Advertisment

കുഞ്ഞുമായി തിരികെ വീട്ടില്‍ കയറരുതെന്ന് ഭര്‍ത്താവ് പറഞ്ഞു, ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി, ചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനാഥാലയത്തില്‍ നല്‍കാമെന്ന് രതീഷ് പറഞ്ഞതായാണ് ആശ നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു.

New Update
ratheeshhUntitledrain

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ അമ്മ ആശയ്‌ക്കൊപ്പം കൂട്ടിരിപ്പുകാരനായാണ് സുഹൃത്തായ രതീഷ് എത്തിയത്. ആശയുടെ ഭര്‍ത്താവ് എന്ന വ്യാജേനയാണ് അവിടെ നിന്നത്.

Advertisment

ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി കൈമാറുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

കുഞ്ഞ് രതീഷിന്റെയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞതായാണ് ആശ മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.ഈ കുഞ്ഞുമായി തിരികെ വീട്ടില്‍ കയറരുതെന്ന് ഭര്‍ത്താവ് ആശയോട് പറഞ്ഞു. തുടര്‍ന്നാണ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി രതീഷ് തന്നെ എത്തിയത്.

26-ാം തീയതിയായിരുന്നു പ്രസവം. 30ന് ഡിസ്ചാര്‍ജ് അനുവദിച്ചതാണ്. എന്നാല്‍ 31നാണ് അവര്‍ ആശുപത്രി വിടുന്നത്. അന്നേദിവസം ഇരുവരും ഏറെ നേരം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം വൈകിയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി ആശ രതീഷിനെ ഏല്‍പ്പിക്കുകയായിരുന്നു. അനാഥാലയത്തില്‍ നല്‍കാമെന്ന് രതീഷ് പറഞ്ഞതായാണ് ആശ നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപം കുഴിച്ചിട്ടെന്നും രതീഷ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ആശയെ പൊലീസ് ചോദ്യം ചെയ്യുന്നു എന്ന് അറിഞ്ഞ രതീഷ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് രതീഷിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു.

Advertisment