/sathyam/media/media_files/2025/09/30/untitled-2025-09-30-13-22-05.jpg)
തിരുവനന്തപുരം : സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേസ് നൽകിയ കോൺഗ്രസ് നേതാവിന്റെ മൊഴിയെടുത്ത് തിരുവല്ല പൊലീസ്.
ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയും തിരുവല്ലയിൽ സ്ഥിരതാമസക്കാരനുമായ അഡ്വ. ബിപിൻ മാമ്മന്റെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്ന് ഇതുസംബന്ധിച്ച അടിയന്തിര പ്രമേയം സഭയിൽ അവതരിപ്പിക്കാൻ യു.ഡി.എഫ് തയ്യാറെടുത്തിരുന്നെങ്കിലും സ്പീക്കർ അതിന് അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു.
നിയമസഭയിൽ നിന്ന് യു.ഡി.എഫ് വോക്കൗട്ട് നടത്തിയതിന് തൊട്ട് പിന്നാലെയാണ് തിരുവല്ല പൊലീസ് അഡ്വ.ബിപിൻ മാമന്റെ പരാതിയിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. പ്രിന്റു മഹാദേവിനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും അയാളുടെ ചാനൽ ചർച്ചയിലെ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമാണ് ബിപിൻ മാമൻ മൊഴി നൽകിയിട്ടുള്ളത്.
പരാമർശത്തിന് പിന്നിൽ ഗൂഡാലോചന സംശയിക്കുന്നുണ്ട്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം ഇതുവരെ പ്രിന്റു മഹാദേവനോ അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയോ തള്ളിപ്പറഞ്ഞിട്ടില്ല. ഗൂഡാലോചനയുള്ളത് കൊണ്ട് തന്നെയാണ് ഇതിനെ തള്ളി പ്രിന്റുവോ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയോ തള്ളിപ്പറയാതിരുന്നതെന്നും ബിപിൻ മാമൻ വ്യക്തമാക്കി.
''ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങൾ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സർക്കാറിന്റെ കൂടെ ജനങ്ങൾ ഒപ്പമുണ്ട്.അതുകൊണ്ട് അങ്ങനെ ഒരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ നെഞ്ചത്ത് വെടിയുണ്ട വീഴും... ഒരു സംശയവും വേണ്ട'' ഇതായിരുന്നു പ്രിന്റു മഹാദേവിന്റെ വിവാദ പരാമർശം.
സൈബർ ഇടങ്ങളിലെ കമന്റുകളുടെ പേരിൽ കേസെടുക്കുന്ന പോലീസ് ഈ വിവാദ പരാമർശം കേട്ടതായിപ്പോലും നടിച്ചിരുന്നില്ല.
പ്രിന്റു മഹാദേവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടും ഒന്നോ രണ്ടോ എഫ്.ഐ.ആർ ഇട്ടതല്ലാതെ അറസ്റ്റിലേക്ക് കടന്നിട്ടില്ല. ആലപ്പുഴ ഡി.സി.സി സെക്രട്ടറി അഡ്വ ബിപിൻ മാമനാണ് ആദ്യം പരാതി നൽകിയത്.
ഞായറാഴ്ച (28ന്) തന്നെ തിരുവല്ല എസ്.എച്ച.്ഒയ്ക്ക് അദ്ദേഹം പരാതി നൽകിയിരുന്നു. പിന്നീട് കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, അഡ്വ പ്രാണ കുമാർ തുടങ്ങിയവരും പരാതി നൽകിയിട്ടുണ്ട്.
ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ബി.ജെ.പി -സി.പി.എം ഒത്തു തീർപ്പുണ്ടെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.
സി.പി.എം ഇന്ത്യാ മുന്നണിയുടെ ഭാഗമായിട്ടും സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ കർശന നിലപാടെടുക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.