മേപ്പാടി: അച്ഛന്‍ മരിച്ചപ്പോള്‍ അനുഭവപ്പെട്ട വേദനയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. ആയിരത്തോളം ആളുകള്‍ ഇങ്ങനെയുണ്ട്. ഇത് വളരെ വേദനിപ്പിക്കുന്നതാണെന്നും വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച ശേഷം രാഹുല്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല. ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. ദുരന്തമുഖത്തുള്ള ആരോഗ്യ പ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഇവിടുത്തെ ജനങ്ങള്‍ക്ക് സഹായം ആണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിഭീകര ദുരന്തമാണ് മേപ്പാടിയിൽ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. എല്ലാവര്‍ക്കും ആവശ്യമായ പിന്തുണ നല്‍കും. എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കാൻ എത്തുന്നു. എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണമെന്നും പ്രിയങ്ക പ്രതികരിച്ചു.