/sathyam/media/media_files/DltqLHfMXeEzqnNLtNoO.jpg)
കൊല്ലം: മുന്‍ വൈരാഗ്യം മൂലം മകളുടെ ഭർത്താവിനെ വെട്ടിക്കൊന്ന പിതാവിന് ജീവപര്യന്തം കഠിനതടവ്. അഞ്ചൽ കോട്ടുക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെ (33) കൊന്ന കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ ചേരിയിൽ ഉത്രംവീട്ടിൽ അരവിന്ദനെ (63) ശിക്ഷിച്ചത്.
ഒരുലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവായി. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. 2018 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയുടെ മകൾ ആദ്യവിവാഹം വേർപെടുത്തിയശേഷം 2015-ൽ രാഗേഷിനെ വിവാഹം ചെയ്തു. രാഗേഷിന്റെ ആദ്യവിവാഹമായിരുന്നു. വിവാഹാലോചനാവേളയിൽ രാഗേഷിന് തൊഴിൽ കണ്ടെത്താൻ പ്രതി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
വിവാഹ ശേഷം അതിൽ നിന്നു പിന്മാറിയതിനെ തുടർന്ന് ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രതിയുടെ വീട്ടിൽ പോയ ഭാര്യയും കുഞ്ഞും മടങ്ങിവരാത്തതിനെ തുടർന്ന് രാഗേഷ് സംഭവ ദിവസം അവരെ അന്വേഷിച്ചെത്തിയപ്പോൾ അരവിന്ദൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു.
പ്രാണരക്ഷാർഥം പുറത്തേക്കോടി വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ഒഴിച്ചു കൊണ്ടിരുന്നപ്പോൾ ചുറ്റികയും വെട്ടുകത്തിയുമായെത്തി അടിച്ചും കാലിൽ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us