/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്നു.
കോൺഗ്രസിലെയും വ്യക്തിജീവിതത്തിലെയും മെന്ററായ ഷാഫി പറമ്പിലിന് എതിരായ പൊലീസ് അതിക്രമം വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തിലാണ് അതിൻെറ മറപറ്റി രാഹുൽ മാങ്കൂട്ടത്തിൽ പതുക്കെ പൊതു രംഗത്ത് സജീവമാകുന്നത്.
കുറെനാൾ വിട്ടുനിന്ന ശേഷം പാലക്കാട് മണ്ഡലത്തിൽ എത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് പൊതുപരിപാടികളിൽ മുഖം കാണിച്ചിരുന്നില്ല. പാലക്കാട് ഡിപ്പോയിൽ നിന്ന് ബംഗലരുവിലേക്ക് ആരംഭിച്ച പുതിയ സർവീസിൻെറ ഫ്ളാഗ് ഓഫ് ചടങ്ങിൽ മാത്രമാണ് രാഹുൽ പങ്കെടുത്തത്.
അത് വിവാദമായതോടെ പിന്നീട് പൊതു പരിപാടികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഷാഫി പറമ്പിൽ എം.പിക്ക് എതിരായ അക്രമത്തിൽ വലിയ പ്രതിഷേധം ഉയർന്ന ശനിയാഴ്ചയാണ് വീണ്ടും മണ്ഡലത്തിൽ തലപൊക്കിയത്.
ശനിയാഴ്ച നടന്ന ബാലസദസിലും കുടുംബശ്രീ വാർഷികത്തിലുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ഇരുപരിപാടികളിലും രാഹുൽ മാങ്കൂട്ടത്തിൽ തന്നെയായിരുന്നു ഉദ്ഘാടകൻ.
തിങ്കളാഴ്ച നടക്കുന്ന റോഡ് ഉൽഘാടനത്തിൽ പങ്കെടുത്ത് കൊണ്ട് സജീവമാകാനാണ് തീരുമാനം. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പിരായിരി പഞ്ചായത്തിലെ പൂഴികുന്നും റോഡിൻെറ ഉൽഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നത്.
ഇതോടെ എം.എൽ.എ മണ്ഡലത്തിൽ സജീവമല്ലെന്ന വിമർശനങ്ങൾക്ക് തടയിടാമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻെറയും പിന്തുണക്കുന്ന സംഘത്തിൻെറയും പ്രതീക്ഷ.
എല്ലാവരെയും അറിയിച്ച് ഉദ്ഘാടനത്തിന് എത്തിയാൽ തടയുമെന്നാണ് ബിജെപി ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിൻെറയും പ്രതികരണം. മണ്ഡലത്തിൽ സജീവമാകുന്നതിനൊപ്പം പൊതു രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലും രാഹുൽ സജീവമാക്കിയിട്ടുണ്ട്.
അതും ഷാഫി പറമ്പിലിന് എതിരായ പൊലീസ് അതിക്രമത്തിന് പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷാഫി പറമ്പിലിന് എതിരായ പൊലീസ് അതിക്രമത്തിനെതിരെ ആദ്യം തന്നെ ഫേസ് ബുക്കിൽ പോസ്റ്റിട്ട രാഹുൽ മാങ്കൂട്ടത്തിൽ പിറ്റെ ദിവസം തന്നെ കോഴിക്കോട് എത്തി മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കുകയും ചെയ്തു.
മാധ്യമങ്ങൾക്ക് പ്രതികരണം നൽകുമ്പോൾ രാഹുലിൻെറ ഇടത്തും വലത്തും കെ.സി.അബുവിനെ പോലുളള കോഴിക്കോട്ടെ സീനിയർ നേതാക്കളെയും കാണാമായിരുന്നു.
കോൺഗ്രസിൻെറ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട നേതാവിന് ഒപ്പമാണ് നിൽക്കുന്നതെന്ന വിവരം കെ.സി.അബു ഉൾപ്പെടെയുളളവർ മറന്നു പോയി.
മറവി ബാധിച്ചവരെ ഓർമ്മിപ്പിക്കാൻ ബാധ്യതയുളള മാധ്യമപ്രവർത്തകരും സസ്പെന്റ് ചെയ്യപ്പെട്ട നേതാവിനൊപ്പം നിൽക്കുന്നതിനെ ചോദ്യം ചെയ്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പരാതിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയും ഒതുക്കുകയും ചെയ്തശേഷമാണോ പൊതു രാഷ്ട്രീയത്തിൽ സജീവമാകുന്നത് എന്ന ചോദ്യവും മാധ്യമ പ്രവർത്തകരിൽ നിന്നുണ്ടായില്ല.
രാഹുലിന് ഒപ്പം സീനിയർ നേതാക്കൾ നിന്നതിന് എതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ കടുത്ത വിമർശനമുണ്ട്.ഇനി സംസ്ഥാന അധ്യക്ഷനായി തിരിച്ചുവരുമോയെന്നാണ് യൂത്ത് നേതാക്കളുടെ പരിഹാസം കലർന്ന ചോദ്യം.
ലൈംഗികാരോപണത്തിന് ശേഷം അടൂരിലെ വീട്ടിലും മറ്റുമായി അജ്ഞാത വാസത്തിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇടയ്ക്ക് നിയമസഭാ സമ്മേളനത്തിൽ മാത്രമാണ് പൊങ്ങിയത്.
സഭാ സമ്മേളനത്തിൻെറ ആദ്യദിവസം തലകാണിച്ച ശേഷം പാലക്കാട്ട് പൊങ്ങിയ രാഹുൽ ജില്ലയിലെ ചില മരണവീടുകളും മറ്റും സന്ദർശിച്ചിരുന്നെങ്കിലും പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഈമാസം 5നാണ് പാലക്കാട് മണ്ഡലത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തത്. 5ാം തീയതി രാത്രി 9ന് പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ്ഓഫ് ചടങ്ങിലാണ് രാഹുൽ എത്തിയത്.
എന്നാൽ മാധ്യമങ്ങളെയോ നേതാക്കളെയോ അറിയിക്കാതെ ഒരു നോട്ടീസ് പോലും അടിക്കാതെ രഹസ്യമായി നടത്തിയ പരിപടിക്കെതിര വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
സ്വന്തം മണ്ഡലത്തിൽ എത്താൻ എം.എൽ.എക്ക് തലയിൽ മുണ്ടിട്ടു വരേണ്ട അവസ്ഥയാണെന്നും എല്ലാവരെയും അറിയിച്ചുകൊണ്ട് പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചതോടെ പിന്നെ പരിപാടികളിലൊന്നും രാഹുലിനെ കണ്ടില്ല. പിന്നീട് ഷാഫി പറമ്പിലിന് എതിരായ അക്രമത്തോടുളള പ്രതിഷേധം കനക്കുന്നതിനിടയിലാണ് രാഹുൽ മണ്ഡലത്തിൽ സജീവമായത്.