മലപ്പുറം: കേരള രാഷ്ട്രീയത്തില്‍ ഈ അടുത്ത കാലത്തായി നടുക്കടലില്‍ അകപ്പെട്ട അവസ്ഥയില്‍ ഒരാള്‍ പെട്ടു പോയിട്ടുണ്ടെങ്കില്‍ അത് പി വി അന്‍വര്‍ ആണെന്ന അഭിപ്രായം നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സജീവമാവുന്നു.
സമയവും സമ്പത്തും താന്‍പോരിമയും ഇറക്കി വിലപേശല്‍ രാഷ്ട്രീയത്തിന്റെ നാലാം കിട കളികളാണ് സിപിഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം അന്‍വറില്‍ നിന്ന് ഉണ്ടാവുന്നതെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.
'പിണറായിസ'ത്തെ തകര്‍ക്കാന്‍ പുറപ്പെട്ട് അങ്കം കുറിച്ച അന്‍വര്‍ ഓരോ ദിവസവും കാലിടറി രാഷ്ട്രീയമായി സ്വയം തകര്‍ന്നു കൊണ്ടിരിക്കുന്നു.
/sathyam/media/media_files/2025/01/15/HRFPH9ClmPUPTJMXTivm.jpg)
പിണറായിക്കും സിപിഎമ്മിനും വേണ്ടി സൈബറിടത്തിലടക്കം പട പൊരുതിയ അന്‍വര്‍ ഒടുവില്‍ ആ പാളയം വിട്ട് പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് താല്പര്യമുദിച്ചു.
പക്ഷെ അന്‍വറിന്റെ താല്പര്യങ്ങള്‍ മറ്റു പലതുമായി. നിലമ്പൂരില്‍ ഉപ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണം എന്ന് മുന്‍കൂട്ടി ആവശ്യപ്പെട്ടതോടെ രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന് -അന്‍വറിന്റെ അപക്വമായ രാഷ്ട്രീയ സമീപനം വെളിപ്പെട്ടു. രണ്ട് -പേരെടുത്തു പറഞ്ഞുള്ള അത്തരമൊരു ആവശ്യം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തത് കോണ്‍ഗ്രസ്സിലെ യുവ മുഖമായ വി എസ് ജോയിക്ക് തന്നെ.
യഥാര്‍ത്ഥത്തില്‍ വി എസ് ജോയിയോട് അന്‍വര്‍ ചെയ്ത ദ്രോഹമായിരുന്നു അത്തരമൊരു ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥി ആക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്‍വറിന്റെ അപക്വ രാഷ്ട്രീയം അങ്ങേയറ്റം വ്യക്തമാവുന്ന അവസ്ഥയായി.
എവിടെ നില്‍ക്കണം, എങ്ങനെ നീങ്ങണം എന്നറിയാതെ ദിശ തെറ്റിയ വഞ്ചി കണക്കെ അന്‍വര്‍ ആടിയുലഞ്ഞു. അവസാനമെത്തിയത് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍. അന്‍വറിന്റെ ആവശ്യം ദൂരെ കളഞ്ഞുകൊണ്ട് ഷൗക്കത്തിനെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. വിഡി സതീശന്റെ നിലപാടിന് വമ്പന്‍ സ്വീകാര്യതയാണ് പാര്‍ട്ടിക്കകത്ത് ലഭിച്ചത്.
/sathyam/media/media_files/2025/04/04/uhnkQxRkVnFGyv14yDuc.jpg)
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് പറഞ്ഞ ' കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുത് ' എന്ന സ്വന്തം വാചകത്തിലുണ്ട് അന്‍വര്‍ എത്തിപ്പെട്ട ദുരവസ്ഥയുടെ ചിത്രം.
അത് അന്‍വറിന്റെ ഗതികേടിന്റെ തെളിവായും വിലയിരുത്തപ്പെട്ടു. ഷൗക്കത്തിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ തന്റെ വിലപേശല്‍ ശേഷി ചോര്‍ന്നു എന്നു മനസ്സിലാക്കാനും അന്‍വറിന് സാധിച്ചില്ല.
യു ഡി എഫിനെ അവരുടെ വേദിയില്‍ ചെന്ന് കോലിട്ടിളക്കാന്‍ നോക്കി, പിന്നീട് അതെ മുന്നണിയില്‍ തനിക് പ്രവേശനം വേണമെന്ന് ആവശ്യപെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അന്‍വര്‍ വിഡ്ഢി വേഷം കെട്ടുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമാവുന്നത്.
അതേസമയം പിണറായിയെ തകര്‍ക്കാന്‍ പുറപ്പെട്ട് ഇപ്പോള്‍ സ്വയം തകര്‍ന്നു കൊണ്ടിരിക്കുന്ന അന്‍വറിന്റെ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കുന്നത് സിപിഎമ്മാണ്.