/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ കത്തുന്നതിനിടെ വിഷയത്തിൽ കേസ് മുറുക്കി ക്രൈംബ്രാഞ്ച്. യുവതികളെ ശല്യം ചെയ്തുവെന്ന വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് നീക്കം. അന്വേഷണ ഉദ്യോഗസ്ഥനായി ഡി.വൈ.എസ്.പിക്ക് ചുമതല നൽകിയിട്ടുണ്ട്.
കേസിൽ പരാതിക്കാർ രംഗത്ത് വന്നാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന നിലപാടാണ് സർക്കാരിനുള്ളത്. മുഖ്യമന്ത്രി തന്നെ ഇന്നലെ പത്രസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പരാതിക്കാർക്കായി വലവിരിച്ച് ക്രൈംബ്രാഞ്ച് രംഗത്ത് വന്നിട്ടുള്ളത്. വിഷയം രാഷ്ട്രീയമായി കത്തിച്ച് നിർത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി കേസ് വ്യഖ്യാനിക്കപ്പെടുന്നു.
ഇത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെയ്‌ക്കേണ്ടി വരുമെന്ന വാദവും ഉയർത്തിയിട്ടുണ്ട്. രാഹുലിനെ ചാരി പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും ഗോവിന്ദൻ വിമർശിക്കുന്നു.
ഇത്തരം സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടും സതീശൻ രാഹുലിനെ താക്കീത് ചെയ്തില്ലെന്ന വാദമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. എന്നാൽ എം.മുകേഷ് അടക്കമുള്ള എം.എൽ.എമാരുടെ കാര്യത്തിൽ സി.പി.എം നിലപാട് ഇതുവരെ മാറ്റിയിട്ടില്ല. കുറ്റം കോടതിയിൽ തെളിഞ്ഞാൽ മാത്രം രാജിയെന്നാണ് ഇക്കാര്യത്തിൽ സി.പി.എം നിലപാട് എടുത്തിട്ടുള്ളത്.
ഇതിനിടെ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ് എടുത്തിട്ടുണ്ട്. 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊൺഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്.
കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഷാഫി പറമ്പിലിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്.
ഇതിലാണ് സംഘർഷമുണ്ടായത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ നിലകൊണ്ടതോടെയാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.