എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ മാര്‍ക്ക് ഏകീകരണരീതി മാറ്റിയത് തിരിച്ചടിച്ചു. ഡോ.ആര്‍. ബിന്ദുവിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. അവസാന നിമിഷം ഫലം കണക്കാക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തിയത് ഗുരുതര വീഴ്ച. മന്ത്രിക്കെതിരെ തിരിഞ്ഞ് മുതിര്‍ന്ന നേതാക്കളും

മന്ത്രിയെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുമോയെന്ന ആശങ്ക എം.വി.ഗോവിന്ദനുമുണ്ട്.

New Update
r bindhu minister

തിരുവനന്തപുരം: എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ മാര്‍ക്ക് ഏകീകരണരീതി മാറ്റിയത് തിരിച്ചടിച്ചതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം.

Advertisment

അവസാന നിമിഷം ഫലം കണക്കാക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും മന്ത്രി ആര്‍.ബിന്ദുവിനും വലിയ സംഭവിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.


മുതിര്‍ന്ന നേതാക്കള്‍ അടക്കം യോഗത്തിലെ ഭൂരിപക്ഷം പേരും മന്ത്രിക്കെതിരെ തിരിഞ്ഞു. സീനിയര്‍ നേതാവായ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ സര്‍വകലാശാലകളില്‍ കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന വികാരത്തിലാണ്. മന്ത്രിയെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുമോയെന്ന ആശങ്ക എം.വി.ഗോവിന്ദനുമുണ്ട്.

നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക കേരളം സൃഷ്ടിക്കുക ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് സര്‍ക്കാരും പാര്‍ട്ടിയും അവകാശപ്പെടുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ മേഖലയാകെ കുത്തഴിഞ്ഞ് കിടക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന വികാരമാണ് സി.പി.എം നേതൃത്വത്തിനുളളത്.

അവസാന നിമിഷം പ്രേസ്‌പെക്ടസില്‍ മാറ്റം വരുത്തുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കാനുളള വിവരം പോലും ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇല്ലേയെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുയരുന്ന ചോദ്യം. വകുപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ന്യായീകരിക്കുന്നതിന് വേണ്ടി രംഗത്ത് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങള്‍ക്ക് നേരെ തട്ടിക്കയറിയതും മാധ്യമങ്ങള്‍ ജഡ്ജിമാരാകേണ്ട എന്ന് പ്രതികരിച്ചതിലും സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്.

കോടതി ഇടപെടലോടെ വകുപ്പ് പ്രതിക്കൂട്ടിലായിരിക്കുമ്പോള്‍ മന്ത്രി മാധ്യമങ്ങളോട് തട്ടിക്കയറിയത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ ഉണ്ടാക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്


തെറ്റ് പറ്റിയില്ലെന്ന് മന്ത്രി എത്ര തവണ ആവര്‍ത്തിച്ചാലും സംഭവിച്ചതെന്താണ് എന്നത് ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളള ഉന്നതന്റെ നിര്‍ദ്ദേശം പാലിച്ചാണ് പ്രവേശന പരീക്ഷാഫലം കണക്കാക്കുന്ന രീതി ഇക്കൊല്ലം തന്നെ മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറായത്.


സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുന്‍പ് തന്നെ കേരള സിലബസില്‍ പ്ലസ്ടു പാസായവര്‍ പ്രവേശന പരീക്ഷയില്‍ വിവേചനം നേരിടുന്നത് അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്‍ നിര്‍ദേശിച്ചത്. അവസാന നിമിഷം മാര്‍ക്ക് കണക്കാക്കുന്ന രീതി മാറ്റി പുതിയ സമ്പ്രദായം കൊണ്ടുവന്നാല്‍ ഉണ്ടാകാവുന്ന വരുംവരായ്കകള്‍ നോക്കാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും ചെയ്തു.

ഫലപ്രഖ്യാപനത്തിന്റെ അവസാന മണിക്കൂറില്‍ മാര്‍ക്ക് കണക്കാക്കുന്ന രീതി മാറ്റിയാല്‍ നിയമ പ്രശ്‌നങ്ങള്‍ വരാമെന്ന് മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രി പി.പ്രസാദ് ചൂണ്ടിക്കാട്ടിയെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി അത് ചെവിക്കൊണ്ടില്ലെന്നും സി.പി.എമ്മിനുളളില്‍ വിമര്‍ശനമുണ്ട്.

കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ - രജിസ്ട്രാര്‍ പോരിനെ തുടര്‍ന്ന് ഉണ്ടായ ഭരണസ്തംഭനത്തിലും പാര്‍ട്ടിയ്ക്കകത്ത് നിന്ന് വിമര്‍ശനമുണ്ട്.ഭാരതാംബ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയും വിദ്യാര്‍ത്ഥികളെയും  യുവജന സംഘടനകളെയും പ്രക്ഷോഭത്തിലേക്ക് നയിക്കുകയും ചെയ്തത് രാഷ്ട്രീയ കടമയാണ്.


എന്നാല്‍ വൈസ് ചാന്‍സലര്‍ വിലക്കിയ ശേഷവും രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തുകയും ഫയല്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ഭാഗത്ത് ന്യായമില്ലാതാകുകയും വിഷയം രാഷ്ട്രീയ പോരിലേക്ക് തരം താഴുകയും ചെയ്തുവെന്നാണ് വിമര്‍ശനം.


ഇടത് സിന്‍ഡിക്കേറ്റ് ഭരിക്കുന്ന കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സമരത്തിനിറങ്ങിയതും ഗ്രാഫിന്‍ ഗവേഷണം സംബന്ധിച്ച് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഴിമതി ആക്ഷേപം ഉയരുന്നതും എല്ലാം ഉന്നത വിദ്യാഭ്യാസ മേഖല താറുമാറായി കിടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും എല്ലാം താളംതെറ്റിയതോടെ സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആകെ അവതാളത്തിലാണ്.സര്‍വകലാശാലയിലെ പ്രശ്‌നങ്ങളില്‍ ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും പഴികേള്‍ക്കേണ്ടി വരുന്നത് സര്‍ക്കാരും പാര്‍ട്ടിയുമാണെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

 

Advertisment