തിരുവനന്തപുരം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസില്‍ പ്രതിഷേധിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെ രായ്ക്കുരാമാനം വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി സര്‍ക്കാരിനും ഭരണമുന്നണിക്കും ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചതെന്ന് വിലയിരുത്തല്‍.
തിടുക്കത്തില്‍ അറസ്റ്റ് നടന്നാല്‍ അത് തിരിച്ചടിയാവുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യത്തെ വിലയിരുത്തല്‍.
മലയോര ജില്ലകളില്‍ ഏറെ സ്വാധീനമുണ്ടാക്കുന്ന കാട്ടാന ആക്രമണ പ്രശ്‌നം അന്‍വര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വ്വം തിരഞ്ഞെടുത്തതാണെന്ന് ഇന്റലിജന്‍സ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു
എന്നാല്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ പിടിവാശിയിലാണ് രാത്രിതന്നെ വീടുവളഞ്ഞുള്ള അറസ്റ്റിന് കളമൊരുങ്ങിയത്.
ഞായറാഴ്ച അവധിദിവസം പൂട്ടിയിട്ടിരുന്ന നോര്‍ത്ത് ഡി.എഫ്.ഒ ഓഫീസിന്റെ താഴ് തകര്‍ത്ത് അകത്ത് കടന്ന് അതിക്രമം കാട്ടിയ കേസില്‍ അന്‍വറിന്റെ അറസ്റ്റിന് വനം ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമായിരുന്നു.
വനം മേധാവി തന്നെ മന്ത്രിയെ കണ്ട് അറസ്റ്റ് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു. അല്ലെങ്കില്‍ രാപകല്‍ കാട്ടില്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും അറിയിച്ചു. എന്നാല്‍ അറസ്റ്റ് കരുതലോടെ മതിയെന്ന നിലപാടിലായിരുന്നു പോലീസ് നേതൃത്വം
ഇക്കാര്യമറിഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഫോണില്‍ വിളിച്ച് അറസ്റ്റ് വേണമെന്ന നിലപാട് ആവര്‍ത്തിച്ചു. രാഷ്ട്രീയ ലാഭം നോട്ടമിട്ടാണ് അന്‍വറിന്റെ നീക്കമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ശശീന്ദ്രനെ അറിയിച്ചിട്ടും അദ്ദേഹം നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല.
അടച്ചിട്ടിരുന്ന ഓഫീസ് തകര്‍ത്ത് ആക്രമണം നടത്തിയ കേസില്‍ ജനപ്രതിനിധിയായതുകൊണ്ട് ഒരു ഇളവും നല്‍കേണ്ടെന്നായിരുന്നു വനംമന്ത്രിയുടെ നിലപാട്.
അറസ്റ്റടക്കം കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ തെറ്റായ സന്ദേശമാവും സമൂഹത്തിന് നല്‍കുകയെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ, മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് അറസ്റ്റിന് നിര്‍ദ്ദേശിച്ചു.
ഇതോടെയാണ് അന്‍വറിനെതിരേ തിടുക്കത്തില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആറെടുത്തതും വീടുവളഞ്ഞ് പാതിരാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്തതും. പി.വി. അന്‍വര്‍ എം.എല്‍.എയുടെ അറസ്റ്റ് ഇന്നലെയാണ് പൊലീസ് സ്പീക്കറെ അറിയിച്ചത്
നിയമസഭ സമ്മേളിക്കുന്ന സമയമല്ലാത്തതിനാല്‍ എം.എല്‍.എയുടെ അറസ്റ്റ് 24 മണിക്കൂറിനകം സ്പീക്കറെ അറിയിച്ചാല്‍ മതി. മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തതാണ്.
എന്നാല്‍ പാതിരാത്രി വീടുവളഞ്ഞുള്ള അറസ്റ്റോടെയും ജയില്‍വാസത്തോടെയും അന്‍വറിന് രക്തസാക്ഷി പരിവേഷം ലഭിച്ചു.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തില്‍ ചലനമുണ്ടാക്കിയ അന്‍വറിനെ പിന്തുണയ്ക്കാതിരിക്കാന്‍ യുഡിഎഫിന് മാര്‍ഗമില്ലാതായി. കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി അന്‍വറിന് പിന്തുണ അറിയിച്ചു.
ഇന്ന് പാണക്കാട്ടെത്തി അന്‍വര്‍ തങ്ങളെ കണ്ടതോടെ യുഡിഎഫ് പ്രവേശനം ഉറപ്പായിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അദ്ദേഹം ഉടനെ സന്ദര്‍ശിക്കും.
നിലമ്പൂരില്‍ ഒരുവട്ടം കൂടി ജയിക്കാന്‍ വഴിതേടി അലഞ്ഞ അന്‍വറിന് അങ്ങനെ പിണറായി പോലീസിന്റെ പാതിരാ അറസ്റ്റ് ശോഭനമായ രാഷ്ട്രീയ ഭാവി തുറന്നിട്ടു കൊടുത്തു. ഇതില്‍ വനംമന്ത്രിക്കെതിരെ എല്‍ ഡി എഫില്‍ കടുത്ത അമര്‍ഷം പുകയുകയാണ്
നിലമ്പൂരില്‍ മാത്രമല്ല, മലബാറില്‍ ഒന്നാകെ കാട്ടാന ശല്യവും തുടര്‍ച്ചയായ ആക്രമണങ്ങളും ആയുധമാക്കി ജയിച്ചുകയറാന്‍ യു.ഡി.എഫിനും ഇതിലൂടെ വഴിയൊരുങ്ങിയിരിക്കുകയാണ്.
വന്യജീവി ആക്രമണത്തിനെതിരായ അന്‍വറിന്റെ ജനകീയ സമരം ഇനി യുഡിഎഫ് ഏറ്റെടുക്കുമെന്നാണ് സൂചന.