പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ ബിഹാര്‍ സ്വദേശി അജയ് കുമാര്‍ റായിനെ (38) കണ്ടെത്താന്‍ തിരച്ചില്‍ ഇന്നും തുടരുന്നു. അപകടത്തില്‍ ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്‍ (51) മരണപ്പെട്ടിരുന്നു; അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
പാറമടയില്‍ വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നേരത്തേ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ന് എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തി തിരച്ചില്‍ ശക്തിപ്പെടുത്തും.
പാറയിടിഞ്ഞ് വീണപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഹിറ്റാച്ചി യന്ത്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വഴിവെട്ടുന്നതിനിടെയാണ് പാറയിടിഞ്ഞ് യന്ത്രത്തിന് മുകളില്‍ പതിച്ചത്.
അപകടം സംബന്ധിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.