മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്തെ മരകൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പ് താഴെയിറങ്ങി; പിടികൂടിയ പാമ്പിനെ കോടനാട് വനത്തിൽ തുറന്നുവിടും

New Update
PERUMBAMB

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്തെ മരത്തിലെ കൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. താഴേയ്ക്ക് വീണ പാമ്പിനെ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പാമ്പിനെ കോടനാട് വനത്തിൽ തുറന്നു വിടും.

Advertisment

മരത്തിന്റെ ഏറ്റവും മുകളിലെ ശിഖരങ്ങളിൽ കുടുങ്ങിയതിനാൽ ആണ് പാമ്പിനെ പിടികൂടുന്നത് പ്രതിസന്ധിയിലായത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് പാമ്പിനെ താഴെ വീഴ്ത്തുവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പാമ്പ് താഴെ വീഴുമ്പോൾ പരിക്ക് പറ്റാൻ സാധ്യത ഉള്ളതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു.

മരത്തിന്റെ മുകൾ ഭാഗത്ത് ചൂടടിക്കുമ്പോൾ പാമ്പ് താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ റെസ്ക്യൂ സംഘത്തെ ഉപയോഗിച്ച് പാമ്പിനെ പിടികൂടാനുമാണ് തീരുമാനിച്ചത്. ഇതിനിടെയാണ് പാമ്പ് താഴേയ്ക്ക് വീണത്.

കാക്കകളുടെ അസാധാരണ കരച്ചിൽ കേട്ടതിനെ തുടർന്ന് നാട്ടുകാർ മരത്തിന്റെ മുകൾ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. മരത്തിൽ കുടുങ്ങിയ പാമ്പിനെ കാണാൻ നിരവധിപേർ സംഭവ സ്ഥലത്തെത്തി. ഫയർ ഫോഴ്സിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Advertisment