാതി കൊടുത്തതിന് ശേഷം ചില നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. പി ശശിക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ആ പരാതി പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്നതല്ലെന്നും അന്‍വര്‍ പറഞ്ഞു.
പി ശശിയെ മാറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. താന്‍ കൊടുത്ത പരാതികളിലെ ഏറ്റവും ഗൗരവം കുറഞ്ഞ വിഷയമാണിത്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തനിക്ക് മാനസിക പ്രയാസങ്ങള്‍ നല്‍കുന്നതാണ്.
ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് കരുതിയില്ല.പരാതിയിലെ കാര്യങ്ങള്‍ പുറത്തുപറയുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.