പാലക്കാട് : കോൺഗ്രസ് വിമതനെ പുറത്ത് ചാടിച്ച് സ്ഥാനാർഥി ആക്കിയിട്ടും പാലക്കാട് മണ്ഡലത്തിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തൂത്തെറിയപെട്ടത് സിപിഎമ്മിന് വൻ തിരിച്ചടിയായി.
വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തുമെന്നായിരുന്നു സിപിഎമ്മിന്റെ ഉറച്ച വിശ്വാസം. എന്നാൽ 2016 മുതൽ ഇങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിലെ പോലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്.
നഗരസഭയിൽ പാർട്ടിയുടെ സ്വാധീനം കുറയുന്നുവെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുകയും ചെയ്തു. ഇതും പാലക്കാട് സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്.
പാലക്കാട് നഗപരിധിയിൽ നിന്ന് 16719 വോട്ടാണ് ഇടത് സ്ഥാനാർഥി പി. സരിന് ലഭിച്ചത്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ നിന്ന് 363 വോട്ടുകൾ മാത്രമാണ് ഉപ തെരഞ്ഞെടുപ്പിൽ അധികമായി നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും ഇപ്പോൾ നേടിയ വോട്ടും തമ്മിലുള്ള വ്യത്യാസം 263 വോട്ടാണ്.
നഗരസഭാ പരിധിയിൽ നില മെച്ചപ്പെടുത്താൻ പാർട്ടിക്ക് കഴിയുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. നഗരസഭയിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാതെ പോയി എന്നത് മാത്രമല്ല സിപിഎമ്മിനെ അലട്ടുന്നത്. മണ്ഡലത്തിലെ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച ഭൂരിപക്ഷത്തിന് അടുത്ത് പോലും എത്താൻ കഴിയാത്തതും പാർട്ടിയെ നിരാശരാക്കുന്നുണ്ട്.
കണ്ണാടി പഞ്ചായത്തിൽ 393 വോട്ടിന്റെ ലീഡ് മാത്രമാണ് സിപിഎമ്മിന് നേടാനായത്. മാത്തൂരിലും സമാനമായ സ്ഥിതിയാണ് . 397 വോട്ടാണ് മാത്തൂരിലെ സിപിഎമ്മിന്റെ ലീഡ്. കണ്ണാടി പഞ്ചായത്തിൽ 4000 വോട്ടുകളുടെ ലീഡാണ് സിപിഎം പ്രതീക്ഷിച്ചത്. കണ്ണാടിയിൽ ഉണ്ടായ തിരിച്ചടിയാണ് സിപിഎമ്മിനെ ഇത്തവണയും പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടത്.
മണ്ഡലത്തിൽ യുഡിഎഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുമായി 2090 വോട്ടിന്റെ വ്യത്യാസമാണ് സിപിഎമ്മിന് ഉള്ളത്. കണ്ണാടിയിലെ പ്രകടനം മെച്ചമായിരുന്നെങ്കിൽ രണ്ടാം സ്ഥാനം നേടാൻ കഴിയുമായിരുന്നു എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
വീണ്ടും മൂന്നാം സ്ഥാനത്ത് ആയതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള തീരുമാനങ്ങളിൽ പാലിച്ചു ഉണ്ടായിട്ടുണ്ടോ എന്ന ചർച്ച സിപിഎമ്മിൽ സജീവമായി. ഒരു രാത്രികൊണ്ട് കോൺഗ്രസിൽ നിന്ന് കാലു മാറി വന്നയാളെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്ന ചർച്ചയാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്.
വിവാദമായ ആത്മകഥയിൽ ഇ.പി. ജയരാജൻ കാലുമാറി വന്ന സരിനെ സ്ഥാനാർത്ഥിയാക്കിയത് ചോദ്യം ചെയ്തത് അണികളെ സ്വാധീനിച്ചു എന്നതും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ നേതൃത്വം ഈ വാദങ്ങൾ തള്ളിക്കളയുകയാണ്.
സരിൻ സ്ഥാനാർഥിയായില്ലെങ്കിൽ എൽഡിഎഫിന്റെ സ്ഥിതി ഇതിലും പരുങ്ങലിൽ ആകുമായിരുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. നീല പെട്ടി ഉൾപ്പെട്ട കള്ളപ്പണ വിവാദം തിരിച്ചടിച്ചോ എന്നതും പാർട്ടിയിൽ ചർച്ചയാണ്.
മുതിർന്ന നേതാവ് എൻ. എൻ.കൃഷ്ണദാസ് തന്നെ പെട്ടി വിവാദത്തെ പരസ്യമായി തള്ളി പറഞ്ഞിരുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വന്ന വിവാദ പരസ്യവും പ്രതികൂലം ആയെന്ന് വിമർശനം ഉണ്ട്. സന്ദീപ് വാര്യരുടെ വിദ്വേഷ പ്രസംഗങ്ങൾ അടങ്ങുന്ന പരസ്യം സുന്നി വിഭാഗത്തിന്റെ മുഖപത്രങ്ങളായ സുപ്രഭാതത്തിലും സിറാജിലും പരസ്യമായി വന്നതാണ് വിവാദമായത്.
മുസ്ലിം മേഖലകളായ പിരായിരി പഞ്ചായത്തിലും മറ്റും സിപിഎം പ്രവർത്തകർ പത്രം പ്രചരിപ്പിക്കുകയും ചെയ്തു. പിരായിരിയിൽ യുഡിഎഫിന് വൻ മുന്നേറ്റമാണ് ഉണ്ടായത്. ഇതാണ് പരസ്യ വിവാദം തിരിച്ചടിച്ചോ എന്ന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ ഇതെല്ലാം വരുംദിവസങ്ങളിൽ ചർച്ചയാകും.