/sathyam/media/media_files/2025/08/21/2663841-mahila-march-2025-08-21-20-42-58.webp)
പാലക്കാട്: യുവനടിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള മോർച്ചയും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
കോഴികളുമായി മഹിള മോർച്ച പ്രവർത്തകർ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തിയപ്പോൾ, ‘ഹു കെയേഴ്‌സ്’ എന്ന് എഴുതിയ പൂവന്‍കോഴിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചു. പ്രവർത്തകർ കൈയിൽ കൊണ്ടുവന്ന കോഴികളെ പറത്തിവിട്ടും എം.എൽ.എ ബോർഡിൽ കോഴിയെ കെട്ടിത്തൂക്കിയും പ്രതിഷേധിച്ചു.
പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി. പ്രതിഷേധം ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണപ്പുള്ളിക്കാവിലെ എം.എൽ.എ റോഡിൽ പ്രതിഷേധവുമായി എത്തി. എം.എൽ.എ റോഡ് ബോർഡിൽ ടാർ ഒഴിച്ച്, ബാരിക്കേഡിനു മുകളിൽ ബാനർ സ്ഥാപിച്ച് പ്രതിഷേധിച്ചു.
പൊലീസ് തടഞ്ഞപ്പോൾ സംഘർഷാവസ്ഥ ഉണ്ടായി. ഡി.വൈ.എഫ്.ഐ നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം.പിയെയും വി.ഡി. സതീശനെയും തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു.
വൈകുന്നേരം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനും രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ കെ. ശാന്തകുമാരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.