/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
തിരുവനന്തപുരം: ലൈംഗികപീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ട് രാജിവെപ്പിക്കേണ്ടെന്ന് നിയമോപദേശം.
രാജി ആവശ്യം ശക്തമായതിനെ തുടർന്ന് കോൺഗ്രസ് ചുമതലപ്പെടുത്തിയ അഭിഭാഷകനാണ് രാഹുൽ മാങ്കൂട്ടത്തലിനെ രാജിവെയ്പ്പിക്കരുതെന്ന ഉപദേശം നൽകിയത്.
പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിൽ രാജി വെയ്പ്പിക്കേണ്ടതില്ല എന്നാണ് നിയമവിദഗ്ധൻ കോൺഗ്രസിന് നൽകിയിരിക്കുന്ന ഉപദേശം.
മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോ ക്ളിപ്പിന് അപ്പുറം ആരാണ് ചൂഷണത്തിനിരയായത്, ആരുടെ ശബ്ദമാണത് എന്നീകാര്യങ്ങളിൽ വ്യക്തത ഇല്ല.
അന്തരീക്ഷത്തിൽ പ്രചരിക്കുന്ന ശബ്ദശകലത്തിൻെറ പേരിൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ നിർദ്ദേശിച്ചാൽ അത് അബദ്ധമാകുമെന്നും നിയമോപദേശത്തിൽ പറയുന്നു.
എം.എൽ.എ സ്ഥാനം രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യത തളളിക്കളയാനാവില്ലെന്നും നിയമ വിദഗ്ധൻ ചൂണ്ടിക്കാട്ടിയുണ്ട്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന് സമ്മർദ്ദം ചെലുത്തില്ലെന്ന് ബി.ജെ.പി നേതൃത്വം പറയുന്നുണ്ടെങ്കിലും അത് മുഖവിലക്ക് എടുക്കാനാവില്ല.
മണ്ഡലത്തിൽ ഒഴിവ് വന്നാൽ നിയമസഭയുടെ കാലവധി തീരാൻ ഒരു കൊല്ലം മാത്രമേ സമയമുളളുവെങ്കിൽ ഉപ തിരഞ്ഞെടുപ്പ് നടത്താറില്ല. എന്നാൽ 6 മാസത്തിലേറെ സമയം ഉണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ നിയമപരമായ തടസമില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻെറ വിവേചന അധികാരത്തിൽപ്പെടുന്ന വിഷയമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.
ബി.ജെ.പി സമ്മർദ്ദം വന്നാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയാറായിക്കൂടെന്നില്ല എന്നതാണ് ഈ ഉപദേശത്തിൻെറ അടിസ്ഥാനം.
പരാതിയില്ലാത്ത സാഹചര്യത്തിൽ രാജി വെക്കേണ്ടെന്ന ഉപദേശം വന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ട് രാജിവെയ്പിക്കേണ്ടതില്ലെന്ന അഭിപ്രായം ഉളളിൽ ഉണ്ടെങ്കിലും പറയാൻ മടിച്ചിരുന്നവർ അത് ഉറക്കെപറയാൻ തുടങ്ങിയിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ്ങ് പ്രസിഡന്റ് എ.പി.അനിൽ കുമാർ, ഷാഫി പറമ്പിൽ രാജി ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തുകയാണ്.
പരാതിയില്ലാതെ എന്തിന് രാജി എന്ന ചോദ്യത്തിന് കോൺഗ്രസിന് അകത്ത് കൂടുതൽ സ്വീകാര്യത ലഭിക്കാനാണ് സാധ്യത. അതോടെ ആരോപണങ്ങൾ ഏൽപ്പിച്ച ചെറുതല്ലാത്ത പരുക്കുമായി പോകാൻ സംസ്ഥാനത്തെ കോൺഗ്രസ് നിർബന്ധിതമായി.
രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശത്തിൻെറ പിന്നിലുളളവർ പരാതിയുമായി പോയാൽ തന്നെ രാജി വേണോയെന്ന ചോദ്യവും പതിയെ ഉയർന്ന് തുടങ്ങിയിട്ടുണ്ട്.
കോവളം എം.എൽ.എ എം.വിൻസെൻറ് പീഡന പരാതിയിൽ ജയിലിൽ കഴിഞ്ഞപ്പോഴും പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളി ജയിലിലായപ്പോഴും ഒന്നും ഉയരാത്ത രാജിയാവശ്യം എന്തിന് രാഹുൽ മാങ്കൂട്ടത്തിലിന് നേരെ മാത്രം ഉയർത്തുന്നു എന്നാണ് ചോദ്യം. അങ്ങനെയങ്കിൽ പാർട്ടിയിൽ ഇരട്ട നീതിയാണോയെന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്.
രാജി വെയ്പ്പിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചെങ്കിലും കെ.പി.സി.സി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. തിങ്കളാഴ്ചയോടെ തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന.
നിയമോപദേശത്തിൻെറ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി അവശ്യപ്പെടേണ്ടെന്ന് തന്നെ തീരുമാനിക്കാനാണ് സാധ്യത. എന്നാൽ ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാഹുലിനെ കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്നും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.
ഉപതിരഞ്ഞെടുപ്പിനുളള സാധ്യത ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. സസ്പെന്റ് ചെയ്യുന്നതിലൂടെ വിവാദത്തിൽ നിന്ന് പുറത്തുകടക്കാമെന്നും നേതൃത്വം കരുതുന്നു.
പാർട്ടി അംഗം അല്ലാത്ത ഒരാളോട് എം എൽ എ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദവും മുന്നോട്ട് വെക്കും. വിവാദത്തിൽ പാർട്ടിക്ക് പരുക്കേൽക്കാതിരിക്കാൻ ഇത് അല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് നേതൃത്വം പറയുന്നത്.
ഇപ്പോൾ നിയമസഭാ അംഗത്വത്തിൽ നിന്ന് രാജിവെയ്പ്പിച്ചില്ലെങ്കിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സീറ്റിൽ മത്സരിപ്പിക്കില്ല.
പീഡന ആരോപണത്തിൽ പരാതിയില്ലെങ്കിലും ഉയർന്നുവന്ന കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന് പാർട്ടിക്ക് ബോധ്യമുളളത് കൊണ്ടാണ് വരുന്ന സീറ്റ് നിഷേധിക്കുന്നത്. പീഡന കേസിൽ ജയിലിലായ എൽദോസ് കുന്നപ്പളളിക്കും അടുത്ത തവണ സീറ്റ് കിട്ടിയേക്കില്ല.