/sathyam/media/media_files/2025/01/28/4osOqx6pMQpSocySV2aM.jpg)
വയനാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചാരണ ജാഥ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട പി വി അന്‍വറിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫ് പ്രവേശനത്തിന് വേദിയാകുമോ ?
ഇന്ന് മാനന്തവാടിയില്‍ സതീശനെ കണ്ട അന്‍വര്‍ മലയോര ജാഥയില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചതോടെ ഇതിനുള്ള സാധ്യത തള്ളാതെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
തന്നെ സന്ദര്‍ശിച്ച അന്‍വറിനോട് യുഡിഎഫ് നേതാക്കളുമായി ആലോചിച്ച ശേഷം അറിയിക്കാം എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവ് നല്കിയത്. ജാഥ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുമ്പോഴെങ്കിലും ജാഥയില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യമാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്.
അന്‍വര്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായതോടെ പാര്‍ട്ടിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍കൂടിയായ അന്‍വറിന്റെ ആവശ്യം ഒറ്റയടിക്ക് തള്ളാന്‍ കോണ്‍ഗ്രസിനും പ്രയാസമുണ്ടാകും.
അതേസമയം വായില്‍ തോന്നുന്നത് തോന്നുംപോലെ വിളിച്ച് പറഞ്ഞു നടക്കുന്ന അന്‍വറിന്റെ ശൈലിയില്‍ കോണ്‍ഗ്രസിനും എതിര്‍പ്പുണ്ട്. എന്തായാലും എല്ലാ വശങ്ങളും പരിശോധിച്ച് തല്‍ക്കാലം ജാഥയില്‍ ഇവരെ സഹകരിപ്പിക്കുന്നതില്‍ ഒരു തീരുമാനം ബുധനാഴ്ച തന്നെ ഉണ്ടാകാനാണ് സാധ്യത.