/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷവെച്ച ഫയര്‍ ബ്രാന്റ് യുവ നേതാവായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് പാര്‍ട്ടിയില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച.
പൊതുമധ്യത്തില്‍ നിന്നു മുഖ്യമന്ത്രിയെ എടാ വിജയാ എന്നു വിളിച്ചു പ്രസംഗിക്കാന്‍ പോലും മടി കാണിക്കാത്ത നേതാവ്. അങ്ങനെ സവിശേഷതകള്‍ ഉള്ള നേതാവായിരുന്നു രാഹുല്‍. സ്വഭാവ ഗുണങ്ങളേക്കാള്‍ സ്വഭാവ ദൂഷ്യമുള്ള നേതാവാണ് രാഹുല്‍ എന്ന് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കേരളം കണ്ടു.
2019 കാലം വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച കോണ്‍ഗ്രസില്‍ ഒരു സാധാരണ നിലയിലായിരുന്നു എന്ന് പറയാം. കെ.എസ്.യുവില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് അങ്ങനെ, എന്നാല്‍ അവിടെ നിന്നും ദൃശ്യമാധ്യമ ചര്‍ച്ചകളിലൂടെയാണ് രാഹുല്‍ ഒരു രാഷ്ട്രീയ താരമായി ശ്രദ്ധിക്കപ്പെടുന്നത്.
അതിനു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്നും വൈറലായ വീഡിയോയുണ്ട്. 2011ല്‍, അന്നത്തെ എംജി സര്‍വകലാശാല വിസിക്കെതിരെ സമരം നയിച്ച് എത്തുന്ന ഒരു കൂട്ടം കെ.എസ്.യു പ്രവര്‍ത്തകര്‍. അവര്‍ വിസിയുടെ കോലം കത്തിക്കാന്‍ ഒരുങ്ങുന്നു.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
അതിലൊരാള്‍ കോലത്തിലേക്ക് പെട്രോള്‍ ഒഴിക്കുന്നതിനിടെ, മറ്റൊരാള്‍ അതിന് തീ കത്തിച്ചു, അവിടെയാകെ തീ പടര്‍ന്നു പ്രവര്‍ത്തകരുടെ വസ്ത്രങ്ങളില്‍ തീപിടിച്ചു. ചിലര്‍ മുണ്ടഴിച്ചിട്ട് ഓടി, മൊത്തം ബഹളം. എന്നാല്‍ തീ അടങ്ങിയപ്പോള്‍ പ്രവര്‍ത്തകരെല്ലാം തിരിച്ചെത്തി വീണ്ടും യോഗം കൂടി. അന്നാണ് കുറിതൊട്ട കെ.എസ്.യു നേതാവിനെ പാര്‍ട്ടിയും ശ്രദ്ധിച്ച് തുടങ്ങിയത്.
പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസില്‍ എത്തുന്നതോടെയാണ് തലവര മാറി മറിയുന്നത്. അതും ചാനല്‍ ചര്‍ച്ചകളിലൂടെ. 2020 കോവിഡ് കാലത്ത് സ്പ്രിങ്ക്ളര്‍ വിവാദം, തുടര്‍ന്നു വന്ന സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ എന്നിവയില്‍ എല്ലാം കോണ്‍ഗ്രസിന്റെ ടിവി ചര്‍ച്ചാ രംഗത്തെ ഒരു ഫയര്‍ ബ്രാന്‍ഡായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
കോവിഡ് കാലത്ത് ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന കാലത്ത് രാഹുല്‍ അതിവേഗം ഒരു യൂത്ത് കോണ്‍ഗ്രസ് മീഡിയ ഐക്കണായി മാറി. ചെറുപ്പത്തിലെ തന്നെ വിദ്യാര്‍ഥി പ്രസ്ഥാനം വഴി തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം രാഹുലിനെ തിരിച്ചറിയുന്ന രീതിയിലേക്ക് രൂപപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പിണറായിയും എല്‍.ഡി.എഫും വീണ്ടും അധികാരത്തില്‍ എത്തി.
പതിവ് കോണ്‍ഗ്രസ്, യു.ഡി.എഫ് ചാനല്‍ ചര്‍ച്ചാ മുഖങ്ങളെ കാണാതിരുന്ന ഒരു ഘട്ടത്തില്‍ മിക്ക ചാനലിലും രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫിനായി വാദിക്കാന്‍ എത്തിയിരുന്നു. അന്ന് പല യു.ഡി.എഫ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും രാഹുലിന്റെ ചര്‍ച്ചാ ശകലങ്ങള്‍ ആശ്വാസത്തിന് വേണ്ടിയെങ്കിലും പങ്കുവയ്ക്കുന്നത് സാധാരണമായിരുന്നു.
അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ അടുത്ത അനുയായി ആയാണ് രാഹുല്‍ പിന്നീട് കാണപ്പെട്ടത്. അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് സമവാക്യത്തില്‍ സ്വപ്നം കണ്ട പലരും ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഇവരുടെ എല്ലാം സ്വപ്നങ്ങള്‍ മായിച്ചാണ് തെരഞ്ഞെടുപ്പിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത്.
അബിന്‍ വര്‍ക്കിയെ പോലെ ഉള്ളവരെ വെട്ടിയായിരുന്നു സ്ഥാനാരോഹണം. പിന്നാലെ വ്യാജ ഐഡി കാര്‍ഡ് വിവാദം വന്നു. ഇത്തരം വിവാദങ്ങളെ മറികടന്ന് തന്നെയാണ് രാഹുല്‍ പിന്നീട് കോണ്‍ഗ്രസില്‍ കളം പിടിച്ചത്. പിന്നീട് സമരങ്ങളിലും, ചാനല്‍ ചര്‍ച്ചകളിലും, സോഷ്യല്‍ മീഡിയയിലും എല്ലാം രാഹുല്‍ കളം നിറഞ്ഞ് കളിച്ചു.
/filters:format(webp)/sathyam/media/media_files/lYPuFxe6gmhC9KRamCip.jpg)
പുതിയ നിരയില്‍ ഷാഫിക്കൊപ്പം രാഹുലും ഉണ്ടായിരുന്നു. പിന്നീട് പാലക്കാട് ഷാഫി പറമ്പില്‍ വെച്ചൊഴിഞ്ഞപോള്‍ രാഹുലിനെ തന്നെ അവിടെ വേണമെന്നു ഷാഫി വാശി പിടിച്ചു. ഒടുവില്‍ ഷാഫിക്കു വഴങ്ങി പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കി. രാഹുലിന്റെ പാലക്കാട്ടെ വിജയം, നിലമ്പൂരിലെ ഇടപെടല്‍ എല്ലാം യുവ നേതാവിന്റെ വളര്‍ച്ച ഇരട്ടിപ്പിച്ചു.
പക്ഷേ, ഏതാനും മാസം മുന്‍പ് റിനി എന്ന കോണ്‍ഗ്രസ് അനുഭാവിയായ നടിയുടെയും വെളിപ്പെടുത്തലുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു സൂചന നല്‍കി.
രണ്ട് മൂന്ന് ആഴ്ച മുന്‍പ് ഒരു അഭ്യൂഹം പോലെ പടര്‍ന്ന ചില ഗോസിപ്പുകളെ 'ഹൂ കെയേഴ്‌സ്' എന്ന് പറഞ്ഞ് തള്ളിയ രാഹുലിന് ആ വാക്കുകളില്‍ തന്നെ തിരിച്ചടി ലഭിച്ചു. അതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അടൂരില്‍ നിന്നും പോയി പാലക്കാട് ജയിച്ച യുവ എംഎല്‍എയ്ക്ക് നഷ്ടമാകുന്നു.
രാജിവയ്ക്കുമ്പോഴും, പാര്‍ട്ടി നേതൃത്വം ചോദിച്ച് വാങ്ങിയ രാജിയെ സ്വയം പ്രതിരോധിച്ച് ആത്മവിശ്വസത്തോടെയാണ് രാഹുല്‍ നിന്നത്. ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വീട്ടില്‍ അടച്ചുപൂട്ടി ഇരുന്ന രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുന്നു മാസങ്ങള്‍ക്കു ശേഷം പാലക്കട് സജീവമായി. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം സജീവമായി രാഹുല്‍ ഇടപെട്ടു.
രാഹുലിന് ഒപ്പം നിന്നവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി, അവരുടെ സജീവ പ്രചരണത്തിനും രാഹുല്‍ എത്തി. എതിര്‍പ്പുള്ള നേതാക്കളെ സൈബര്‍ ഇടങ്ങളില്‍ നേരിടാന്‍ ഒരു സംഘത്തെ തന്നെ രാഹുലും സംഘവും ഇറക്കി.
രാഹുല്‍ ഇത്രയും സജീവമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഷാഫിയെ പോലുള്ളവരുടെ സംരക്ഷണത്തില്‍ വിലപ്പോയില്ല. ഇതിനിടെയാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കാനും അബോര്‍ഷനും നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍ പുറത്തുവന്നത്. പിന്നാലെ യുവതി പരാതിയും നല്‍കി.
/filters:format(webp)/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
ഇതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ ശക്തമായി എതിപ്പ് ഉയര്‍ന്നു. രാഹുലിന് ഒളിവില്‍ പോകേണ്ടി വന്നു. ഇതിനിടെ പാര്‍ട്ടിക്ക് മറ്റൊരു പരാതി കൂടി ലഭിച്ചു. പരാതി കെപിസിസി പോലീസിനു കൈമാറി. എഫ്. ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇപ്പോള്‍ രാഹുലിന്റെ പുത്താകല്‍ ഉണ്ടാകുമ്പോള്‍ ചുരുങ്ങിയ കാലം മാത്രം നീണ്ടു നിന്ന രാഹുലിന്റെ രാഷ്ട്രീയ ജീവിതം കൂടിയാണ് അവസാനിക്കുന്നത്. രാഹുല്‍ പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു ഒരു വര്‍ഷം കഴിയുന്ന ദിവസം തന്നെയാണ് രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതെന്നതും കാലത്തിന്റെ കാവ്യനീതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us