/sathyam/media/media_files/2025/08/21/shafi-parambil-rahul-mankoottathil-2025-08-21-16-12-23.jpg)
പാലക്കാട്: കഴിഞ്ഞ ഒമ്പത് ദിവസമായി ജന്മദേശമായ പത്തനംതിട്ട അടൂരിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ രാഹുൽ അനുകൂലികളുടെ യോഗം.
ഷാഫിയോട് ഏറെ അടുപ്പം പുലർത്തുന്ന കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ പാലക്കാട്ടെ വീട്ടിലായിരുന്നു പ്രധാനപ്രവർത്തകർ ഷാഫയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ കോൺഗ്രസിന്റെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ അത് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് പാർട്ടിയുള്ളത്.
ഇനി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്താൽ രാഷ്ട്രീയ എതിരാളികളുടെ പ്രതിഷേധം നേരിടേണ്ടിവരികയും ചെയ്യും. അതുകൊണ്ട് തന്നെ ക്ലബ്ലുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി പാർട്ടിയുടേതല്ലാത്ത, എന്നാൽ കോൺഗ്രസ് അനുഭാവികളുടേതായ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് യോഗത്തിൽ ധാരണയായത്.
മാത്തൂർ, പിരായിരി, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലെ പരിപാടികളിലാകും രാഹുൽ പങ്കെടുക്കുക. ഓണത്തിനു ശേഷമാവും രാഹുൽ ഉൾപ്പെടുന്ന പരിപാടികൾ വിവിധ മണ്ഡലങ്ങളിൽ നടക്കുക.
അതിനിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ അതിനെ അനുകൂലമായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. അധിക നാൾ മണ്ഡലത്തിൽ നിന്ന് മാറിനിൽക്കുന്നത് ദോഷകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
എന്നാൽ തന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത സി.ചന്ദ്രൻ അടക്കമുള്ളയാളുകൾ തള്ളുകയാണ്. ഇന്നലെ താൻ വീട്ടിൽ നിന്നും പുറത്ത് പോയ സമയത്താണ് യോഗം ചേർന്നതെന്ന് വാർത്ത വന്നതെന്നും ഇത്തരമൊരു യോഗം നടന്നിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാർത്ത ഷാഫി പറമ്പിലും നിഷേധിച്ചിട്ടുണ്ട്. ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് താൻ മണ്ഡലത്തിൽ എത്തിയതെന്നും അതിൽ രാഷ്ട്രീയം കുത്തിനിറയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പഴയ എ വിഭാഗം ഛിന്നഭിന്നമായതിനാൽ ഗ്രൂപ്പ് യോഗമാണ് നടന്നതെന്ന് പാർട്ടിക്കും തെളിയിക്കാനാവില്ല.
അതേസമയം, ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡി.വൈ.എഫ്.ഐ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് നീക്കം. സംഭവത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഇന്നലെ വടകരയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിന് മർദനമേൽക്കുകയും ചെയ്തിട്ടുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറിൽ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എം.എൽ.എ കെ.കെ രമയും യു.ഡി.എഫ് പ്രവർത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. കെ.കെ രമ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ കോഴിക്കോട്ട് മന്ത്രിമാരോ എം.എൽ.എമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ മാങ്കൂട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ച റിനി ജോർജ്ജ്, അവന്തിക, ഹണി ഭാസ്‌കർ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകൾ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ട്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. ഡി.വൈ.എസ്.പി സി.ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.
ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ സൈബർ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിക്കഴിഞ്ഞു.