ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. നടപടി ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ

New Update
pv anwar

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ പി വി അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.

Advertisment

ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനാലാണ് പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്.


സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.


കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നുകയറി പിവി അന്‍വര്‍ ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 

ഇക്കാര്യം ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തിയ പ്രതി പൊതുജനങ്ങള്‍ക്കിടയില്‍ പകയും ഭീതിയും ഉണ്ടാക്കി കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 192ാം വകുപ്പുപ്രകാരമാണ് കേസ്.