/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
തിരുവനന്തപുരം: വാര്‍ത്താ ചാനലുകളിലൂടെ പുറത്തുവന്ന ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയാ ക്‌ളിപ്പിലെ യുവതി സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി കൊടുക്കില്ലെന്ന് ഉറപ്പിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ എത്തിയതെന്ന് സൂചന.
നിയമസഭാ സമ്മേളനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് പ്രതികരിച്ചതും ഈ ആത്മവിശ്വാസത്തില്‍ നിന്നാണ്.
ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും തന്നെ ഒരു തരത്തിലും പിന്തുണക്കുന്ന സര്‍ക്കാരിന്റെ പൊലീസല്ല അന്വേഷണം നടത്തുന്നതെന്നും ആവര്‍ത്തിച്ച രാഹുലിന്റെ ആത്മവിശ്വാസം പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴികൊടുക്കില്ല എന്നതാണ്.
രാഹുലിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ 5 പരാതികള്‍ ഉണ്ടെങ്കിലും ഇതിലൊരാള്‍ പോലും നേരിട്ട് പീഡനം അനുഭവിച്ചയാളുകളല്ല. രാഹുലില്‍ നിന്ന് നേരിട്ട് പീഡനമേറ്റവരുടെ മൊഴിയോ പരാതിയോ ഇല്ലാതെ കേസ് അന്വേഷണം മുന്നോട്ട് പോകുകയില്ലെന്ന് മാത്രമല്ല ബന്ധപ്പെട്ട കേസുകള്‍ക്ക് നിയമപരമായ നിലനില്‍പ്പുമില്ല.
ഗര്‍ഭഛിദ്ര ഓഡിയോക്ക് പിന്നിലുളള പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ മൊഴിനല്‍കാന്‍ മുന്നോട്ട് വന്നിട്ടില്ല. ആരോപണം അടങ്ങിയ ഓഡിയോയുടെ ആദ്യ ഭാഗം പുറത്ത് വന്നതിന് ശേഷം ബന്ധപ്പെട്ട യുവതിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഒപ്പം താമസിച്ചിരുന്ന യുവതി ഫോണില്‍ സൂക്ഷിച്ചിരുന്ന ഓഡിയോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാണ് യുവതി നല്‍കിയ മറുപടിയെന്നാണ് രാഹുലിന്റെ അടുപ്പക്കാര്‍ നല്‍കുന്ന വിവരം. ചാനല്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടി ആരോപണത്തെ പ്രതിരോധിക്കാന്‍ ഇരിക്കുമ്പോഴാണ് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ ക്‌ളിപ്പ് കൂടി പുറത്തുവരുന്നത്.
ഇതേടെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും പുറത്ത് ഇറങ്ങാനാവാതെ വരികയും ചെയ്തു. ഇപ്പോള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്നോടിയായി വീണ്ടും ഓഡിയോ ക്‌ളിപ്പില്‍ ഉള്‍പ്പെട്ട യുവതിയുമായി സംസാരിച്ച് ധാരണയുണ്ടാക്കി എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാര്‍ പറയുന്നത്.
നേരിട്ട് പരാതിയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിലപാടുളള പ്രതിപക്ഷ നേതാവിനെ അടക്കം വെല്ലുവിളിച്ച് കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യദിനം തന്നെ നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ ഉറച്ച പിന്തുണയിലാണ് രാഹുല്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നത്.
രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കുന്നതിലും സംഘടനാ വിഷയങ്ങളിലും എല്ലാം വര്‍ക്കിങ്ങ് പ്രസിഡന്റുമാരുടെ സഹായം തേടുന്ന സണ്ണി ജോസഫും രാഹുലിനെ പിന്തുണക്കുന്നുണ്ട്.
പീഡന പരാതികളില്‍ കര്‍ശനമായ സമീപനം എടുക്കുന്ന വി.ഡി.സതീശന്റെ പ്രതിഛായ വര്‍ദ്ധിക്കുന്നതിലാണ് എ.പി.അനില്‍ കുമാറിന്റെയും പി.സി.വിഷ്ണുനാഥിന്റെയും എതിര്‍പ്പ്. രാഹുലിനോടൊപ്പം എല്ലാ നീക്കത്തിലും ഉളള ഷാഫി പറമ്പിലാണ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
പുറത്തുവന്ന ഓഡിയോക്ലിപ്പിന് പിന്നിലെ പുരുഷ ശബ്ദം തന്‍േറതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉത്തരം നല്‍കിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അന്വേഷണത്തിന്റെ പരിധിയിലുളള വിഷയത്തെ കുറിച്ച് പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
ഓഡിയോ ക്‌ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും രാഹുല്‍ പ്രതികരിച്ചു. മൊഴി നല്‍കാന്‍ ആരുമുണ്ടാകാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ ഈ പ്രതികരണങ്ങള്‍.
എന്നാല്‍ രാഹുലിനേക്കാള്‍ പ്രായക്കൂടുതലുളള ഐ.എ.എസ് ഉദ്യോഗസ്ഥക്ക് മോശം സന്ദേശം അയച്ചെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. ജില്ലയിലെ മുഖ്യഓഫീസറായിരുന്ന ഉദ്യോഗസ്ഥക്ക് മെസേജ് അയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ഉന്നത ഉദ്യോഗസ്ഥയും ഇതുവരെ പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടില്ല. ഒരു പരിചയവുമില്ലാത്ത തനിക്ക് മോശം സന്ദേശം ലഭിച്ചപ്പോള്‍ സ്തംബ്ധയായി പോയെന്നാണ് അവര്‍ അടുപ്പമുളളവരോട് പ്രതികരിച്ചിരിക്കുന്നത്.