/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവെക്കുന്നിതിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കോൺഗ്രസിൻെറ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിലിൻെറ രാഷ്ട്രീയ ഭാവി അടയുകയാണ്.
ഉപതിരഞ്ഞെടുപ്പ് ഭീതിയിൽ എം.എൽ.എ സ്ഥാനം രാജിവെപ്പിച്ചില്ലെങ്കിലും കോൺഗ്രസിൽ നിന്നുളള രാഹുൽ മാങ്കൂട്ടത്തിലിൻെറ സസ്പെൻഷൻ അനിശ്ചിതകാലത്തേക്കാണ്. നിശ്ചിത കാലത്തേക്കാണ് സസ്പെൻഷൻ എങ്കിൽ അത് കഴിഞ്ഞ് പാർട്ടിയിലേക്ക് തിരിച്ചുവരാമായിരുന്നു.
എന്നാൽ അനിശ്ചിതകാല സസ്പെൻഷന് കാലാവധി നിർവചിക്കാനാകാത്തതിനാൽ കോൺഗ്രസിലേക്കുളള രാഹുലിൻെറ തിരിച്ചുവരവിനുളള സാധ്യത ചോദ്യചിഹ്നം ആയിരിക്കുകയാണ്.
ഉയർന്നുവന്ന ആരോപണങ്ങളിൽ അന്വേഷിക്കാനോ നിജസ്ഥിതി അറിയാനോ കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ല. പാർട്ടിക്ക് മുൻപിലോ നിയമ സംവിധാനത്തിന് മുൻപിലോ പരാതികൾ ഇല്ലാത്തത് കൊണ്ടാണ് അന്വേഷണത്തിന് മുതിരാത്തത്.
സ്വമേധയാ അന്വേഷിക്കാൻ തീരുമാനിച്ചാൽ തന്നെ വിവാദം നീണ്ട് പോകാൻ മാത്രമേ അത് ഉപകരിക്കുവെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. കോൺഗ്രസിൻെറ സവിശേഷമായ രീതി മൂലം അന്വേഷണം ദിനേന വാർത്തകളിൽ നിറഞ്ഞു നിൽക്കാനും സാധ്യതയുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പാർട്ടിതല അന്വേഷണം പൂർത്തിയാക്കി തിരികെ വരാമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻെറ മോഹം പൊലിയുകയാണ്.
പാർട്ടിനേതൃത്വത്തിലുളളവരുടെ കുടുംബങ്ങളിലേക്ക് വരെ പടർന്നുകയറിയ രാഹുലിൻെറ മനോരോഗം
അറിയുന്നവർ നേതൃത്വത്തിൽ ഉളളിടത്തോളം രാഹുൽ മാങ്കൂട്ടത്തിലിൻെറ കോൺഗ്രസിലേക്കുളള തിരിച്ചുവരവ് പ്രയാസകരമാകുമെന്ന് ഉറപ്പാണ്.
അത്രക്ക് ഹീനമായ പെരുമാറ്റമാണ് പാർട്ടി നേതൃത്വത്തിലുളള ഒരാളുടെ കുടുംബാംഗത്തോട് രാഹുൽ നടത്തിയത്. ഇതിലുളള അമർഷവും വികാരവുമാണ് രാഹുലിനെതിരെ വീട്ടുവീഴ്ച ഇല്ലാത്ത നടപടിക്ക് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഷനിലായതോടെ നിയമസഭാ കക്ഷിയുടെ പ്രവർത്തനങ്ങളുമായും രാഹുലിനെ സഹകരിപ്പിക്കില്ല.
പാർട്ടിയുടെ പിന്തുണയില്ലാതെ പാലക്കാട് മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിലുളള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാകും.
അതുകൊണ്ടുതന്നെ പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ വനവാസമാണ്. കോൺഗ്രസിലെ സാധ്യതകളടയുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും പാർട്ടിയിലേക്ക് ചേക്കേറാമെന്ന് കരുതിയാൽ അതും നടക്കണമെന്നില്ല.
അവിഹിത ഗർഭം അടക്കമുളള അരോപണങ്ങളുടെ ശബ്ദരേഖ അടക്കമുളള തെളിവുകൾ പൊതുമണ്ഡലത്തിൽ ഉളളതിനാൽ ഏതെങ്കിലും പാർട്ടികൾ രാഹുലിനെ ചുമക്കാൻ തയാറാകുമോ എന്ന് സംശയമാണ്.
സ്വന്തം നിലപാടും മറ്റ് പാർട്ടികളിലേക്കുളള കൂടുമാറ്റത്തിന് രാഹുലിന് തടസമാണ്. അരോപണ മധ്യത്തിൽ നിൽക്കുമ്പോഴും രാഹുൽ ഗാന്ധിയുടെ ചിത്രമുളള ഫേസ് ബുക്ക് പോസ്റ്റിലൂടെ അവസാന ശ്വാസം വരെ കോൺഗ്രസുകാരനായിരിക്കുമെന്നാണ് രാഹുൽ പറഞ്ഞത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാനുളള സാധ്യതയുമില്ല. കഷ്ടിച്ച് ഒരു കൊല്ലത്തിലേറെ മാത്രം നീണ്ട നിയമസഭാംഗത്വത്തിന് ലഭിക്കുന്ന പെൻഷനും വാങ്ങി കെ.പി.സി.സി നേതൃത്വത്തിലെ ചിലരുമായുളള വാണിജ്യ ബന്ധങ്ങളുമായി മുന്നോട്ട് പോകുകയായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിന് മുന്നിലുളള വഴി.
കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.കെ.പി.സി.സി അധ്യക്ഷൻെറ പത്ര സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്ന രാഹുൽ, സസ്പെൻഷൻ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തീരുമാനം മാറ്റി.
പൊതുപരിപാടികൾ പൂർണ്ണമായി റദ്ദാക്കിയിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് സസ്പെന്റ് ചെയ്യാൻ തീരുമാനിച്ച വിവരം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഫോണിലൂടെ രാഹുലിനെ അറിയിച്ചത്.
പാർട്ടി സ്വീകരിച്ച നടപടിയോട് യോജിപ്പില്ലെങ്കിലും തീരുമാനത്തിന് വഴങ്ങുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി. വിവരം മാധ്യമങ്ങളിൽ വാർത്തയായതോടെ പകൽ മുഴുവൻ രാഹുൽ മുറിക്ക് പുറത്തിറങ്ങാതിരിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ മാത്രമാണ് വീട്ടിലെത്തിയ പ്രവർത്തകരെ കാണാനായി ഓഫീസ് മുറിയിലേക്ക് എത്തിയത്. വിവാദം കെട്ടടങ്ങാത്ത പശ്ചാത്തലത്തിൽ അടൂരിലെ വീട്ടിൽ തന്നെ കഴിയാനാണ് രാഹുലിന്റെ തീരുമാനം.
കലുഷിത സാഹചര്യത്തിൽ അയവുവരുന്ന മുറയ്ക്ക് പാലക്കാടേക്ക് പോകാനാണ് പദ്ധതി. പാലക്കാടേക്ക് പോകുന്നതിന് മുൻപ് പാർട്ടിയുടെ അനുമതി തേടുമെന്നാണ് സൂചന.
ഇപ്പോൾതന്നെ മണ്ഡലത്തിലെത്തി രാഷ്ട്രീയ എതിരാളികൾക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകേണ്ടന്നാണ് നേതാക്കളുടെ നിർദ്ദേശം.
ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി മാധ്യമങ്ങളെ കണ്ട് തുടർ വിശദീകരണം നടത്താനും രാഹുൽ ആലോചിക്കുന്നതായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.