രാഹുല്‍ മാങ്കൂട്ടത്തിന് വിനയായത് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്ത നടപടിയോടെ ഒതുങ്ങാന്‍ നേതാക്കള്‍ ശാസിച്ചു. സ്വന്തം നിലയ്ക്കു പി.ആര്‍. പ്രചാരണവും ഷോയുമായി ഇറങ്ങിയതോടെ നേതാക്കളും കൈവിട്ട അവസ്ഥിയില്‍. പെണ്‍കുട്ടി പരാതി നല്‍കില്ലെന്ന ഉറച്ച വിശ്വാസം ചതിച്ചു

New Update
rahul mankoottathil-3

കോട്ടയം: സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനു യുവതി ലൈംഗികാതിക്രമ പരാതി നല്‍കിയതോടെ രാഹുലിന്റെ അറസ്റ്റിനു കളമൊരുങ്ങുന്നു. അറസ്റ്റു വൈകാതെ ഉണ്ടായേക്കുമെന്ന സൂചനകളാണു പുറത്തേക്കു വരുന്നത്. സ്വന്തം നിലയ്ക്കു പി.ആര്‍. പ്രചാരണവും ഷോയുമായി ഇറങ്ങിയതോടെ നേതാക്കളും കൈവിട്ട അവസ്ഥിയില്‍.

Advertisment

rahul

പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്ത നടപടിയോടെ ഒതുങ്ങാന്‍ രാഹുലിനോട് അടുത്തു നിന്നിരുന്ന മുതിര്‍ന്ന നേതാക്കള്‍ ശാസിച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്കു പി.ആര്‍. ചെയ്തു ഇമേജ് വീണ്ടെടുത്തു മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഒപ്പിക്കാനാണു രാഹുല്‍ ശ്രമിച്ചത്. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി എന്നു കരുതിയ നേതാക്കളെയെല്ലാം രാഹുലിന്റെ പി.ആര്‍ ടീം സൈബര്‍ ആക്രമണത്തിന് ഇരയാക്കി.

പെണ്‍കുട്ടി പരാതി നല്‍കില്ലെന്ന ഉറച്ച വിശ്വാസം രാഹുല്‍ മാങ്കൂട്ടത്തിലിന് ഉണ്ടായിരുന്നതായാണു ചില നേതാക്കള്‍ പറയുന്നത്. ഇതാണു തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടായിട്ടും സജീവമാകാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ആ വിശ്വാസമാണ് ഇപ്പോള്‍ രാഹുലിനു വിനയായിരിക്കുന്നത്. നടിമാരെ ഉള്‍പ്പടെ പി.ആര്‍. പ്രചാരണത്തിന് ഉപയോഗിച്ചു ലക്ഷങ്ങളാണു കഴിഞ്ഞ മൂന്നു മാസം കൊണ്ടു രാഹുല്‍ ചെലവഴിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം പണത്തിന്റെ സ്രോതസു സംബന്ധിച്ചും അന്വേഷണം വേണമെന്നു ആവശ്യം ഉയരുന്നു.

ഇന്നു വൈകിട്ടോടെയാണു രാഹുല്‍ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനു യുവതി ലൈംഗികാതിക്രമ പരാതി നല്‍കിയത്. രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ പുതിയ ഓഡിയോ റെക്കോര്‍ഡിങ്ങും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണു യുവതിയുടെ ഈ നിര്‍ണായക നീക്കം. എല്ലാ ഡിജിറ്റല്‍ തെളിവുകളും യുവതി മുഖ്യമന്ത്രിക്കു കൈമാറി. യുവതിയുമായി അര മണിക്കൂറോളും കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി പരാതി സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.

rahul mankootathil

മാസങ്ങള്‍ക്കുമുമ്പ് മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ യുവതി നേരിട്ടു പരാതിയുമായി എത്തിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പു പുറത്തുവന്ന പുതിയ ഓഡിയോ ക്ലിപ്പില്‍, യുവതിയെ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിനെക്കുറിച്ചു രാഹുല്‍ സംസാരിക്കുന്നതു കേള്‍ക്കാം.

ഇതിനു മുമ്പു പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളുടെയും ചാറ്റ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നെങ്കിലും, അന്ന് പരാതിക്കാരി നിയമപരമായി നേരിട്ട് മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍, ഇന്ന് നിയമപരമായ പരാതി നല്‍കിയതോടെ രാഹുലിനെതിരേ കര്‍ശനമായ നിയമനടപടി അനിവാര്യമാണ്.

യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് അനിവാര്യമെങ്കില്‍ കോടതിയില്‍ എത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തും. മൊഴികളുടെ അടിസ്ഥാനത്തിലാകും രാഹുലിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. യുവതി പരാതി നല്‍കിയതോടെ പാലക്കാട്ടുണ്ടായിരുന്ന രാഹുല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ അവസാനിപ്പിച്ചു. എംഎല്‍എ ഓഫിസ് പൂട്ടിയ നിലയിലാണ്.

Advertisment