/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
തിരുവനന്തപുരം: പാലക്കാട്എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കും.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 89 പ്രകാരം ഒരു സ്ത്രീയുടെ ഗർഭം അവരുടെ സമ്മതം ഇല്ലാതെ അലസിപ്പിച്ചാൽ ജീവപര്യന്തമാണ് ശിക്ഷ.
സമ്മതം എന്നാൽ എന്താണെന്നും നിയമം നിർവചിച്ചിട്ടുണ്ട്, അത് ഭയപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുക്കാവുന്ന ഒന്നല്ലെന്നു തന്നെയാണ് ബി എൻ എസ് 28 ൽ പറഞ്ഞിട്ടുള്ളത്.
ലൈംഗികബന്ധത്തിനുള്ള സമ്മതത്തെപ്പറ്റിയും നിയമം നിർവചിച്ചിട്ടുണ്ട്. സെക്ഷൻ 69 പ്രകാരം വിവാഹം കഴിക്കണമെന്ന ഉദ്ദേശമില്ലാതെ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കൊല്ലുമെന്നുള്ള ഭീഷണി സെക്ഷൻ 351 പ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവും ആണ്.
/filters:format(webp)/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. വിശ്വാസവഞ്ചന, ചതി , പിൻതുടർന്ന് ശല്യം ചെയ്യുക , തെളിവ് നശിപ്പിക്കൽ സെക്ഷനും ബാധകമാണ്.
ലൈംഗിക ബന്ധത്തിന് ഇടയിൽ ഗർഭം ധാരണം സംഭവിക്കുന്നു. ഈ കുട്ടിയെ ഞാൻ വളർത്തും എന്ന് പെൺകുട്ടിയും പാടില്ല അതിനെ നശിപ്പിക്കണം എന്ന് പുരുഷനും പറയുന്നു.
പെൺകുട്ടി ചെറുക്കുന്നു, സമ്മതിച്ചില്ലെങ്കിൽ കൊല്ലാൻ എത്ര നിമിഷം വേണം എന്ന് പെൺകുട്ടിയെ പുരുഷൻ ഭീഷണിപ്പെടുത്തുന്നു.
നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ആ ഭ്രൂണത്തെ നിർബന്ധിച്ച് അലസിപ്പിക്കുന്നു. പരാതിയിലുള്ള ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുക്കുക.
അതിജീവിതയായ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ലൈംഗീക പീഡനവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും നടത്തിയെന്നു വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍, ശബ്ദ സംഭാഷണങ്ങള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ചില ഫോട്ടോകളും വൈദ്യ പരിശോധന റിപ്പോര്‍ട്ടുകളും സഹിതമാണ് പരാതി നല്‍കിയത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പരാതി സ്വീകരിച്ച ശേഷം നിലവിലെ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന ശേഷം അതേസംഘം തന്നെ അന്വേഷിക്കാന്‍ തീരുമാനിച്ചു.
/filters:format(webp)/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ഏറെ നേരമിരുന്ന് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് എഡിജിപിക്ക് കൈമാറിയത്.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പുതിയ എഫ്‌ഐആര്‍ ഇട്ടാകും അന്വേഷണം നടത്തുക. അടുത്ത ദിവസങ്ങളില്‍ കോടതിയില്‍ അതിജീവിതയുടെ രഹസ്യ മൊഴി (164 സ്റ്റേറ്റ്‌മെന്റ്)രേഖപ്പെടുത്തുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.
നേരത്തെ ലൈംഗീക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗീക പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍, പീഡനം നേരിട്ട പരാതിക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന ഘട്ടത്തില്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പലവിധ പരാതികള്‍ രംഗത്തു വരുമെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റുമായി രംഗത്തെത്തി.
കുറ്റം ചെയ്്തിട്ടില്ലെന്നും ജനകീയ കോടതിയില്‍ സത്യം ബോധ്യപ്പെടുത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് മാങ്കൂട്ടത്തില്‍. ഇന്നു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us