തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് വൈസ്ചാൻസലർക്ക് നിർദ്ദേശം നൽകി മന്ത്രി ആർ.ബിന്ദു പുലിവാല് പിടിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ഉടനടി പിൻവലിക്കണമെന്ന് വിസി ഡോ. സിസാ തോമസിനോടാണ് മന്ത്രി ആർ. ബിന്ദു നിർദ്ദേശിച്ചത്.
നടപടി ബാഹ്യ സമ്മർദ്ദത്തിലെന്നും, ചട്ട വിരുദ്ധമെന്നും വി.സിക്ക് നൽകിയ കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ പ്രോചാൻസലറായ മന്ത്രിക്ക് അവിടത്തെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ യാതൊരു അധികാരവുമില്ലാതിരിക്കെ, മന്ത്രി വിസിക്ക് നിർദ്ദേശം നൽകുന്നത് അനുചിതമെന്ന് ആക്ഷേപം ഉയരുകയാണ്.
നേരത്തേ കണ്ണൂർ യൂണിവേഴ്സിറ്റി വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ മന്ത്രി ബിന്ദു നൽകിയ രണ്ട് കത്തുകൾ വൻവിവാദമാവുകയും സുപ്രീംകോടതിയടക്കം വിമർശിക്കുകയും ചെയ്തിരുന്നു.
കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്നാണ് മന്ത്രിയുടെ കത്തിലുള്ളത്. വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള സർവകലാശാല നിയമം 1974 അനുസരിച്ച്, രജിസ്ട്രാർ സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.
സസ്‌പെൻഡ് ചെയ്യേണ്ട അടിയന്തിര നടപടി ആവശ്യമായ ഒരു സാഹചര്യവും സർവ്വകലാശാലയിൽ നിലവിലുണ്ടായിരുന്നില്ലെന്നും, വൈസ് ചാൻസലറുടെ നടപടി പുറമെ നിന്നുള്ള സമ്മർദ്ദത്താലാണെന്ന് ന്യായമായും അനുമാനിക്കാമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ മന്ത്രി വിസിക്ക് നിർദ്ദേശം നൽകിയ നടപടി സർവ്വകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം.
പ്രോ ചാൻസലറായ വകുപ്പ് മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ നിയമപരമായി അധികാരമില്ല. കേവലം ആലങ്കാരിക പദവിയാണിത്. എന്നാൽ ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങൾ കൈയാളുകയും ചെയ്യാം. പ്രോ ചാൻസലർ ഒരു ഫയലും കാണേണ്ടതില്ല. സെനറ്റിലും സിൻഡിക്കേറ്റിലും പങ്കെടുക്കേണ്ടതില്ല.
സർവകലാശാലാ പൂർണമായി സ്വയംഭരണ സ്ഥാപനമായിരിക്കാനാണ് ഗവർണറെ ചാൻസലറാക്കിയത്. വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ചാൻസലറാണ് നിയമനം നടത്തേണ്ടത്. മുൻകാലങ്ങളിൽ സർക്കാരിന്റെ താത്പര്യം അനൗദ്യോഗികമായി ഗവർണറെ അറിയിക്കുമായിരുന്നു. ഇത് ഗവർണർ സ്വീകരിക്കണമെന്നില്ല.
സർവകലാശാലാ നിയമപ്രകാരം, ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലോ ചാൻസലറുടെ എല്ലാ അധികാരവും പ്രോ ചാൻസലറായ വകുപ്പുമന്ത്രിക്കുണ്ടായിരിക്കും. പക്ഷേ ഗവർണർ ആർ.വി ആർലേക്കർ തിരുവനന്തപുരത്ത് രാജ്ഭവനിലുണ്ടായിരിക്കെ പ്രോ ചാൻസലറായ മന്ത്രിക്ക് സർവകലാശാലയിൽ യാതൊരു അധികാരവുമില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
സർവകലാശാലാ സ്റ്റാറ്റ്യൂട്ടിലെ സെക്ഷൻ 11പ്രകാരം പ്രോചാൻസലർക്ക് ഒരുമാസത്തെ മുൻകൂർ നോട്ടീസോടെ ചാൻസലർക്ക് രാജിക്കത്ത് നൽകാം. ചാൻസലർക്ക് രാജിക്കത്ത് സ്വീകരിക്കാം. അധികാരം പരിമിതമായിരിക്കെയാണ്, മന്ത്രി രജിസ്ട്രാറുടെ പിൻവലിക്കാൻ വി.സിക്ക് കത്തെഴുതിയത്.