/sathyam/media/media_files/2025/06/06/72rOFZ1eu6sNeit6meqD.jpg)
മലപ്പുറം: നാമനിർദ്ദേശപത്രിക പിൻവലിക്കാനുളള സമയം അവസാനിച്ചതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ മത്സര ചിത്രം വ്യക്തമായി.
ഇടത്, വലത് എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികൾ അടക്കം ആകെ പത്ത് സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
കത്രിക ചിഹ്നത്തിൽ മത്സരിക്കുന്ന പി.വി അൻവറും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് വാശിയേറ്റുന്നുണ്ട്. ആഗ്രഹിച്ചത് കഴിഞ്ഞ രണ്ട് തവണയും വിജയം നേടിക്കൊടുത്ത ഓട്ടോറിക്ഷയാണെങ്കിലും ലഭിച്ചത് കത്രിക ചിഹ്നമാണ്.
അൻവർ ആവശ്യപ്പെട്ട ആദ്യ ചിഹ്നം ഓട്ടോറിക്ഷയായിരുന്നു. കത്രികയും കപ്പും സോസറുമായിരുന്നു മുൻഗണനാപട്ടികയിലെ മറ്റു ചിഹ്നങ്ങൾ.
ഓട്ടോറിക്ഷ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻെറ ചിഹ്നമായതിനാൽ അത് നൽകാനാവില്ലെന്ന് മുഖ്യ വരണാധികാരി അറിയിച്ചതോടെ അൻവറിൻ്റെ അടയാളം കത്രികയായി.
യാദൃശ്ചികമെന്ന് പറയാമെങ്കിലും, രണ്ട് മുന്നണികളും കൂടി തന്നെ കത്രികപ്പൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അൻവറിന് കത്രിക തന്നെ ചിഹ്നമായി ലഭിച്ചു. തന്നെ കുടുക്കിയ നേതാക്കളെ കത്രിക പൂട്ട് ഇടാനുള്ള അവസരമാണ് ഇതെന്നാണ് പി.വി അൻവർ പ്രതികരിച്ചത്.
അപരഭീഷണി നേരിട്ടെങ്കിലും അവസാന മണിക്കൂറിൽ അപരൻ പിൻവലിച്ച് പോയതും പി.വി.അൻവറിന് ആശ്വാസമായി. അൻവറിന്റെ അപരനായി പത്രിക സമർപ്പിച്ച അൻവർ സാദത്താണ് ഉച്ചയോടെ പത്രിക പിൻവലിച്ചത്.
പാർട്ടി സ്ഥാനാർത്ഥിയായി നൽകിയ പത്രിക തളളിപ്പോയെങ്കിലും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായ സാദിഖ് നടുത്തൊടി സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ബലൂൺ ചിഹ്നത്തിലാണ് സാദിഖ് നടുത്തൊടിയുടെ ചിഹ്നം.
2026 യുഡിഎഫിന് അധികാരം ലഭിച്ചാൽ ആഭ്യന്തരമന്ത്രി സ്ഥാനവും വനം വകുപ്പും നൽകണമെന്ന പി.വി അൻവറിന്റെ ആവശ്യമാണ് പ്രചാരണത്തിൽ സജീവ ചർച്ചയായത്. പരിഹാസവും ട്രോളും ഒക്കെയായി അൻവർ ഏറെ വിമർശിക്കപ്പെട്ടെങ്കിലും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് അൻവറിൻെറ പ്രതികരണം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ അൻവറിനെ മുഖ്യമന്ത്രി പോലും ആക്കിയേക്കും എന്ന് പറഞ്ഞുകൊണ്ട് വിവാദം ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി.
ഇതെല്ലാം കേട്ടിട്ടും അൻവറിന് ഒരു കൂസലുമില്ല. തന്നെ വനം മന്ത്രിയാക്കണമെന്ന് സമുദായിക നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അൻവറിൻെറ പ്രതിരോധം. ചിഹ്നം ലഭിച്ചതോടെ പ്രചരണത്തിൽ സജീവമാകാനാണ് പി.വി അൻവറിൻെറ തീരുമാനം.
കത്രിക ചിഹ്നം ലഭിച്ചത് ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ സ്ഥാപിച്ചെടുക്കാൻ ഗുണകരമാകുമെന്നാണ് അൻവറിൻെറ കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന പൊളിറ്റിക്കൽ നെക്സസ് തന്നെ കത്രിക പൂട്ടിട്ട് പൂട്ടുന്നു എന്നതായിരുന്നു അൻവറിന്റെ വാദം. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാനാണ് അൻവറിൻെറ നീക്കം.
അൻവറിനെ ചതിക്കുഴിയിൽ പെടുത്തി രാജിവെപ്പിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് എൻ.ഡി.എക്ക് വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപതിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ സജീവമായി.
അൻവറിനെ ചതിക്കുഴിയിൽ പെടുത്തി ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രബലർ ആരെന്നറിയാനുള്ള തന്ത്രമാണെന്ന് സുരേഷ് ഗോപി ആരോപിച്ചു.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഈ പരാമർശം നടത്തിയത്.ഇടതു വലതു മുന്നണിക്കളെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ഘാടന പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വർഷത്തെ നന്മയുടെ ഭരണം കേരളത്തിലേക്ക് പടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജിന് വോട്ട് തേടിയത്.
ദേശീയപാത തകർന്ന സംഭവമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻെറ പ്രചരണ രംഗത്ത് യുഡിഎഫ് ഉയർത്തുന്ന പ്രധാന വിഷയങ്ങളിലൊന്ന്.
പാതയുടെ തകർച്ചയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് പങ്കുണ്ടെന്നാണ് യുഡിഎഫിൻെറ ആരോപണം. പാത തർ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ചു, മന്ത്രി പിഎ മുഹമ്മദ് റിയാസിന് എതിരെ വിമർശനം ഉന്നയിച്ചു