തിരുവനന്തപുരം: രാഷ്ട്രീയമായ തൊട്ടുകൂടായ്മ തല്‍ക്കാലം മാറ്റിവെച്ച് ഇന്നലെ അറസ്റ്റിലായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് പൂര്‍ണ്ണ പിന്തുണയുമായി യു.ഡി.എഫ്.
അന്‍വര്‍ ഉയര്‍ത്തിയ പ്രശ്നത്തെ വിഷയാധിഷ്ഠിതമായി കാണണമെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലുണ്ടായ ആശയവിനിമയത്തിന് ശേഷമാണ് കോണ്‍ഗ്രസും യു.ഡി.എഫും രാഷ്ട്രീയമായ ഭിന്നത മറന്ന് നിലവിലെ വിഷയത്തില്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്
നിയമസഭാ സാമാജികനായ അന്‍വറിനെ ഫോസ്റ്റ് ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത നടപടിയെയാണ് നേതാക്കള്‍ അപലപിച്ച് രംഗത്ത് വരുന്നത്.
വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിലുള്ള വനംവകുപ്പിന്റെ ഗുരുതര വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്ത് സമരത്തിനിറങ്ങിയ അന്‍വറിനുള്ള മലയോര ജനതയുടെ പിന്തുണ തിരിച്ചറിഞ്ഞാണ് യു.ഡി.എഫ് നിലവില്‍ പിന്തുണ നല്‍കുന്നത്
കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഇന്നലെ നിലമ്പൂര്‍ ഫോസ്റ്റ് ഓഫീസിലേക്ക് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡി.എം.കെ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. തുടര്‍ന്നാണ് കേസെടുത്ത് രാത്രി തന്നെ എം.എല്‍.എയായ അന്‍വറിനെ പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റ് പിണറായിക്കും സര്‍ക്കാരിനുമെതിരായുള്ള പോര്‍മുഖമാക്കിയ അന്‍വറിനെ പിന്തുണച്ച് ഇന്നലെ തന്നെ നിലമ്പൂരില്‍ പലയിടങ്ങളിലും പ്രതിഷേധ മാര്‍ച്ച് അരങ്ങേറി. വിഷയത്തില്‍ അന്‍വറിന് ജനപിന്തുണ വര്‍ധിച്ചെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്
അറസ്റ്റിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് ലീഗ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ ഫിറോസ് എന്നവര്‍ അന്‍വറിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അതിന് ശേഷം കെപി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്തുണയുമായി എത്തി.
ഇന്ന് രാവിലെ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവരും അദ്ദേഹത്തിനായി രംഗത്തെത്തിയതോടെയാണ് യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണ അന്‍വറിനുണ്ടെന്ന് വിലയിരുത്തപ്പെട്ടത്.
വനനിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളുടെ ഭാഗമായി അന്‍വര്‍ സംഘടിപ്പിച്ച പ്രക്ഷോഭയാത്രയില്‍ വയനാട് ഡി.സി.സി അദ്ധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍, ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഡി.എം.കെ പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നും വ്യക്തമായിരുന്നു
എന്നാല്‍ അത്തരമൊരു യാത്രയില്‍ ആരും പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസും യു.ഡി.എഫും വ്യക്തമാക്കിയിരുന്നു.
തന്നെ പൂര്‍ണ്ണമായി തള്ളിയ യു.ഡി.എഫ് നടപടിയിലൂടെ രൂപപ്പെട്ട പ്രതികൂല രാഷ്ട്രീയ കാലാവസ്ഥ താല്‍ക്കാലികമായെങ്കിലും നിലവിലെ വിഷയത്തിലൂടെ മറികടക്കാന്‍ അന്‍വറിനായിട്ടുണ്ട്.
അദ്ദേഹവുമായുള്ള സഹകരണം ഡി.എം.കെയുടെ മുന്നണി പ്രവേശത്തിലേക്ക് എത്തുമെന്ന സൂചന നിലവില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്നില്ല.