/sathyam/media/media_files/2026/01/12/chief-ministers-mega-quiz-2026-01-12-14-36-31.jpg)
തിരുവനന്തപുരം: കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തുന്ന അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നൽകുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അടവാണെന്ന് ആക്ഷേപം ശക്തമായി.
സർക്കാർ ചെലവിൽ ഇടതു മുന്നണിയുടെ പ്രചാരണമാണ് ക്വിസിന്റെ ലക്ഷ്യമെന്നാണ് ആരോപണം. ക്വിസ് മത്സരം നിരോധിക്കണമെന്ന് സർവകലാശാലകളുടെ ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് പരാതി ലഭിച്ചു. ക്വിസ് ഇടതു സർക്കാരിന്റെ രാഷ്ട്രീയപ്രചരണ ആയുധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന ആവശ്യം.
രാഷ്ട്രീയപ്രചരണത്തിനായി ക്വിസ് നടത്താൻ സ്‌കൂൾ, കോളജ് സംവിധാനങ്ങളും അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സേവനവും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് പരാതി.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേർന്നു നടത്തുന്ന ക്വിസ്സിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതും സജ്ജീകരണങ്ങൾ ഒരുക്കുന്നതും പൂർണമായും സർക്കാർ ഉദ്യോഗസ്ഥരാണ്.
സർക്കാർ സംവിധാനം ഉപയോഗിച്ചു നടത്തുന്ന ക്വിസ്സിലെ ചോദ്യങ്ങൾ പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയോ ഏതെങ്കിലും പഠനശാഖകളെ അടിസ്ഥാനപ്പെടുത്തിയോ അല്ല. മറിച്ച്, പ്രത്യേകം തയ്യാറാക്കിയ ബുക്ക്‌ലെറ്റിൽനിന്നുള്ള ചോദ്യങ്ങളാണു ചോദിക്കുക എന്നാണ് അറിയിപ്പ്.
ലേഖനങ്ങൾ ഉൾപ്പെട്ട ഈ ബുക്ക്‌ലെറ്റിൽ എഴുതിയിരിക്കുന്നതു കൂടുതലും മന്ത്രിമാരും ഇടതു രാഷ്ട്രീയക്കാരും അക്കാദമിക മേഖലയിലുള്ള ഇടതുപക്ഷ ചായ്‌വ് ള്ളവരുമാണ്.
മുഖ്യമന്ത്രി പിണറായി വിജയനു പുറമെ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, കെ ബി ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ എഴുതിയിട്ടുണ്ട്. ഇവരെല്ലാം എഴുതിയിരുക്കുന്നത് തങ്ങളുടെ വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ചാണ്.
തോമസ് ഐസക്, ടി എൻ സീമ, കെ ടി ജലീൽ തുടങ്ങിയ സിപിഎം നേതാക്കളും ഡോ. രാജൻ ഗുരുക്കൾ, പ്രഫ. വി കാർത്തികേയൻ നായർ തുടങ്ങിയ അക്കാദമിക രംഗത്തെ ഇടതുപക്ഷക്കാരുമാണു മറ്റു ലേഖന കർത്താക്കളേറെയും.
കേന്ദ്ര സർക്കാരിനു പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചലച്ചിത്ര അക്കാദമിയിലൂടെ കേരള സർക്കാർ ചെയ്‌തെന്നൊക്കെയുള്ള വിവാദ പരാമർശങ്ങൾ നടൻ മോഹൻലാലിന്റെ ലേഖനത്തിൽ ഉള്ളത് ഉൾപ്പെടെ, വിവാദ പരാമർശങ്ങളും ബുക്ക്‌ലെറ്റിലുണ്ടെന്നു ഗവർണർക്കുള്ള പരാതിയിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ വർഷത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുകയും പ്രധാന പരീക്ഷകൾ ഉൾപ്പെടെയുള്ള മൂല്യനിർണയ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്ന സമയത്തു ക്വിസ് നടത്തുകയും അതു പഠനവിഷയത്തിനു പുറത്തുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവുകയും ചെയ്യുന്നതു വിദ്യാർഥികളെ സമ്മർദത്തിലാഴ്ത്തുമെന്നും അധ്യാപകരുടെ കാര്യത്തിലും ഈ പ്രശ്‌നമുണ്ടെന്നും ഗവർണർക്ക് ലഭിച്ച പരാതിയിലുണ്ട്.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഓരോ നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതു ഫലത്തിൽ അധ്യാപകരും മറ്റും അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട സമയം നഷ്ടപ്പെടാനിടയാക്കും.
വിദ്യാർഥികൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തള്ളി വിദേശപഠനത്തിനു പോകുന്ന രീതി വർധിച്ചുവരുന്നതിനിടെ അക്കാദമിക രംഗത്തിനു തിരിച്ചടിയുണ്ടാക്കുംവിധം ക്യാംപസ്സുകളെ കേന്ദ്രീകരിച്ചു രാഷ്ട്രീയപ്രചരണം നടത്താനുള്ള ഇടതു സർക്കാരിന്റെ നീക്കത്തിനു തടയിടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി സർക്കാർ പത്തുവർഷമായി കേരളത്തിൽ നടപ്പാക്കിയ പദ്ധതികളും വികസനപ്രവർത്തനങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിയാകും ക്വിസ് മത്സരം സംഘടിപ്പിക്കുക.
ഇതിനായി ഇരുന്നൂറ് പേജുള്ള പുസ്തകമാണ് കുട്ടികളിലേക്ക് എത്തിച്ചത്. 12,000 കോപ്പികളാണ് ജനുവരി ആദ്യം തന്നെ ഇതിനായി അച്ചടിച്ചുവിതരണം ചെയ്തത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പിആർഡിയും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ഇന്നുമുതൽ സ്‌കൂൾതലത്തിൽ മത്സരം ആരംഭിക്കും. ഇതിനുശേഷം 22ന് വിദ്യാഭ്യാസജില്ലാ തലത്തിലും 28 മുതൽ ഫെബ്രുവരി 5 വരെ ജില്ലാതലത്തിലുമാണ് മത്സരം. ഫെബ്രുവരി 18ന് സംസ്ഥാനതലത്തിൽ ഗ്രാൻഡ് ഫിനാലെ മത്സരമാണ്.
ഇതിൽ വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനമായി അഞ്ചുലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/12/ente-keralam-2026-01-12-14-45-18.jpg)
പത്ത് വർഷമായി സർക്കാർ അനുകൂല പ്രസിദ്ധീകരണമായ സമകാലിക ജനപഥത്തിൽ പ്രസിദ്ധീകരിച്ച മന്ത്രിമാരുടെയും റിട്ട. ഉദ്യോഗസ്ഥരുടെയും സർക്കാർ അനുകൂല എഴുത്തുകാരുടെയും കലാകാരന്മാരുടെയും പാർട്ടി ബുദ്ധിജീവികളുടെയും മറ്റും ലേഖനങ്ങളാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരിക്കുന്ന എന്റെ കേരളം എന്ന 200 പേജ് പുസ്തകത്തിലെ ഉള്ളടക്കം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവകാശവാദങ്ങളുടെ അമ്പതോളം ലേഖനങ്ങളുമുണ്ട്. ഇതിൽ കേരളത്തിനുണ്ടായ നേട്ടങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ പ്രവർത്തനഫലമാണെന്ന് വരുത്തിതീർക്കുന്നുണ്ട്.
ഈ സൃഷ്ടികളിൽ നിന്നായിരിക്കും മത്സരത്തിനുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. ഈ ലേഖനങ്ങളിൽ കമ്യൂണിസ്റ്റ് ചരിത്രവും പാരമ്പര്യവും നേതാക്കളുടെ പ്രവർത്തനരീതികളും തെരഞ്ഞെടുപ്പ് പോരാട്ടവും ഇടതുപക്ഷനയങ്ങളുടെ വിശദാംശങ്ങളും പരാമർശിക്കുന്നു.
പത്ത് വർഷത്തിൽ നടപ്പാക്കിയ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ പങ്കാളിത്തം ബോധപൂർവ്വം മറച്ചുവയ്‌ക്കുകയും പറ്റുന്നിടത്തെല്ലാം കുറ്റപ്പെടുത്തൽ ചേർത്തിട്ടുമുണ്ട്. വിദ്യാർത്ഥിമനസുകളിൽ രാഷ്‌ട്രീയം കുത്തിനിറയ്‌ക്കാനുള്ള ഈ നീക്കം മികച്ച ഒരു ഒളിച്ചുകടത്തലാണെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ പേരിലുള്ള ക്വിസ് പ്രോഗ്രാമായതിനാൽ തന്നെ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പരമാവധി വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം.
ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സാംസ്‌കാരികനായകരെയും പങ്കെടുപ്പിച്ച് ജനകീയസംഗമം സംഘടിപ്പിക്കണമെന്നും നിർദേശിക്കുന്നു. വിജയികളുടെ വിവരങ്ങൾ സമയബന്ധിതമായി വകുപ്പ് ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഇൻഫർമേഷൻ ടെക്നോളജി യുഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കുതിപ്പ് തുടരുമ്പോൾ, വിദ്യാർഥികളുടെ പൊതുവിജ്ഞാനമോ ശാസ്ത്രബോധമോ ഭാഷ പരിജ്ഞാനമോ അല്ല മെഗാ ക്വിസ് പരമ്പരയിൽ പരീക്ഷിക്കപ്പെടുന്നത്. പകരം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്തുതിപാഠകരുടെയും കുറെയേറെ ലേഖനങ്ങളെ ആസ്പദമാക്കിയാണ് മെഗാ ക്വിസ് മത്സരം നടത്തുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികളുടെ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് 12 -ാം തീയതി തുടക്കമാകുന്നു. മത്സരത്തിന് പഠിക്കാൻ സർക്കാർ തയ്യാറാക്കിയ എൻറെ കേരളം പുസ്തകത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഇടത് സഹയാത്രികരുടെയും ലേഖനങ്ങളും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളുമാണുള്ളത്.
നവകേരള സൃഷ്ടി മുതൽ സർവ്വമേഖലകളിലും സർക്കാർ നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങളാണ് 198 പേജിലും നിറഞ്ഞു നിൽക്കുന്നത്.
നവകേരളത്തെ കുറിച്ച് പഠിക്കൂ സമ്മാനങ്ങൾ നേടൂ. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം വരവായി. എന്നൊക്കെയാണ് സർക്കാർ പ്രചാരണം. നവകേരള സൃഷ്ടിയും ഇതുവരെ കേരളത്തിനുള്ള വളർച്ചയും അടിസ്ഥാനമാക്കിയാണ് സ്കൂൾ–കോളജ് വിദ്യാർഥികൾക്കുളള ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൻറെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു മത്സരം. ഇതിന് പഠിക്കാനുള്ള പുസ്തകവും സർക്കാർ തന്നെ ഫ്രീയായി നൽകും. ആദ്യലേഖനം മുഖ്യമന്ത്രിയുടേതാണ്.
നവകേരള സൃഷ്ടിയും ഭാവി പൗരരും എന്ന വിഷയത്തിലാണ് ലേഖനം. 12,000 ത്തോളം സ്‌കൂളുകളിലും 1,200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മത്സരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികളെയാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us