/sathyam/media/media_files/2025/11/18/1001414627-2025-11-18-13-48-52.webp)
തിരുവനന്തപുരം : ഇടതുമുന്നണിയിൽ നിന്ന് പുറത്ത് പോവുകയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്ത പി.വി അൻവറിനെ യു.ഡി.എഫിൽ ഉൾപ്പെടുത്താൻ സമ്മർദ്ദവുമായി മുസ്ലീം ലീഗ് രംഗത്ത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് അൻവർ മുന്നണിക്ക് ഒപ്പം ഉണ്ടാകണമെന്ന നിലപാടാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങൾക്കുള്ളത്.
ഇത് അദ്ദേഹം യു.ഡി.എഫ് യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എതിർപ്പുന്നയിക്കുന്നത് കൊണ്ട് തന്നെ ഇതുവരെ വിഷയത്തിൽ തീരുമാനമായിട്ടില്ല.
നിലവിൽ പല പഞ്ചായത്തുകളിലും അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫുമായി ധാരണയുണ്ടായാൽ ഈ സ്ഥാനർത്ഥികളെ അൻവർ പിൻവലിക്കുമെന്നും സാദിഖലി തങ്ങൾ പറയുന്നു.
ഇതിലൂടെ ലീഗും അൻവറും തമ്മിലുള്ള ധാരണ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
സിപിഎം ബന്ധം ഉപേക്ഷിച്ചപ്പോൾ തന്നെ അൻവറിനെ ഒപ്പം നിർത്തണം എന്ന് ലീഗിന് അഭിപ്രായം ഉണ്ടായിരുന്നു. അതുതന്നെയാണ് ഇപ്പോഴും ആവർത്തിച്ച് പറയുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവറിന്റെ മുന്നണി പ്രവേശനത്തിൽ രപതിപക്ഷനേതാവ് വി.ഡി സതീശൻ കടുത്ത എതിർപ്പുന്നയിച്ചിരുന്നു.
എന്നാൽ നിലവിൽ അൻവർ സതീശന്റെ നേതൃതവം അംഗീകരിക്കാമെന്ന് വ്യക്തമാക്കിയതോടെ ചർച്ച കൾ വീണ്ടും സുഗമമായിട്ടുണ്ട്.
അൻവറിനെ മുന്നയിലിൽ ഉൾപ്പെടുത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും സതീശനും വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ എന്നിവർ അൻവറിന്റെ മുന്നണി രപവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിയുമായും അൻവറിന് മികച്ച ബന്ധമാണ് ഉണ്ടായിരുന്നു.
അൻവർ കോൺഗ്രസിലുഫണ്ടായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം നിലയുറപ്പിച്ചിരുന്നത്.
എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം തള്ളിയതോടെയാണ് പ്രതിപക്ഷനേതാവടക്കമുള്ളവർ അൻവറിനെതിരെ തിരിഞ്ഞത്.
ഇതോടെ മുന്നണി പ്രവേശനത്തിനുള്ള സാധ്യത മങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷവും ഇടത് വിരുദ്ധ നിലപാടിൽ അൻവർ ഉറച്ച് നിന്നതോടെയാണ് ലീഗ് നേതൃത്വം വീണ്ടും അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് മുൻകൈയെടുത്തത്.
എന്നാൽ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ കടുത്ത എതിർപ്പുന്നയിച്ച് രംഗത്തുണ്ട്. ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദിന്റ കാലത്ത് തന്നെ മുസ്ലിം ലീഗുമായി ആര്യാടൻ കുടുംബം ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.
അത് തന്നെയാണ് ഷൗക്കത്തും തുടരുന്നത്. ഈ എതിർപ്പ് നേരിടുകയെന്ന ലക്ഷ്യമാണ് അൻവറിനോടുള്ള ലീഗ് താൽപ്പര്യത്തിന് പിന്നിലുള്ളതെന്നും പറയപ്പെടുന്നു.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം അവസാനിപ്പിച്ച് അൻവറിനെ ഉടൻ തന്നെ മുന്നണിയിൽ പ്രവേശിപ്പിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us