തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയോടൊ പാര്‍ട്ടിയോടോ പച്ചക്കൊടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി വി അന്‍വര്‍. എന്റെ രീതിയല്ല അത്. വിഷയം സമൂഹത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും കാണണമെന്ന് തന്നെയായിരുന്നു നിലപാടെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇടിഞ്ഞു. അതിന് കാരണം പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളാണ്. പൊലീസ് പാര്‍ട്ടിയെ തളര്‍ത്തിക്കളഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ത്തിയതും പൊലീസാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ സര്‍ക്കാരിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമം.
പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്‌കാരം വളര്‍ത്തിയെടുത്തു എഡിജിപി. മന്ത്രിമാരെ പോലും ഗൗനിക്കാത്തവരായി ചില ഉദ്യോഗസ്ഥര്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞു.
വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാവപ്പെട്ട ജനങ്ങളുടെയും വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു.ഇത് അന്തസ്സുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്.
ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നല്‍കിയാല്‍ അദ്ദേഹത്തിന് കീഴിലുള്ള അദ്ധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ.
ഞാന്‍ പരാതി നല്‍കിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. അതിന് നടപടിക്രമങ്ങളുണ്ട്. ഹെഡ്മാസ്റ്ററെ കുറിച്ച് പ്യൂണ്‍ അന്വേഷിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഈ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടാകും.
തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ.
താന്‍ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാര്‍ട്ടിയാണ്. അന്തസ്സുള്ള ഗവണ്‍മെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്ന് നിലമ്പൂര്‍ എംഎല്‍എ പറയുന്നു.
മുഖ്യമന്ത്രി എങ്ങനെയാണ് മുഖ്യമന്ത്രി ആയത്... പാര്‍ട്ടി അല്ലേ ആക്കിയത്. അല്ലാതെ അദ്ദേഹം വീട്ടില്‍ നിന്ന് വന്ന് ആയതല്ലല്ലോ. അപ്പോള്‍ ആരോടാ കമ്മിറ്റ്മെന്റ് ഉണ്ടാവുക. എനിക്ക് മുഖ്യമന്ത്രിയോടും കമ്മിന്റ്മെന്റ് ഉണ്ട് പാര്‍ട്ടിയോടും ഉണ്ട്.
പിവി അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മുന്നിലേ കീഴടങ്ങൂ. നിങ്ങളാര് വിചാരിച്ചാലും തന്നെ കീഴടക്കാന്‍ സാധിക്കില്ല. വിപ്ലവം ഉണ്ടാകുന്നത് ജനകീയ മുന്നേറ്റത്തിലാണെന്ന് പിവി അന്‍വര്‍ പറഞ്ഞു.