/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ പരാതികളെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി.
രാഹുലിൽ നിന്ന് നേരിട്ട് മോശം അനുഭവങ്ങളോ പീഡനമോ ഏറ്റ ആരും മൊഴി നൽകാൻ മുന്നോട്ട് വരാത്തതാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തടസപ്പെടാൻ കാരണം.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണ പ്രവാഹത്തിന് തുടക്കം കുറിച്ച യുവനടിയും പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇതോടെ യുവ നടിയെ പരാതിക്കാരിയാക്കി കേസെടുക്കേണ്ടെന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ നടിക്ക് താല്പര്യം ഇല്ലാത്തതിനാൽ നിർബന്ധപൂർവ്വം കേസ് എടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘത്തിൻെറ വിലയിരുത്തൽ.
പരാതിയുമായി പൊലീസിനെ സമീപിച്ച അഞ്ച് പേരും രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നേരിട്ട് ദുരനുഭവങ്ങൾ ഉണ്ടായവരല്ല. ഉയർന്നുവന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയുളളതാണ് അഞ്ച് പരാതികളും.
ഈ പരാതികളിൽ കേസെടുത്തു മുന്നോട്ടുപോയാൽ തിരിച്ചടി ഉറപ്പാണ്. കേസ് പൊളിഞ്ഞാൽ കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പൊതുരംഗത്തെക്കിറങ്ങുകയും ചെയ്യും.
ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഉൾപ്പെട്ട യുവതിയുമായി ഒത്തുതീർപ്പിലെത്തിയ ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയത്.
ഓഡിയോ ക്ലിപ്പിൽ ഉൾപ്പെട്ട യുവതിയും പരാതി നൽകാനോ മൊഴി നൽകാനോ തയ്യാറായിട്ടില്ല.ഇതോടെ പീഡന പരാതികളിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ക്രൈം ബ്രാഞ്ച്.
പൊലീസ് മേധാവിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ ഇത് വരെയും നേരിട്ടുള്ള പരാതികൾ ഒന്നും ലഭിച്ചിട്ടില്ല.
പരാതി ഇല്ലെങ്കിലും ഔദ്യോഗികമായി നേരിട്ട് കോടതിയിൽ സമർപ്പിക്കാനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ ഘട്ടത്തിലാണ് ആരോപണം ഉന്നയിച്ച ഇരകളെ അങ്ങോട്ട് സമീപിച്ച് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്.
രാഹുലിനെതിരെ ആദ്യം വെളിപ്പെടുത്തൽ നടത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും പ്രാഥമിക മൊഴി എടുപ്പും നടത്തിയിരുന്നു. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്നു യുവനടി മൊഴി നൽകുകയും ചെയ്തിരുന്നു.
പിന്നാലെ നടന്ന് ശല്യം ചെയ്തതിൻെറ തെളിവായി രാഹുലിൽ നിന്ന് ലഭിച്ച മെസേജുകളുടെ
സ്‌ക്രീൻ ഷോട്ട് ഉൾപ്പടെയുളളവ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്‌തിരുന്നു.
മൊഴി നൽകുകയും തെളിവുകൾ കൈമാറുകയും ചെയ്തെങ്കിലും കേസും കൂട്ടവുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് യുവനടിയുടെ നിലപാട്.
അതുകൊണ്ടു തന്നെ യുവനടിയെ പരാതിക്കാരിയാക്കി കേസുമായി മുന്നോട്ട് പോയാൽ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളുടെ അനുഭവവും ക്രൈംബ്രാഞ്ചിനെ പിന്നോട്ട് വലിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.യുവനടിയെ സാക്ഷിയാക്കി കേസുമായി മുന്നോട്ടു പോകാനാവുമോ എന്നതാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. അതും ഫലം കാണുമോയെന്ന് കണ്ടറിയണം.
കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ നിയമസഭാ സമ്മേളനത്തിൻെറ ആദ്യദിവസം നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഈ സമ്മേളനകാലത്ത് ഇനി സഭയിലേക്ക് വന്നേക്കില്ല.
രാഹുലിനെ പിന്തുണക്കുന്ന നേതാക്കൾ ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകിയതായാണ് സൂചന. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അടക്കമുളള നേതാക്കളുടെ ചരോമപചാരം നടക്കുന്ന ദിവസമായതിനാൽ പ്രതിഷേധസ്വരം ഉയരില്ലെന്ന കണക്കുകൂട്ടലിലാണ് എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും ചേർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സഭയിൽ എത്തിച്ചത്.
ഈ സഭാ സമ്മേളനത്തിൽ ഒരു ദിവസമെങ്കിലും എത്തിയില്ലെങ്കിൽ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് അപേക്ഷ നൽകേണ്ടിവരുമായിരുന്നു. അത് വീണ്ടും സഭാതലത്തിൽ ചർച്ചക്ക് വഴിവെക്കും എന്ന് കരുതിയാണ് രാഹുലിനെ സഭയിൽ എത്തിച്ചതെന്നും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കൾ പറയുന്നുണ്ട്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെയും ഇങ്ങനെ ബോധ്യപ്പെടുത്തിയാണ് എ.പി.അനിൽകുമാറും ഷാഫി പറമ്പിലും ചേർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിൽ എത്തിച്ചത്.
എ.പി.അനിൽകുമാർ കർശന നിലപാട് എടുത്തിരുന്നെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരില്ലായിരുന്നു എന്ന് കരുതുന്നവരും കോൺഗ്രസിലുണ്ട്.
കെ.സി.വേണുഗോപാൽ ഗ്രൂപ്പിൻെറ കേരളത്തിലെ അവസാന വാക്കായ അനിൽകുമാറിൻെറ അഭിപ്രായങ്ങളെ കെ.സി.വേണുഗോപാലിൻെറ നിലപാടായി തന്നെയാണ് വായിക്കപ്പെടുന്നത്.
ഷാഫി പറമ്പിലിനോട് അളവിൽ കവിഞ്ഞ വിധേയത്വം പുലർത്തുന്ന എ.പി.അനിൽകുമാറിൻെറ സമീപനങ്ങൾ കെ.സി.വേണുഗോപാലിൻെറ പ്രതിഛായക്ക് തന്നെ ദോഷകരമായി മാറുന്നുണ്ട്.
നിയമ സഭയിലേക്കുളള വരവിൽ രാഹുലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്..