/sathyam/media/media_files/2025/08/15/untitledmoddq-2025-08-15-12-57-51.jpg)
കൊച്ചി: 'മതിലുകള്‍ക്കപ്പുറം' റേഡിയോ പരിപാടിയുടെ രണ്ടാം പതിപ്പുമായി മിര്‍ച്ചി. ഇത്തവണ മിര്‍ച്ചി ശബ്ദം നല്‍കിയത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും അദൃശ്യമായ മതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ക്കാണ്. 'സ്ത്രീകളും മതിലുകളും' എന്ന ശക്തമായ പ്രമേയമാണ് ഇത്തവണ പരിപാടി ചര്‍ച്ച ചെയ്തത്.
മിര്‍ച്ചി മലയാളത്തിന്റെ ഈ ഉദ്യമത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സൂപ്രണ്ട് അനില്‍കുമാര്‍ കെ അഭിനന്ദിച്ചു. റേഡിയോ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണെന്നും, ഒരുപാട് തടസ്സങ്ങള്‍ മറികടന്നാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിപാടി തടവറയ്ക്കുള്ളിലും പുറത്തും സ്ത്രീകള്‍ നേരിടുന്ന അദൃശ്യമായ തടസ്സങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്വാതന്ത്ര്യം, അവകാശങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവയെ ഈ മതിലുകള്‍ എങ്ങനെയാണ് ബാധിക്കുന്നതെന്നും പരിപാടി ചര്‍ച്ച ചെയ്തു.
ഗായികയും നടിയുമായ സയനോര, കേരള ഹൈക്കോടതിയിലെ കുടുംബ അഭിഭാഷക അഡ്വ. ശ്രുതി ദാസ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ റഫിയ അഫി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഒതുങ്ങാനും സ്വപ്നങ്ങള്‍ ബലികഴിക്കാനും സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു എന്ന് സയനോര അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ചുള്ള നിയമപരമായ വിവരങ്ങള്‍ അഡ്വ. ശ്രുതി ദാസ് പങ്കുവെച്ചപ്പോള്‍, വിവാഹമോചിതരായ സ്ത്രീകളെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ച് റഫിയ അഫി സംസാരിച്ചു.
പുരുഷന്മാര്‍ക്കായി നിര്‍മ്മിക്കപ്പെട്ടതും, സ്ത്രീകളെ അദൃശ്യരും പോരാടാന്‍ കഴിവില്ലാത്തവരുമാക്കി മാറ്റുന്നതുമായ സമൂഹമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന അദൃശ്യ മതില്‍ എന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
നഗരത്തിലുടനീളം മിര്‍ച്ചി ആര്‍.ജെ.മാര്‍ നടത്തിയ ഔട്ട്ഡോര്‍ ബ്രോഡ്കാസ്റ്റുകളിലൂടെ സാധാരണക്കാര്‍ക്കും തങ്ങളുടെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിലെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെയും വനിതാ തടവുകാര്‍ പങ്കെടുത്ത റേഡിയോ ഷോയായിരുന്നു ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണം.
'ആര്‍.ജെ. ശ്രീ' എന്ന സാങ്കല്‍പ്പിക പേരില്‍ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ, താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് രാത്രിയിലെ ആകാശമാണെന്നും, തെറ്റിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണെന്നും പറഞ്ഞു.
മറ്റൊരു 'ആര്‍.ജെ. അപ്പു', തന്റെ മകനില്‍ നിന്ന് അകന്നു കഴിയുന്നതിന്റെ വേദന കണ്ണീരോടെ പങ്കുവെക്കുകയും, അളവില്ലാത്ത സ്‌നേഹം അവനോട് തുറന്നുപറയുകയും ചെയ്തു.
'മതിലുകള്‍ക്കപ്പുറം 2.0' വെറുമൊരു റേഡിയോ പരിപാടി മാത്രമല്ല, സംഭാഷണങ്ങള്‍ തുടങ്ങാനും, മുന്‍വിധികളെ ചോദ്യം ചെയ്യാനും, മാറ്റങ്ങള്‍ക്ക് പ്രചോദനമാകാനും ലക്ഷ്യമിട്ടുള്ള ഒരു മുന്നേറ്റമാണ്.