Advertisment

കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നത് 6000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ : മന്ത്രി ഡോ. ആര്‍. ബിന്ദു

കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

New Update
r bindu

കൊച്ചി: കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

Advertisment

2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചത്. കിഫ്ബി, പ്ലാന്‍ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാന സൗകര്യരംഗത്ത് നടപ്പിലാക്കിയത്.


കേരള, എം ജി സര്‍വകലാശാലകളില്‍ ഒരുക്കിയ ലാബ് കോംപ്ലക്‌സുകള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങള്‍ ആയി മാറിയിരിക്കുകയാണ്.


 കുസാറ്റിലെ ലാബ് സൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 250 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെലവഴിച്ചത്.

നിലവില്‍ 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. ദേശീയവും അന്തര്‍ദേശീയവുമായ നിലവാര പരിശോധനകളില്‍ മികച്ച സ്ഥാനങ്ങളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കരസ്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നുവെന്ന പ്രചാരണം ശരിയല്ല. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി അതിര്‍ത്തിരേഖകള്‍ അപ്രത്യക്ഷമാകുന്ന കാലമാണിത്. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാള്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. 


വിദേശ വിദ്യാഭ്യാസം കേരളത്തില്‍ മാത്രമുള്ള പ്രവണതയല്ല. ആകെ ഇന്ത്യയില്‍ നിന്ന് പുറത്ത് വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ കണക്കെടുത്താല്‍ വെറും നാല് ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. 

കുട്ടികള്‍ പുറത്തുപോയി പഠനം നടത്തരുത് എന്ന് പറയാനല്ല മറിച്ച് അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്.


 പുതിയതായി അവതരിപ്പിച്ച നാലുവര്‍ഷ ബിരുദ പ്രോഗ്രാമിനോട് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഒരു സെമസ്റ്റര്‍ ആണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. പുതിയൊരു രീതി അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പൊതുവെ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. 


കുട്ടികള്‍ക്ക് പഠനം സുഖമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ കോളേജുകളില്‍ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട ക്രമീകരണം ഏര്‍പ്പെടുത്തുന്നതായും ഡോ. ബിന്ദു വ്യക്തമാക്കി.

Advertisment