കോന്നി: പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിൽ കാണാതായ അതിഥി തൊഴിലാളിക്കായി നടത്തിയ തിരച്ചിൽ താത്കാലികമായി നിർത്തിവച്ചു.
രാവിലെ എൻഡിആർഎഫ് സംഘവും മറ്റ് രക്ഷാ സേനകളും ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും, സ്ഥലത്ത് വീണ്ടും പാറയിടിയാൻ സാധ്യത ഉയർന്നതോടെ ദൗത്യം നിർത്തിവെക്കുകയായിരുന്നു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം വീണ്ടും മലയിടിച്ചിൽ ഉണ്ടായതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. കുത്തനെയുള്ള പാറക്കെട്ട് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്.
പാറമടയുടെ മുകളിൽ നിന്ന് മണ്ണും പാറയും ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയും അപകടത്തിൽപെട്ടു.
യന്ത്രം ഉപയോഗിച്ച് പാറ മാറ്റിയ ശേഷം മരിച്ച ഒഡീഷ സ്വദേശി മഹാദേവ് പ്രധാൻ (51)ന്റെ മൃതദേഹം പുറത്തെടുത്തു. കാണാതായ ബിഹാർ സ്വദേശിക്കായുള്ള തിരച്ചിൽ യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും ആരംഭിക്കും.