മത്സരത്തിന് അൻവറും. നിലമ്പൂരിൽ സ്ഥാനാർത്ഥികൾ നാല്. കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായി മണ്ഡലം. ബി.ജെ.പിയും അൻവറും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ യു.ഡി.എഫ്. സ്വരാജിനും കടുത്ത മത്സരം

വിജയത്തിൽ കുറഞ്ഞ് ഒന്നും ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു വിഭാഗം നേതാക്കൾക്ക് എം.സ്വരാജിനോട് പ്രതിപത്തിയില്ലാത്തതും സി.പി.എമ്മിനെ അലട്ടുന്നുണ്ട്.

New Update
pv anwar swaraj aryadan

മലപ്പുറം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്വാട്ടർ ഫൈനലായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പി.വി അൻവർ കൂടി മത്സരത്തിനറങ്ങിയതോടെ മണ്ഡലത്തിൽ പ്രചാരണം കൊഴുക്കും.

Advertisment

യു.ഡി.എഫുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് അൻവർ കളത്തിലിറങ്ങുമ്പോൾ മുൻ കേ രളകോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജിനെ ബി.ജെ.പിയും രംഗത്തിറക്കിയിട്ടുണ്ട്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് അൻവറും ബി.ജെ.പിയും സി.പി.എമ്മും പ്രചാരണ നീക്കം നടത്തുമ്പോൾ ഇടത് സർക്കാരിനെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ യു.ഡി.എഫ് നീക്കമാരംഭിച്ചു. 


മണ്ഡലത്തിൽ രണ്ടാം തവണ പോരാട്ടത്തിനിറങ്ങിയ ആര്യാടൻ ഷൗക്കത്ത് ഒരുതവണ പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. ഷൗക്കത്തിനെ മുസ്ലീം വിരുദ്ധനാക്കി ഒറ്റപ്പെടുത്തി ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന അൻവർ പരാജയം രുചിക്കുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്.

ഇതിനിടെ മലയോര മേഖലയിൽ നിന്നും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയ ബി.ജെ.പി ഇത്തവണ ഹിന്ദു വോട്ടുകൾക്ക് പകരം ക്രൈസ്തവ വോട്ടുകളിലാണ് കണ്ണ് നട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൈസ്ത വിഭാഗത്തിലുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതെന്നും കരുതപ്പെടുന്നു.

നിലവിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പകരം മറ്റ് കാര്യങ്ങൾ ചർച്ചയാക്കാനാണ് സി.പി.എമ്മും പി.വി അൻവറും ശ്രമിക്കുന്നത്. അതുവഴി സർക്കാർ വികാരം മറികടക്കാമെന്നാണ് അവർ കരുതുന്നത്.


സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.സ്വരാജിന് കടുത്ത മത്സരമാണ് മുന്നിലുള്ളത്. സ്വരാജിനെ തീരുമാനിക്കും മുമ്പ് സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം കാണിച്ച വിനയാണ് അവർക്ക് ആദ്യഘട്ടത്തിൽ തിരിച്ചടിയാവുന്നത്.


സ്വരാജാണ് സി.പി.എമ്മിന്റെ മനസിലുള്ളതെങ്കിൽ എന്തിനാണ് പൊതുസമ്മതരെ തിരഞ്ഞിറങ്ങിയതെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.

വിജയത്തിൽ കുറഞ്ഞ് ഒന്നും ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു വിഭാഗം നേതാക്കൾക്ക് എം.സ്വരാജിനോട് പ്രതിപത്തിയില്ലാത്തതും സി.പി.എമ്മിനെ അലട്ടുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പിലെ മത്സരഫലം പി.വി അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കപ്പെടുന്ന ഒന്നായിരിക്കും. പിണറായിസത്തിനെതിരെ പോരാട്ടത്തിനിറങ്ങുമെന്ന് പറയുന്ന അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണ് നിലവിൽ മത്സരിക്കുന്നതെന്ന ആക്ഷേപവും യു.ഡി.എഫ് ഉയർത്തുന്നു.

Advertisment