/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ വിവരം പ്രതിപക്ഷനേതാവ് സ്പീക്കറെ അറിയിച്ചതോടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
രാഹുലിനെതിരെ നിലപാടിൽ വി.ഡി സതീശൻ ഉറച്ച് നിൽക്കുകയും പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷൻ സ്പീക്കറെ അറിയിക്കുകയും ചെയ്തത് രാഹുലിന് തിരിച്ചടിയായിട്ടുണ്ട്. യു.ഡി.എഫ് എം.എൽ.എമാർക്കൊപ്പം ഇനി രാഹുലിന് ഇരിക്കാനാവില്ല. പാലക്കാട് എം.എൽഎയ്‌ക്കെതിരായുള്ള ആരോപണങ്ങളിൽ ഇതോടെ യു.ഡി.എഫിനെതിരായ സി.പി.എമ്മിന്റെ കുന്തമുനയൊടിഞ്ഞു.
മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തി കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കാനിരുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കങ്ങളെയാണ് രാഹുലിനെ സസ്‌പെന്റ് ചെയ്ത വി.ഡി സതീശന്റെ സർജ്ജിക്കൽ സ്‌ട്രൈക്കോടെ ഇല്ലാതായത്.
ഇതിന് പുറമേ സമാന ആരോപണങ്ങളിൽപ്പെട്ട സി.പി.എം എം.എൽ.എയായ എം.മുകേഷിനെയും ഇത് പ്രതിരോധത്തിലാക്കും. സഭാ സമ്മേളനത്തിൽ അവധി നൽകാതെ പങ്കെടുക്കാതിരുന്നാലും ഇനി രാഹുലിന് എം.എൽ.എ സ്ഥാനം നഷ്ടമാകില്ല.
തുടർച്ചയായി 60 ദിവസം സഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കെതിരെ മാത്രമേ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കൂ. എന്നാൽ നിലവിൽ സഭ സമ്മേളിക്കുന്നത് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 9 വരെയാണ്. ഇതിനിടയിൽ നീണ്ട അവധികൾ വരുന്നതിനാൽ വെറും 12 ദിവസമാണ് സമ്മേളന കലണ്ടർ.
അടുത്ത വർഷം ആദ്യം നടക്കുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിലും രാഹുൽ പങ്കെടുക്കാതിരുന്നാലും 60 ദിവസത്തെ തുടർച്ചയായ ഹാജർ ഇല്ലായ്മ എന്ന മാനദണ്ഡം ബാധകമാവില്ല.
നിലവിൽ ആരോപണങ്ങളിൽപെട്ട് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്തായതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിയും തുലാസിലായിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വൻ ഭുരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2021-ൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പിൽ പാലക്കാട് നിന്ന് വി ജയിച്ചത്. 2016-ൽ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന് 18724 വോട്ടിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഭുരിപക്ഷം നേടിയാണ് രാഹുൽ തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ ഒരു സഭാ കാലാവധി പോലും പൂർത്തിയാക്കാതെ ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ട് കാലിടറിയാണ് രാഹുൽ പുറത്തേക്ക് പോകുന്നത്.