രാജാവാണോ രാഹുല്‍. യു.ഡി.എഫ് നേതൃത്വത്തെ മറികടന്ന് അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. മുന്നണി ചുമതലപ്പെടുത്താതെ ആശയവിനിമയം പാടില്ലായിരുന്നുവെന്ന് പൊതുവികാരം. രാഹുലിന്റേത് അഹങ്കാരം കലര്‍ന്ന നടപടിയെന്നും പാര്‍ട്ടിക്കും മുന്നണിക്കും അതീതനാവാനുള്ള ശ്രമം നല്ലതല്ലെന്നും വിമര്‍ശനം

ഈ അവസരത്തിലാണ് പാര്‍ട്ടിയോ മുന്നണി നേതൃത്വമോ അറിയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി ആശയവിനിമയം നടത്തിയത്

New Update
Untitledtejpv

നിലമ്പൂര്‍: യു.ഡി.എഫ് നേതൃത്വത്തെ മറികടന്ന് മുന്‍ എം.എല്‍.എ പി.വി അന്‍വറുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തി.

Advertisment

ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചിട്ടയായി നടക്കേണ്ട സമയത്ത് അന്‍വറിനെ സന്ദര്‍ശിച്ച് വാര്‍ത്ത സൃഷ്ടിച്ചതാണ് പ്രതിപക്ഷനേതാവടക്കമുള്ള യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുള്ളത്. 

p v anwar 111


മുന്നണി, പാര്‍ട്ടി നേതൃത്വങ്ങളറിയാതെ അന്‍വറുമായി ആശയവിനിമയം നടത്തിയത് തെറ്റാണെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ സന്ദര്‍ശനത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ചിലര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം. 


ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കും മുമ്പ് തന്നെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അന്‍വറിന്റെ ആഗ്രഹം. മലപ്പുറം ഡി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ വി.എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ വാദം.

ഇത് മുഖവിലയ്ക്കെടുക്കാതെ കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതലാണ് അന്‍വര്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്നത്. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാതെ മുന്നണി പ്രവേശനം സാധ്യമല്ലെന്ന നിലപാട് കോണ്‍ഗ്രസും യു.ഡി.എഫും കടുപ്പിക്കുകയായിരുന്നു. 

എന്നാല്‍ തന്റെ നിലപാടില്‍ നിന്നും അണുവിട മാറാന്‍ തയ്യാറാകാതിരുന്ന അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മാത്രമല്ല പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ കൂടി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇതോടെ അന്‍വറുമായുള്ള ചര്‍ച്ച വഴിമുട്ടുകയും ചെയ്തു.

VD SATHEESAN


ഷൗക്കത്തിന്റെ നാമനിര്‍ദ്ദേശപത്രക സമര്‍പ്പിച്ച് പ്രവര്‍ത്തനത്തിലേക്ക് യു.ഡി.എഫ് കേന്ദ്രീകരിക്കുകയും ചെയ്തു. താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കുമെതിരായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. 


ഈ അവസരത്തിലാണ് പാര്‍ട്ടിയോ മുന്നണി നേതൃത്വമോ അറിയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി ആശയവിനിമയം നടത്തിയത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിച്ച രാഹുലിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

എന്നാല്‍ തിരഞ്ഞെടുപ്പു കാലത്ത് ഒരു അനാവശ്യ വിവാദം കൂടി ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് സംഘടനാ നടപടിക്ക് കോണ്‍ഗ്രസ് മുതിരാതിരിക്കുന്നത്. രാഹുലിന്റേത് അഹങ്കാരം കലര്‍ന്ന നടപടിയാണെന്നും പാര്‍ട്ടിക്കും മുന്നണിക്കും അതീതനാവാനുള്ള ശ്രമം നല്ലതിനല്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Advertisment