രാഹുലിനെതിരെ ബലാൽസംഗ കുറ്റവും നിർബന്ധിത ഗർഭഛിദ്രവും ചുമത്തി വലിയമല പോലീസിൻ്റെ എഫ്.ഐ.ആർ. ബലാൽസംഗം ചെയ്തത് വിവിധയിടങ്ങളിലായി അഞ്ച് തവണ. നിർബന്ധിച്ച് അബോർഷൻ മരുന്ന് കഴിപ്പിച്ചു. ഗുളികകൾ എത്തിച്ചത് രാഹുലിൻ്റെ സുഹൃത്തെന്നും എഫ്.ഐ അറിൽ

New Update
rahul mankoottathil-5

തിരുവനന്തപുരം: പാലക്കാട് എം.എൽ എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗവും നിർബന്ധിത ഗർഭ ഛിദ്രവും ചുമത്തി വലിയ മല പൊലീസിൻ്റെ എഫ്.ഐ.ആർ.

Advertisment

2025 മാർച്ചിൽ അതിജീവിതയുടെ ഫ്ലാറ്റിലെത്തി രണ്ട് തവണയും ഏപ്രിൽ അതേയിടത്ത് തന്നെ ഒരു തവണയും മെയ്യിൽ പാലക്കാട്ടെ രാഹുലിൻ്റെ ഫ്ലാറ്റിൽ രണ്ട് തവണയും ബലാൽസംഗത്തിനിരയാക്കിയെന്നാണ് എഫ്.ഐ. ആറിൽ പറയുന്നത്. 

55cb311b-7ca9-478d-a0d6-dcbfade9a1df

മാർച്ച് 17 ന് നടന്ന ബലാൽസംഗത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അതിജീവിതയുടെ സമ്മതം കൂട്ടാതെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചെന്നും താനുമായി ബന്ധമുണ്ടെന്ന് പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ അറിൽ പറയുന്നു. 


അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും 2025 ഏപ്രിലിലും മെയ്യിലും ബലാൽസംഗത്തിനിരയാക്കി എന്ന കുറ്റാരോപണവും രാഹുലിൻ്റെ മേൽ ചുമത്തിയിട്ടുണ്ട്. 


മെയ് 30 ന് കാറിൽ വെച്ചാണ് രാഹുലിൻ്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് കാറിൽ വെച്ച് ഗർഭഛിദ്രം നടത്തുന്നതിനുള്ള ഗുളികകൾ കൊടുത്തതെന്നും ഇതിൽ പറയുന്നത്.

തുടർന്ന് രാഹുൽ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വലിയമല പോലീസ് കേസെടുത്തത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബോര്‍ഷനുള്ള മരുന്ന് കഴിപ്പിച്ചതെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.


അടൂരുള്ള വ്യാപാരിയായ രാഹുലിൻ്റെ സുഹൃത്തായ ജോബി ജോസഫ് വഴിയാണ് രാഹുല്‍ മരുന്ന് എത്തിച്ചത്. ഇയാളെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.


ഡോക്ടറെ കാണാനോ പരിശോധനകള്‍ ഒന്നും നടത്താനോ അനുവദിക്കാതെയാണ് മരുന്ന് കഴിപ്പിച്ചതെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഇതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

മരണം വരെ സംഭവിക്കാവുന്ന ഘട്ടത്തിലൂടെ കടന്നു പോയതെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.

rahul-mamkoottathil-case

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടുണ്ട്. മൊബൈല്‍ ഓഫ് ചെയ്ത നിലയിലാണ്. പാലക്കാടും പത്തനംതിട്ടയിലും വ്യാപക പരിശോധന നടക്കുന്നുണ്ട്. എംഎല്‍എ ഓഫീസ് ഇന്നലെ തന്നെ പൂട്ടിയിുന്നു. എംഎല്‍എ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവമാക്കിയിട്ടുണ്ട്. കൊച്ചിയിലെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടവുമായി രാഹുല്‍  ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.

Advertisment