‘പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല, പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു'; അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പ്രതിരോധവുമായി രാഹുല്‍

New Update
rahul

പത്തനംതിട്ട: രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പ്രതിരോധം തീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിൽ.

Advertisment

തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണമാണ് പുറത്തു വിട്ടത്. താന്‍ കാരണം കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലാകണമെന്ന് ആഗ്രഹമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ കാരണം ഏതെങ്കിലുമൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ തലകുനിച്ച് ന്യായീകരിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ്. ഈ പാര്‍ട്ടിക്കു വേണ്ടി എല്ലായിപ്പോഴും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. തനിക്കെതിരെ പേര് ഉന്നയിച്ച് ആരോപണം ഉന്നയിച്ചത് ട്രാന്‍സ് സുഹൃത്ത് അവന്തികയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അവന്തിക ഓഗസ്റ്റ് ഒന്നിന് രാത്രി എട്ടു മണിയോടെ ഫോണില്‍ വിളിച്ച് ചേട്ടനെതിരായ എന്തെങ്കിലും പരാതിയുണ്ടോ, മോശപ്പെട്ട സംഭവമുണ്ടോയെന്ന് ചോദിച്ചു. സിപിഎം തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന സമയമായിരുന്നു. 

ചേട്ടനെ കുടുക്കാനുള്ള ശ്രമമായിട്ട് തോന്നി. അതുകൊണ്ടാണ് അങ്ങോട്ടു വിളിച്ചതെന്നും അവന്തിക പറഞ്ഞെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇതിനു ശേഷമാണ് അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും രാഹുല്‍ പുറത്തു വിട്ടത്.

ഇപ്പോള്‍ ജീവന്‍ അപകടത്തിലായ അവസ്ഥയിലാണെന്നാണ് അവന്തിക പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുമോ?. എന്തിനാണ് റിപ്പോര്‍ട്ടറുമായിട്ടുള്ള കോള്‍ റെക്കോര്‍ഡിങ് തനിക്ക് അയച്ചു തന്നതെന്നും രാഹുല്‍ ചോദിച്ചു. 

ഇനിയും അവരെ പരിശീലിപ്പിക്കുന്നവര്‍ക്ക് തുടര്‍ന്നും പരിശീലിപ്പിക്കാം. അതിനൊന്നും കൂടുതലായിട്ട് മറുപടി പറയുന്നില്ല. പറഞ്ഞതിന്റെ പേരില്‍ അവരെ തള്ളിപ്പറയാനില്ലെന്ന് രാഹുല്‍ പറഞ്ഞു.

ഒരുപാട് കാര്യങ്ങള്‍ ഇനിയും തനിക്ക് ജനങ്ങളോട് പറയാനുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നീട് പറയാം. കോടതിയും നിയമങ്ങളുമാണ് താന്‍ തെറ്റുകാരനാണോ എന്ന് പറയേണ്ടത്.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ആഗ്രഹിച്ചിട്ടില്ല. താനും ഈ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചിട്ടുള്ള ആളാണ്. താന്‍ കാരണം പ്രവര്‍ത്തകര്‍ ഒരുപാട് പ്രതിരോധിക്കേണ്ടി വന്നതില്‍ അവരോട് ക്ഷമ ചോദിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Advertisment