/sathyam/media/media_files/oYN6ggwOo5iksBohiylC.jpg)
തിരുവനന്തപുരം: ഒമ്പത് വിഷയങ്ങളില്‍ പ്രോഗ്രാം രൂപകല്‍പ്പനക്കും സിലബസ് രൂപീകരണത്തിനുമായി യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു.
ലേണിംഗ് ഔട്ട്കം അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് യുജിസി പ്രതിലോമകരവും ശാസ്ത്ര വിരുദ്ധവുമായ ഹിന്ദുത്വ ആശയ പരിസരത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമം നടത്തുന്നു. സംഘപരിവാര്‍ അജണ്ടയാണ് പരിഷ്‌കരണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
ആന്ത്രോപോളജി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്‌സ്, ജിയോളജി, ഹോം സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പോളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കായുള്ള കരട് പാഠ്യപദ്ധതിയാണ് പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങളോടുള്ള വിയോജിപ്പ് വിശദമായി പഠിച്ച ശേഷം യുജിസിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.