/sathyam/media/media_files/2025/09/27/untitled-2025-09-27-15-06-03.jpg)
കൊച്ചി : നിലമ്പൂർ ഉപതിരഞ്ഞെടപ്പിലെ പ്രകടനം മുൻനിർത്തി യു.ഡി.എഫിൽ അംഗത്വത്തിന് ശ്രമിച്ച് വീണ്ടും പി.വി അൻവർ. തദ്ദേശത്തിരഞ്ഞെടുപ്പിൽ നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് യു.ഡി.എഫിൽ അസോസിയേറ്റഡ് മെമ്പർഷിപ്പിനാണ് അൻവറും സംഘവും ശ്രമിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് യു.ഡി.എഫിൽ അംഗത്വം നൽകാൻ തീരുമാനമെടുത്തിരുന്നെങ്കിലും മുന്നണി സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ രംഗത്ത് വന്നതോടെ മുന്നണിയും കോൺഗ്രസും അൻവറിന് മുമ്പിൽ വാതിലടച്ചിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും യു.ഡി.എഫിനൊപ്പം ചേരാനാണ് അൻവറിന്റെ ശ്രമം.
ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് സജി മഞ്ഞക്കടമ്പൻ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫുമായി എറണാകുളത്ത് വെച്ച് ചർച്ച നടത്തി. ഇതിനുശേഷം സണ്ണി ജോസഫുമായി പി.വി.അൻവർ ഫോണിൽ സംസാരിച്ചു.
പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്നും യുഡിഎഫിൽ ചർച്ച വേണമെന്നുമാണ് സണ്ണി ജോസഫ് ഇരുവരെയും അറിയിച്ചത്. അടുത്ത മാസം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കളുമായി ഔദ്യോഗിക ചർച്ച നടത്താനാകുമെന്ന പ്രതീക്ഷയാണ് അൻവറും സജിയും പങ്കുവെയ്ക്കുന്നത്.
നിലവിൽ ഉപാധി രഹിതമായാണ് പാർട്ടി യു.ഡി.എഫുമായി ചർച്ച നടത്തുന്നതെങ്കിലും നിലമ്പൂരിലും പുറത്തുള്ള ജില്ലകളിലും തദ്ദേശത്തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന വാദം ഉയർത്തുന്നുണ്ട്. നിയമസഭയിലും മാന്യമായ പ്രാതിനിധ്യമാണ് പാർട്ടി രപതീക്ഷിക്കുന്നത്.
ആര്യാടൻ ജയിച്ച നിലമ്പൂർ സീറ്റ് തിരികെ വേണ്ടെന്നും മലപ്പുറം ജില്ലയിലെ മറ്റൊരു സീറ്റ് വേണമെന്നുമാണ് അൻവറിന്റെ വാദം. നാല് സീറ്റെങ്കിലും പാർട്ടി ആവശ്യപ്പെടും. സജിക്കടക്കം രണ്ട് സീറ്റുകളാണ് പ്രതീക്ഷയിലുള്ളത്.
എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി വരെ യു.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന സജിക്ക് കോട്ടയം ജില്ലയിലെ കേരളകോൺഗ്രസ് നേതൃത്വത്തിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നും കരുതപ്പെടുന്നു. യുഡിഎഫ് വിട്ടപ്പോൾ സജി സ്ഥാപിച്ച കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ്, പേരുമാറ്റി കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസിന്റെ മധ്യമേഖല ഓഫിസായി രൂപപ്പെടുത്തിയിട്ടുണ്ട്.
യു.ഡി.എഫിൽ അംഗത്വം ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കണമെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസുള്ളത്. ഔദ്യോഗിക പ്രവേശനം ലഭിച്ചില്ലെങ്കിൽ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഹകരണത്തിനുള്ള സാധ്യത തേടാമെന്നും കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി.
കോൺഗ്രസിന്റെ ഗുഡ് ബുക്കിൽ ഇടം നേടി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ മുന്നണി പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യം. എൽ.ഡി.എഫുമായും ബി.ജെ.പിയുമായും ചർച്ചകൾ വേണ്ടെന്ന ഉറച്ച് നിലപാടാണ് പാർട്ടിക്കുള്ളതെന്നും ചില വൃത്തങ്ങൾ വ്യക്തമാക്കുന്നു.