തിരുവനന്തപുരം: സ.പി.എം സ്വതന്ത്രന്റെ പരിവേഷം അഴിച്ചുവെച്ച പി.വി അന്‍വര്‍ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍. നിലമ്പൂര്‍ എം.എല്‍.എ കൂടിയായ അദ്ദേഹം മറ്റ് പാര്‍ട്ടികളുമായി സഹകരണത്തിന് ശ്രമിച്ചിട്ടും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
പി.വി അന്‍വര്‍ പൊലീസ് ഉന്നതര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആരോപണങ്ങളും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിശോധിക്കാന്‍ സി.പി.എം തുനിഞ്ഞിട്ടുമില്ല.
സി.പി.എം സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് അന്‍വര്‍ പൊലീസ് ഉന്നര്‍ക്കെതിരെ രംഗത്ത് വന്നത്. മലപ്പുറം എസ്.പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചാണ് അന്‍വര്‍ മലപ്പുറം എസ്.പിയെ കടന്നാക്രമിച്ചത്
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.ഡി.ജി.പിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും വിമര്‍ശിക്കുകയും അവര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് അന്‍വര്‍ സി.പി.എം സ്വതന്ത്രനെന്ന പരിവേഷം അഴിച്ചുവെയ്ക്കുന്നത്. കണ്ണൂരിലെ മുതിര്‍ന്ന സി.പി.എം നേതാവിന് അന്‍വറുമായി ബന്ധമുണ്ടെന്ന വാദവും ഉയര്‍ന്നിരുന്നു.
സി.പി.എമ്മിലെ ഒരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സി.പിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും അദ്ദേഹത്തെ കൈവിട്ടു.
അന്‍വര്‍ ഡി.എം.കെ (ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള) എന്നപേരില്‍ രൂപീകരിച്ച രാഷ്ട്രീയ സംവിധാനവും ഏറെ നീണ്ടു നിന്നില്ല. തമിഴ്നാട്ടിലെ ഡി.എം.കെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കം സി.പി.എമ്മും മുഖ്യമന്ത്രി ഇടപെട്ട് പൊളിക്കുകയും ചെയ്തു
പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ ഇറക്കി മത്സരിപ്പിച്ചതോടെ യു.ഡി.എഫിലുള്ള എതിര്‍പ്പും പതിന്മടങ്ങായി വര്‍ധിച്ചു. മുമ്പ് രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന ആരോപണവും തള്ളാന്‍ അന്‍വര്‍ തയ്യാറായിരുന്നില്ല.
ഇതിനിടെ ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കം വിവിധ പാര്‍ട്ടികളുമായി അദ്ദേഹം ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്ത അദ്ദേഹവും തള്ളിക്കളഞ്ഞു.
അതിനിടെ വനനിയമ ഭേദഗതിക്കെതിരായ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര വയനാട് ഡി.സി.സി അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യുമെന്നും ചില ലീഗ് നേതാക്കള്‍ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ സംസാരിക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നതോടെ അന്‍വര്‍ യുഡിഎഫിനോട് വീണ്ടും അടുക്കുന്നതായുള്ള സൂചനകളാണ് ലഭ്യമായത്.
എന്നാല്‍ യാത്രയില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കരുതെന്ന് കെപി.സി.സിയും യു.ഡി.എഫും കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ആ നീക്കവും പൊളിഞ്ഞു.
അന്‍വറിന്റെ തകര്‍ച്ച സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ പെട്ട്
പി.വി അന്‍വറിന്റെ തകര്‍ച്ച തുടങ്ങിയത് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തിലെ വന്‍ചുഴികളില്‍ പെട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. പിണറായി വിജയനോട് പണ്ട് മുതല്‍ ഏറെ അടുപ്പമുള്ള അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ നീക്കം പാളിയതോടെയാണ് അന്‍വര്‍ തകര്‍ന്നടിഞ്ഞത്
ഇതിന് പുറമേ മുഖ്യമന്ത്രിക്കും ശശിക്കും ഏറെ വിശ്വസ്തനായ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കൂടി വഹിക്കുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെയും അദ്ദേഹം ശത്രുപക്ഷത്ത് നിര്‍ത്തി.
ഇവര്‍ക്കെതിരായ ആരോപണത്തിന്റെ സംശയ നിഴലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പിണറായി വിജയനിലേക്കും നീണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടു.
പി.ശശിക്കെതിരായ കുറ്റാരോപണവുമായി അന്‍വര്‍ മുഖ്യമന്ത്രിയെ കണ്ടെങ്കിലും പിണറായി വിജയന്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പത്രസമ്മേളനങ്ങളിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളുടെ കെട്ടഴിച്ച് അദ്ദേഹം സര്‍ക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിച്ചത്.
സ്വര്‍ണ്ണക്കടത്തിലുള്ള പൊലീസ് ബന്ധം, സ്വര്‍ണ്ണം പൊട്ടിക്കല്‍, ഡാന്‍സാഫിന്റെ വഴിവിട്ട ഇടപെടല്‍ എന്നിവയ്ക്ക് പിന്നില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്നത് പി.ശശിയാണെന്നും അന്‍വര്‍ ആരോപിച്ചത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എല്‍.ഡി.എഫ് മുന്നണിക്കും സി.പി.എമ്മിനും രാഷ്ട്രീയമായി ക്ഷീണം ചെയ്തു
തുടര്‍ന്ന് എഴുതി നല്‍കിയാല്‍ പാര്‍ട്ടി ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതോടെ ഇവ എഴുതിയും നല്‍കി.
എന്നാല്‍ ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് എ.ഡി.ജി.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി അദ്ദേഹം രംഗത്ത് വരികയായിരുന്നു.
പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഴുവന്‍ ആരോപണങ്ങളും ഏതാണ്ട് ചര്‍ച്ചയായെങ്കിലും പിന്നീട് ഒരു ഘടകത്തിലും അന്‍വറിന്റെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അത് പൂര്‍ണ്ണമായും മൂടിവെയ്ക്കപ്പെട്ടു
അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവരുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് അന്‍വര്‍ ഇറങ്ങിത്തിരിച്ചതെന്നും ചില വാര്‍ത്തകള്‍ ഉണ്ടായെങ്കിലും ആരും സംരക്ഷിക്കാനില്ലാതെ അദ്ദേഹം സി.പി.എമ്മില്‍ നിന്നും നിഷ്‌കാസിതനാവുകയായിരുന്നു.