/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അൻവറിന്റെ ഭീഷണി തള്ളി കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയതോടെ പെരുവഴിയിലായ പി.വി അൻവർ യു.ഡി.എഫിൽ ഘടകകക്ഷിയാവാൻ കൊണ്ടുപിടിച്ച സമ്മർദ്ദം തുടരുന്നു.
മുന്നണിയിൽ തന്നെ ഉൾപ്പെടുത്തിയില്ലെങ്കിൽ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അൻവറിന്റെ പുതിയ ഭീഷണി. ഇത് സംബന്ധിച്ച് യു.ഡി.എഫിലെ ഘടകകക്ഷികളുമായി ചർച്ച നടക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ നിന്നും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മാത്രമല്ല അൻവർ ഉയർത്തുന്ന ഭീഷണി പുച്ഛത്തോടെ തള്ളിക്കളയാനാണ് കോൺഗ്രസിനും യു.ഡി.എഫിനും താൽപര്യമുള്ളത്. യു.ഡി.എഫ് ഈ ആവശ്യം നിരാകരിച്ചാൽ രാഷ്ട്രീയമായി മുന്നോട്ട് പോകാൻ അൻവറിന് കഴിഞ്ഞേക്കില്ല.
നിലവിൽ അൻവറിന് മുമ്പിൽ ചുരുക്കം സാദ്ധ്യകളാണുള്ളത്. യു.ഡി.എഫുമായും കോൺഗ്രസുമായും നിരുപാധികം സഹകരിച്ച് മുന്നോട്ട് പോകുകയെന്നുള്ളതാണ് അതിൽ ഒന്നാമത്തേത്.
എന്നാൽ ഇന്നലെ പര്യസമായി യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്നത് യു.ഡി.എഫിനെയും കോൺഗ്രസ് നേതൃത്വത്തെയും ഒരേ പോലെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാൽ അവർ അൻവറുമായി കരുതലോടെയേ സംസാരിക്കുകയുള്ളൂ.
അതിനിടെ, ലീഗുമായി അൻവർ ആശയവിനിമയം തുടരുകയാണ്. എന്നാൽ മുസ്ലീം ലീഗിനും അൻവറിനെ ഉൾക്കൊള്ളാൻ താൽപര്യമില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ യു.ഡി.എഫിൽ ഘടകകക്ഷിയാവാനുള്ള ചർച്ചകൾ ഊർജ്ജിതപ്പെടുത്താമെന്ന ധാരണയാണ് ലീഗ് നൽകുന്നത്.
യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുമായി ആശയവിനിമയത്തിനും അൻവർ ശ്രമിക്കുന്നുണ്ട്. ഘടകകക്ഷികൾ വഴി കോൺഗ്രസിൽ സമ്മർദ്ദം ചെലുത്താമെന്നാണ് അൻവറിന്റെ കണക്ക് കൂട്ടൽ.
ഇതുണ്ടായില്ലെങ്കിൽ ആത്മഹത്യാപരമായ നീക്കത്തിനാവും അൻവർ തയ്യാറെടുക്കുക.
അൻവർ മത്സരിക്കുമെന്ന് മാത്രമല്ല മുസ്ലീം സമുദായത്തിൽ നിന്നും ഒന്നിലധികം പ്രാദേശിക സ്ഥാനാർത്ഥികളെ രംഗത്തിറക്കി വോട്ട് വിഭജിപ്പിക്കാനുള്ള നീക്കവും അൻവർ നടത്തിയേക്കും.
മലയോര മേഖലയിലെ വോട്ട് ഭിന്നിപ്പിക്കാൻ അവിടെ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളെ എതിർക്കുകയും ബി.ജെ.പിക്ക് ഇടമുണ്ടാക്കുകയും ചെയ്യുകയെന്നതാവും അൻവർ ശ്രമിക്കുക.
സംസ്ഥാനത്ത് ക്രൈസ്തവ മേഖലയിൽ കടന്നുകയറാൻ അരയും തലയും മുറുക്കിയ ബി.ജെ.പിയെ ക്രൈസ്തവ കേന്ദ്രങ്ങളോട് അടുപ്പിച്ച് അവിടെ യു.ഡി.എഫിന് കിട്ടുന്ന വോട്ടുകളിൽ കുറവ് വരുത്തുകയെന്നതാവും അൻവർ സ്വീകരിക്കുന്ന മറ്റൊരു വഴി.
ഫലത്തിൽ ഏത് വഴി സ്വീകരിച്ചാലും അൻവറിന്റെ ശത്രുപക്ഷത്തുള്ളവർ ജയിക്കുമെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ പരമാവധി പ്രകോപിപ്പിക്കുമെങ്കിലും യു.ഡി.എഫിനൊപ്പം ചേർന്ന് നിൽക്കാതെ പിണറായിയെ ഫലപ്രദമായി എതിർക്കാനാവില്ലെന്ന കാര്യം അൻവറിന് കൃത്യമായി അറിയാം.
ഇതിനുള്ള അവസാനവട്ട ശ്രമങ്ങൾ വിജയിക്കുമെന്ന ശുഭാപതി വിശ്വാസത്തിലാണ് ഇപ്പോൾ അൻവറിന്റെ ക്യാമ്പുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us