രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട മാസ്സ് തിയേറ്റര്‍ ഉടമയുമായ റാഫേൽ

പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട മാസ്സ് തിയേറ്റര്‍ ഉടമയുമായ റാഫേലിന്റെ ഭീഷണി നേരത്തെയും തനിക്ക് നേരെ ഉണ്ടായിരുന്നെന്നും സുനില്‍ ആരോപിച്ചു.

New Update
ragam-sunil

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍കുമാറിനെയും ഡ്രൈവര്‍ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ഇരിങ്ങാലക്കുട മാസ്സ് തിയേറ്റര്‍ ഉടമയെന്ന് വെളിപ്പെടുത്തല്‍. 

Advertisment

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുനില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട മാസ്സ് തിയേറ്റര്‍ ഉടമയുമായ റാഫേലിന്റെ ഭീഷണി നേരത്തെയും തനിക്ക് നേരെ ഉണ്ടായിരുന്നെന്നും സുനില്‍ ആരോപിച്ചു. 

സുനിലിനെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ സിജോയ്ക്ക് തന്നെ ആക്രമിക്കാന്‍ പണം നല്‍കിയത് ആരെന്ന വിവരം പുറത്തുവരണം എന്നും സുനില്‍ ആവശ്യപ്പെട്ടു.

 ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സിനിമകള്‍ കൊടുത്തതിന്റെ പേരില്‍ തനിക്ക് വലിയൊരു തുക റാഫേല്‍ തരാനുണ്ടെന്നും ഇത് ചോദിച്ചതിന് ഭീഷണിയാണ് മറുപടി ലഭിച്ചതെന്നും സുനില്‍ പറഞ്ഞു. 

തൃശൂര്‍ എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസിലെ പ്രധാന പ്രതികളായ ആദിത്യന്‍, ഗുരുദാസ് എന്നിവരുമായി പൊലീസ് ഇന്ന് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇവര്‍ ആലപ്പുഴ സ്വദേശികളാണ്. സുനിലിനെ വെട്ടിയ രണ്ടുപേരാണ് ആദിത്യനും ഗുരുദാസും.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. കേസില്‍ നാലുപ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ കൂട്ടുപ്രതി ഇപ്പോഴും ഒളിവിലാണ്. 

പ്രവാസിവ്യവസായിയുടെ സുഹൃത്തിന്റെ കാറിലാണ് ക്വട്ടേഷന്‍ സംഘമെത്തിയത് എന്നും പൊലീസ് സിസിടിവി പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 

സുനിലിന്റെ മുളങ്കുന്നത്തുകാവിലെ വീടിനു മുന്നില്‍ വച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച സംഘം ആക്രമിച്ചത്.

ഡ്രൈവറേയും തുടര്‍ന്ന് സുനിലി നേയും വെട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

സിസിടി വിയില്‍ മുഖം വ്യക്തമായതിനെ തുടര്‍ന്നാണ് പൊലീസ് ആദിത്യനേയും ഗുരുദാസിനേയും അറസ്റ്റ് ചെയ്തത്.

പറവട്ടാനി സ്വദേശി സിജോയാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിലയിരുത്തല്‍. ഇയാളും അറസ്റ്റിലാണ്.

അതേസമയം, രാഗം തിയേറ്റര്‍ ഉടമയായ ജോര്‍ജുമായും സുനിലിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രവാസി വ്യവസായിയായ ജോര്‍ജ് പിന്നീട് തിയേറ്റര്‍ ബി എല്‍ എം എന്ന സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനത്തിന് തീറെഴുതി.

ഇതുസംബന്ധിച്ച തര്‍ക്കത്തില്‍ കോടതി ഉത്തരവിന്റെ ബലത്തിലാണ് സുനില്‍ ഇപ്പോഴും രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരനായി തുടരുന്നത്. 

അടുത്തിടെ ബി എല്‍ എം ഗ്രൂപ്പുകാര്‍ തങ്ങളുടെ ഡിസ്‌പ്ലേ ബോര്‍ഡ് വയ്ക്കാനായി രാഗത്തില്‍ എത്തിയപ്പോള്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

 തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയാണ് അവര്‍ ബോര്‍ഡ് സ്ഥാപിച്ചത്.

Advertisment