/sathyam/media/media_files/lYPuFxe6gmhC9KRamCip.jpg)
തിരുവനന്തപുരം: ഗുരുതരമായ പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കണമെന്നതിൽ സംസ്ഥാന കോൺഗ്രസിൽ പൊതുവികാരം ശക്തിപ്പെടുമ്പോഴും കെ.പി.സി.സി നേതാക്കൾക്കിടയിൽ ഏകാഭിപ്രായമില്ല.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡൻറുമാരായ എ.പി.അനിൽകുമാറും ഷാഫി പറമ്പിലുമാണ് രാജി ആവശ്യത്തിൽ കർശനമായ നിലപാടെടുക്കാതെ ഒളിച്ചുകളിക്കുന്നത്.
ഷാഫി പറമ്പിലിനൊപ്പം ചേർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെയും കൂട്ടി എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന പി.സി. വിഷ്ണുനാഥ് പോലും രാജി അനിവാര്യമായെന്ന നിലപാടിലേക്ക് എത്തിയിട്ടും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കെ.സി.വേണുഗോപാൽ വിഭാഗത്തിൻെറ നേതാവായി അറിയപ്പെടുന്ന എ.പി.അനിൽകുമാറും തീരുമാനം പറയാതെ സാറ്റ് കളിക്കുകയാണ്.
കേരളത്തിൽ നിന്നുളള പാർട്ടി പ്രവർത്തക സമിതി അംഗമായ ഡോ.ശശി തരൂരും ലോകസഭയിലെ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും നിലപാട് വ്യക്തമാക്കാതെ ഒളിച്ചു കളിക്കുന്നുണ്ട്.
സംസ്ഥാന കോൺഗ്രസിലെ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിപ്രായം പറയാതെ മാറിനിൽക്കുന്നു.
ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാണ് ഹൈക്കമാൻഡ് താൽപര്യമെങ്കിലും അതിലേക്ക് കാര്യങ്ങൾ നീക്കുന്നതിൽ കെ.പി.സി.സിയുടെ നേതൃത്വം പൂർണമായി പരാജയപ്പെട്ടുവെന്നാണ് കോൺഗ്രസിൽ ഉയരുന്ന വിമർശനം.
കേരളത്തിലെ പൊതു രാഷ്ട്രീയത്തിൻെറ ഭാഗമായോ സംഘടനാ രാഷ്ട്രീയത്തിൻെറ നേതൃതലത്തിൽ പ്രവർത്തിച്ചോ ഉളള പരിചയസമ്പത്ത് ഇല്ലാത്തയാളാണ് കെ.പി.സി.സി.പ്രസിഡൻറ്.
ഇതാണ് പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുന്ന നിർണായക പ്രശ്നത്തിൽ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുന്നതിൻെറ കാരണമെന്നും വിമർശനമുണ്ട്.
എന്ത് കാര്യത്തിലും കെ.പി.സി.സി അധ്യക്ഷൻെറ അഭിപ്രായം ചോദിച്ചാലും ഉടൻ ഷാഫി പറമ്പിലിനോടും പി.സി.വിഷ്ണുനാഥിനോടും വിവരം തേടുന്നതാണ് സണ്ണി ജോസഫിൻെറ ശീലം.
ഇരിക്കുന്ന പദവിയുടെ ഗൌരവം ഉൾക്കൊണ്ടും അതേൽപ്പിക്കുന്ന ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാനാകുകയും ചെയ്യാനാവാത്തത് കൊണ്ടാണ് ഇങ്ങനെ സഹഭാരവാഹികളുടെ അഭിപ്രായം തേടേണ്ടി വരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന ഷാഫി പറമ്പിലിൻെറയും വിഷ്ണുനാഥിൻെറയും തടവറയിലാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നും പാർട്ടിക്കുളളിൽ ആക്ഷേപം ശക്തമാണ്.
നിയമസഭാംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം എന്നതിൽ നേതാക്കൾ ഒരുമിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് പേടി പറഞ്ഞാണ് ഷാഫി പറമ്പിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെയും വർക്കിങ്ങ് പ്രസിഡൻറ് എ.പി.അനിൽ കുമാറിനെയും പിന്നോട്ട് വലിക്കുന്നത്.
അനിൽ കുമാറുമായുളള വ്യക്തിപരമായ സൌഹൃദം ചൂഷണം ചെയ്താണ് ഷാഫി പറമ്പിൽ പലപ്പോഴും സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കി പോരുന്നത്.
നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൻെറ സമയത്തും ഷാഫി പറമ്പിൽ, അനിൽകുമാറിനെ ഉപയോഗപ്പെടുത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരില്ലാതാക്കിയത്.
സമാന തന്ത്രമാണ് രാഹുലിൻെറ രാജിക്കാര്യത്തിലും ഷാഫി പറമ്പിൽ പയറ്റുന്നതെന്നാണ് ആക്ഷേപം. ജൂനിയർ നേതാക്കളുടെ തന്ത്രത്തിന് മുന്നിൽ ഉപകരണമായി നിന്നുകൊടുക്കുന്നുവെന്ന് എ.പി.അനിൽകുമാറും മനസിലാക്കുന്നില്ല.
നിയമോപദേശം ലഭിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിലിൻെറ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് കോൺഗ്രസ് നീക്കം.
ഹൈക്കമാൻഡ് മുതൽ സംസ്ഥാന നേതാക്കൾ വരെ രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയിൽ വേണ്ടെന്ന നിലപാടുകാരാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിൽ നിയമ വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കാമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെച്ചേ തീരു എന്നാണ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.കെ.മുരളീധരൻ, ജോസഫ് വാഴക്കൻ തുടങ്ങിയ നേതാക്കളും രാജി
വൈകരുതെന്ന നിലപാടിലാണ്.