നിലമ്പൂർ : ആറാം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന നിലയിൽ സമർപ്പിച്ച നാമനിർദ്ദേശപത്രിക തിരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിന് പിന്നിൽ അൻവറിന്റെ കള്ളക്കളിയെന്ന് സംശയം. പത്രിക സമർപ്പിച്ചപ്പോഴുണ്ടായ പിഴവാണ് ഇത് തള്ളാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ രണ്ട് സെറ്റ് പത്രികയാണ് അൻവർ സമർപ്പിച്ചത്.
തൃണമൂൾ കോൺഗ്രസ് സ്ഥാനാർത്ഥിയായും സ്വതന്ത്രസ്ഥാനാർത്ഥിയായും പത്രിക അദ്ദേഹം സമർപ്പിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
താൻ മത്സരിച്ചാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയും എം.പിമാരും എത്തുമെന്നായിരുന്നു അൻവർ പറഞ്ഞിരുന്നത്. ഇതെല്ലാം ബഡായിക്കഥ മാത്രമാണെന്ന് പത്രിക തള്ളിയതോടെ തെളിഞ്ഞു കഴിഞ്ഞു.
ആദ്യം കോൺഗ്രസിലായിരുന്ന അൻവർ നിലമ്പൂരിലെ പ്രശ്‌നങ്ങൾ മൂലം പാർട്ടി വിട്ട് എൽ.ഡി.എഫ് ടിക്കറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇപ്പോൾ എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞാണ് മത്സരത്തിനിറങ്ങിയിട്ടുള്ളത്.
ആദ്യം യു.ഡി.എഫിൽ അൻവർ അംഗത്വം ആവശ്യപ്പെട്ടിരുന്നു. തൽക്കാലം സ്ഥിരാംഗമാക്കാനാവില്ലെന്നും അസോസിയേറ്റ് അംഗമാക്കാമെന്നുമുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ നിർദ്ദേശം ആദ്യഘട്ടത്തിൽ അംഗീകരിച്ച അൻവർ പിന്നീട് അത് മാറ്റി.
സംസ്ഥാന യു.ഡി.എഫിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ആര്യാടൻ ഷൗക്കത്തിനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചത്. അവിടെ മറ്റ് പേരുകൾ കിട്ടാത്തത് കൊണ്ട്‌തന്നെ ഷൗക്കത്തിന്റെ പേര് അവർ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ പ്രഖ്യാപിച്ചയാളിനെ തള്ളി രംഗത്ത് വന്നതോടെ യു.ഡി.എഫ് നൽകാമെന്ന പറഞ്ഞ അസോസിയേറ്റ് അംഗത്വവും ത്രിശങ്കുവിലായി.
ആദ്യം ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അംഗീകരിച്ച് മുന്നോട്ട് വന്നാൽ മാത്രമേ അൻവറിന് ഇനി അംഗത്വം നൽകുന്ന കാര്യത്തിൽ നടപടിയെടുക്കാനാവൂ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ അൻവർ അതിന് തയ്യാറായില്ല.
പകരം ആര്യാടനെയും പിണറായിയെയും സതീശനെയും ഒരോ പോലെ എതിർത്തുകൊണ്ടാണ് മത്സരരംഗത്തേക്ക് തൃണമൂൽ കോൺഗ്രസിന്റെ ബാനറിൽ ഇങ്ങിയത്. ഇതിന് മുമ്പായി ജെ.പി.പി.എം എന്ന മുന്നണി രൂപീകരിക്കുകയും ചെയ്തു.
എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരാനോ പണം നൽകാനോ തയ്യാറാവില്ലെന്ന് മുൻകൂട്ടി മനസിലാക്കിയ അൻവർ തൃണമൂൽ തള്ളുന്ന രീതിയിൽ പത്രിക തയ്യാറാക്കി അവരെ കൂടി വഞ്ചിച്ചുവെന്നാണ് പൊതുവെ ഉയരുന്ന സംസാരം.
അവർക്കൊപ്പം നിന്നിട്ടും വലിയ വോട്ടുകൾ സമാഹരിക്കാനായില്ലെങ്കിൽ അൻവറിന് പാർട്ടിയിൽ പ്രസക്തിയില്ലാതായിത്തീരും. ഇതിന് പുറമേ പാർട്ടി നേതൃത്വത്തിനെ അടുത്ത തിരഞ്ഞെടുപ്പിലും അംഗീകരിക്കേണ്ടതായി വരും.
അതുകൊണ്ട് തന്നെയാണ് സ്വതന്ത്രനെന്ന നിലയിലുള്ള പഴുതടച്ച മറ്റൊരു പത്രിക കൂടി തയ്യാറാക്കി വരണാധികാരിക്ക് സമർപ്പിച്ചതെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു.
അതോടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പ്രത്യയശാസ്ത്ര ബാദ്ധ്യത ഒഴിവാക്കി ഇരുമുന്നണികളിലേക്കും പാലമിടാമെന്നും അൻവർ കരുതുന്നു. അതുകൊണ്ട് തന്നെ തൃണമൂൽ കോൺഗ്രസ് അംഗമായ അൻവറിന്റെ പത്രിക തള്ളിയത് തീർത്തും യാദൃശ്ചികമായല്ലെന്നും നിലമ്പൂരിൽ നിശബ്ദപ്രചാരണം നടക്കുകയാണ്.