ഒളിവിലെ ഓർമ്മകൾ. രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കാനാവാതെ എട്ടാം ദിവസവും പൊലീസ്. വിവരം ചോരുന്നുവെന്ന് സംശയം. കടുത്ത നടപടിക്ക് ആലോചന തുടങ്ങി കോൺഗ്രസ്. മാങ്കൂട്ടത്തെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി വിഷ്ണുനാഥും ഷാഫിയും. ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്

എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.

New Update
rahul mankoottathil-7

പാലക്കാട്: ബലാത്സം​ഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പരാതി വന്ന് എട്ടാം ദിവസവും അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ എത്തിയെങ്കിലും ഇത് വരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

Advertisment

രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടതിൽ പോലീസിന് സംശയമുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്.


എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.

rahul mankoottathil-8

കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുലെത്തിയ വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.


അതേ സമയം രാഹുലിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് കോൺഗ്രസിൽ ആലോചന തുടങ്ങി. നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം ഉയരുന്നുണ്ട്. കോടതി തീരുമാനം കാക്കേണ്ട കാര്യമില്ലെന്ന്  ഒരു വിഭാഗം വാദിക്കുമ്പോൾ പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും നേതൃത്വം നൽകുന്ന വി.എസ് ഗ്രൂപ്പ് രാഹുലിനെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്.


കോടതി വിധി വരട്ടെ എന്ന  കെപിസിസി നേതൃത്വത്തിൻ്റെ നിലപാട് വി.എസ് ഗ്രൂപ്പിൻ്റെ സമ്മർദ്ദത്തിൽ ഉടലെടുത്തതാണെന്നും പറയപ്പെടുന്നു. കെ.പി.സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനെ വി- എസ് ഗ്രൂപ്പ് ഹൈ ജാക്ക് ചെയ്തുവെന്ന സംസാരവും അണിയറയിൽ ചൂടു പിടിക്കുകയാണ്.

ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ട രാഹുലിനെ സംരക്ഷിക്കാൻ പാർട്ടി താൽപര്യം മാറ്റി വെച്ച്  ഗ്രൂപ്പ് താൽപര്യം മുൻനിർത്തി പി.സി വിഷ്ണുനാഥ് പൊറാട്ട് നാടകം കളിക്കുകയാണെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു.

രാഹുലിനെതിരെ അന്തരീക്ഷത്തിൽ ആരോപണങ്ങൾ ആദ്യം ഉയർന്നപ്പോഴും പ്രതിരോധം  തീർത്തത് ഷാഫിയും വിഷ്ണു നാഥും ചേർന്നായിരുന്നു. നിലവിലും അതേ നിലയിലുള്ള പ്രതിരോധമാണ് ഇരുവരും തീർക്കുന്നത്.

rahul mankoottathil-6


രാഹുലിനെ ഷാഫി തള്ളിപ്പറഞ്ഞെങ്കിലും വിഷ്ണുനാഥ് അതിനും തയ്യാറായിട്ടില്ല. ഏതോ ഒരു പരാതിയുടെ പേരിൽ രാഹുലിനെ ആക്രമിക്കുന്നത് നോക്കി നിൽക്കാനില്ലെന്ന നിലപാടാണ് വിഷ്ണുനാഥിനുള്ളത്. അതു കൊണ്ട് തന്നെ രാഹുലിനെതിരായ അഭിപ്രായ പ്രകടനം തൽക്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് അദ്ദേഹമുള്ളത്.


ഇതിനിടെ രാഹുലിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാൽ അത് രാഹുലിന് കൂടുതൽ കുരുക്കാക്കുകയും ചെയ്യും. ജാമ്യം ലഭിച്ചാൽ രാഹുലിനെ വെള്ള പൂശി വീണ്ടും പാർട്ടിയിൽ നിലനിർത്താനാവും വി എസ് ഗ്രൂപ്പിൻ്റെ ശ്രമം

Advertisment