/sathyam/media/media_files/2025/12/05/rahul-2025-12-05-12-08-08.jpg)
കോട്ടയം: സകല തോന്ന്യവാസങ്ങളും കാണിക്കുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൻ്റെ ആത്മവിശ്വാസം കോൺഗ്രസ് പാർട്ടി തൻ്റെ ഒപ്പം ഉണ്ട്, തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ടുവരില്ല എന്നായിരുന്നു.
ഇപ്പോൾ കോൺഗ്രസ് പാർട്ടിയാൽ നിന്നു തന്നെ രാഹുലിനെ പുറത്താക്കിയ സാഹചര്യത്തിൽ കൂടുതൽ പരാതികൾ രാഹുലിനെതിരെ വരാൻ സാധ്യത.
രാഹുലിൽ നിന്നു ഉപദ്രവം നേരിട്ട നിരവധി വനിതകൾ കോൺഗ്രസ് പാർട്ടിയിൽ തന്നെയുണ്ടെന്നു വനിതാ നേതാക്കൾ തന്നെ തുറന്നു പറഞ്ഞിരുന്നു.
ആദ്യം നിയോഗിച്ച അന്വേഷണ സംഘത്തിന് മാത്രം നേരിട്ടല്ലാതെ ഇമെയിൽ വഴി പന്ത്രണ്ടോളം പരാതികളാണ് ലഭിച്ചത്. തങ്ങൾക്ക് അടുത്തറിയാവുന്ന കുട്ടികൾക്ക് ഉണ്ടായ അനുഭവം പറയുന്ന മെയിലുകളായിരുന്നു ഇവ.
നേരിട്ട് ആരും പരാതി നൽകാതെ വന്നതോടെ തുടർ നടപടികൾ ഈ പരാതികളിൽ ഉണ്ടായില്ല. അടുത്തിടെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ വെളിപ്പെടുത്തിയത് പതിനഞ്ചോളം സംഭവങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ്. ഇവർ ആരും പരാതിയുമായി വന്നിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാഹുലിനെതിരേയുള്ള വിവാദങ്ങൾ ഉയർന്നു തുടങ്ങിയത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചു, പിന്നാലെ മുഖം രക്ഷിക്കാന്‍ സസ്‌പെന്‍ഷന്‍.
അതോടെ അവസാനിക്കുമെന്ന് കരുതിയ വിവാദങ്ങള്‍ സത്യത്തില്‍ അവിടുന്നങ്ങോട്ടാണ് കൂടുതല്‍ ചര്‍ച്ചയായത്. പലരും രാഹുലിന്റെ മോശം പെരുമാറ്റം പരസ്യമായി തുറന്നുപറഞ്ഞു.
ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനെന്ന് ഒരിക്കല്‍ രാഹുലിനെ വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ രാഹുലിന്റെ നിശിത വിമര്‍ശകനായി.
എന്നാല്‍ അന്നെല്ലാം 'ഹൂ കെയേഴ്സ്' എന്ന മനോഭാവമായിരുന്നു രാഹുലിന്. വോയിസ് റെക്കോഡുകളും വാട്സാപ്പ് ചാറ്റുകളും പുറത്തു വന്നപ്പോഴും നിയമപരമായി ഒരു തെറ്റും ചെയ്തില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നു.
ഒടുവില്‍ അതിജീവിതയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയതോടെ കളി മാറി. അതുവരെ വീരവാദം പറഞ്ഞ രാഹുല്‍ നിന്നനില്‍പ്പിന് ഒളിവില്‍പോയി.
ഇതിനിടെ മറ്റൊരു യുവതിയും രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചു. പിന്നാലെ കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ വലിയൊരു നിരയും രാഹുലിനെതിരേ നിലകൊണ്ടു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതികൂല വിധിയുണ്ടായാല്‍ ഉടന്‍ രാഹുലിനെ പുറത്താക്കാം എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
രാഹുലിനെ ഇനിയും സംരക്ഷിച്ചാല്‍ ജനം എതിരാകുമെന്ന തിരിച്ചറിവാണ് നേതൃത്വത്തേക്കൊണ്ട് ഇത്തരമൊരു ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
ശരവേഗത്തില്‍ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന യുവനേതാവ് അതിനേക്കാള്‍ വേഗത്തില്‍ അപ്രസക്തനാകുന്ന കാഴ്ച.
ഒരു ലൈംഗിക പീഡനക്കേസില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എ കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി പിടിവള്ളിയൊന്നുമില്ലാതെ നില്‍ക്കുന്ന രാഹുല്‍ എംഎല്‍എ സ്ഥാനം എപ്പോള്‍ രാജിവെക്കുമെന്നാണ് ഇനി അറിയേണ്ടത്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ എത്രയും വേഗം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us