കേസെടുത്തതിന് പിന്നാലെ രാഹുലിന്റെ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച്. തേടുന്നത് കൂടുതൽ സ്ത്രീകളെ ശല്യപ്പെടുത്തിയതിന്റെ തെളിവ്. മായ്ച്ചുകളഞ്ഞ വാട്സ്ആപ്പ്, ടെലിഗ്രാം സന്ദേശങ്ങൾ വീണ്ടെടുക്കുന്നത് രാഹുലിന് കുരുക്കാവും. ചുമത്തിയത് 3വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ. ഇരകളുടെ പരാതിയില്ലാതെ എടുത്ത കേസിന്റെ നിയമസാധുതയിലും സംശയം. രാഹുലിനെതിരായ കേസ് രാഷ്ട്രീയ കോളിളങ്ങൾക്ക് വഴിവയ്ക്കുമോ

രാഹുലിന്റെ അതിക്രമങ്ങൾക്ക് ഇരകളായവരല്ല പരാതിക്കാരെന്ന് അറിയുന്നു. തിരുവനന്തപുരത്തെ ഒരു പരാതിക്കാരനിൽ നിന്ന് മ്യൂസിയം പോലീസ് മൊഴിയെടുത്തിരുന്നു.

New Update
rahul mankoottathil-3

തിരുവനന്തപുരം: കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്  വിശദ പരിശോധന നടത്തും. സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനും ഒളിഞ്ഞുനോട്ടത്തിനുമൊന്നും ഇരകളുടെ പരാതിയിലല്ല ക്രൈംബ്രാഞ്ച് കേസെടുത്തത്. ഏതാനും അഭിഭാഷകരാണ് പരാതിക്കാരെന്നാണ് അറിയുന്നത്.


Advertisment

ഇരകൾ അന്വേഷണവുമായി സഹകരിക്കുമോ മൊഴി നൽകുമോ എന്നൊന്നും വ്യക്തമല്ല. എന്നാൽ രാഹുലിനെതിരേ ചുമത്തിയ വകുപ്പുകൾ പ്രകാരം രാഹുലിന്റെയും സഹായികളുടെയും ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത് പരിശോധിക്കാം. വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകളിലെ ചാറ്റുകളും ഇ-മെയിൽ സന്ദേശങ്ങളുമെല്ലാം വീണ്ടെടുക്കാം. ഇതോടെ കൂടുതൽ നിയമലംഘനങ്ങൾക്ക് തെളിവാകുമെന്നാണ് വിലയിരുത്തൽ.


സ്ത്രീകളെ ശല്യപ്പെടുത്തിയതിനും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ഒളിഞ്ഞുനോക്കിയതിനും ക്രിമിനൽ സ്വഭാവത്തോടെ ഭീഷണിപ്പെടുത്തിയതിനുമടക്കമാണ് രാഹുലിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. മാദ്ധ്യമങ്ങളിലൂടെ വിവരമറിഞ്ഞ ഏതാനും പേരുടെ പരാതിയിലാണ് കേസ്.

rahul

രാഹുലിന്റെ അതിക്രമങ്ങൾക്ക് ഇരകളായവരല്ല പരാതിക്കാരെന്ന് അറിയുന്നു. തിരുവനന്തപുരത്തെ ഒരു പരാതിക്കാരനിൽ നിന്ന് മ്യൂസിയം പോലീസ് മൊഴിയെടുത്തിരുന്നു.

പരാതികളുടെയും ഈ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചത്. എം.എൽ.എയ്ക്കെതിരേ  കേസെടുത്തതായി പോലീസ് ആസ്ഥാനം പത്രക്കുറിപ്പിലൂടെ അറിയിച്ചതും കൗതുകമായി.


രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത് 3വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ്. ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പോലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് ചുമത്തിയത്. 3 വർഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് 78(2) വകുപ്പ്. സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ സന്ദേശങ്ങളയച്ചും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്.


പോലീസ് മേധാവിക്ക് ലഭിച്ച പരാതികൾ പരിശോധിച്ചപ്പോൾ ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. പരാതിക്കാരുടെ മൊഴി ഉടൻ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ രാഹുൽ ഭീഷണി മുഴക്കുന്നത് ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് ഹൈക്കോടതി അഭിഭാഷകൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഒരു സ്ത്രീ ഇന്റർനെറ്റ്, ഇ-മെയിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നതിനെതിരായി ചുമത്താവുന്നതാണ് ബി.എൻ.എസ് 78(2) വകുപ്പ്. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. ആവർത്തിച്ചതായി കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും പിഴയും. ബി.എൻ.എസ് 351 വകുപ്പും ഗുരുതര സ്വഭാവത്തിലുള്ളതാണ്.  

rahul


ഒരാളെ ഭയപ്പെടുത്തി നിർബന്ധമായി ഒരു കാര്യം ചെയ്യിക്കുക, അവർക്ക് അവകാശമുള്ള കാര്യത്തിൽ നിന്ന് പിന്തിരിപ്പിക്കുക. വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഈ ഭീഷണി നടത്താം. ഭീഷണി ഒരാളുടെ ശരീരം, സ്വത്ത്, അല്ലെങ്കിൽ സൽപ്പേര് എന്നിവയെ ബാധിക്കുന്നതാകാം. രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.


രാഹുലിന്റെയും കൂട്ടാളികളുടെയും ഫോൺ പിടിച്ചെടുക്കാനും സന്ദേശങ്ങൾ വീണ്ടെടുക്കാനും ഉദ്ദേശിച്ച് ചുമത്തിയതാണ് പോലീസ് ആക്ടിലെ 120(ഒ) വകുപ്പ്. ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമോ അഞ്ജാതമോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം, ഇ-മെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം മറ്റൊരാളിന് ശല്യമായി മാറൽ. ഒരുവർഷം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷകിട്ടാം.

അതിനിടെ,  യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് സംഘടനാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നാണ് കേസ്.

rahul mankoottathil-3


മൂന്നാം പ്രതി അഭിനന്ദിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖയിൽ രാഹുലിന്റെ പേരുമുണ്ട്. ഇതേത്തുടർന്നാണ് ചോദ്യം ചെയ്യൽ. പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഹുലിനെ പ്രതിയാക്കും. അല്ലെങ്കിൽ സാക്ഷിയാക്കാനാണ് തീരുമാനം.


നേരത്തേ രാഹുലിന്റെ കാർ പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതികൾ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലാണ് സഞ്ചരിച്ചിരുന്നതെന്ന് ആരോപിച്ചാണ്   കാർ പിടിച്ചെടുത്തത്. ഇത് കോടതി നിർദ്ദേശപ്രകാരം പിന്നീട് വിട്ടുകൊടുക്കുകയായിരുന്നു.

Advertisment